മുംബൈ: ബോളിവുഡ് ചിത്രം ഗംഗുബായ് കത്തിയാവാഡിക്കെതിരെയുള്ള മാനനഷ്ടക്കേസിൽ സഞ്ജയ് ലീല ബൻസാലി, ആലിയ ഭട്ട്, ഹുസൈൻ സൈദി എന്നിവർക്ക് കോടതി സമൻസ് അയച്ചു. ചിത്രത്തിന്‍റെ സംവിധായകൻ സഞ്ജയ് ലീല ബൻസാലി, നടി ആലിയ ഭട്ട്, എഴുത്തുകാരൻ ഹുസൈൻ സൈദി എന്നിവർക്കും നിർമാതാക്കൾക്കും മുംബൈയിലെ സിവിൽ കോടതി സമൻസ് അയച്ചു.
ചുവന്ന തെരുവെന്ന് അറിയപ്പെടുന്ന കാമാത്തിപുരയുടെ ദുഷ്‌കീർത്തി മായ്‌ക്കാൻ വർഷങ്ങളായി പരിശ്രമിക്കുകയാണെന്നും സിനിമ ജീവിച്ചിരിക്കുന്ന തലമുറക്കും ഭാവിതലമുറക്കും ദോഷകരമാണെന്നും ചൂണ്ടിക്കാട്ടി കാമാത്തിപ്പുര നിവാസികൾ പരാതി നൽകിയിരുന്നു. ചിത്രം ഗാംഗുബായിയുടെ പേരിന് കളങ്കമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് ഇവരുടെ ദത്തുപുത്രൻ ബാബുജി റാവ്ജി ഷായും പരാതി ഉന്നയിച്ചിട്ടുണ്ട്.
മെയ് 21ന് മുമ്പ് ചിത്രത്തിന്‍റെ സംവിധായകൻ സഞ്ജയ് ബൻസാലിയോടും ആലിയ ഭട്ടിനോടും ഹുസൈൻ സൈദിയോടും കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സിനിമയുടെ റിലീസ് തടയണമെന്നും ട്രെയിലറുകൾ പിൻവലിക്കണമെന്നും ബാബുജി റാവ്ജി ഷാ പരാതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് നിരസിച്ചു.
ജൂലൈ 30നാണ് ഗാംഗുബായ് കത്തിയവാടിയയുടെ റിലീസ്. ഹുസൈൻ സൈദിയുടെ 'മാഫിയ ക്വീൻസ് ഓഫ് മുംബൈ' എന്ന പുസ്തകത്തിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
കൂടുതൽ വായിക്കാൻ: കാമാത്തിപുരയെ അപകീർത്തിപ്പെടുത്തുന്നു; ഗംഗുഭായ് കത്തിയാവാഡി വിവാദത്തിൽ