എണ്‍പത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ത്യന്‍ സിനിമയിലെ വിഖ്യാത താരങ്ങളില്‍ ഒരാളായ ധര്‍മ്മേന്ദ്ര. നാനാ ഭാഗത്ത് നിന്നുമായി നിരവധിപേര്‍ താരത്തിന് ആശംസകള്‍ നേരുന്നുണ്ട്. മകന്‍ ബോബി ഡിയോള്‍ പിതാവിന് നേര്‍ന്ന പിറന്നാള്‍ ആശംസയാണ് ആരാധകരുടെ ഹൃദയം കവരുന്നത്. പിതാവിനൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ബോബി ഡിയോളിന്‍റെ പിറന്നാള്‍ ആശംസ.
പ്രിന്‍റഡ് ഡിസൈനിലുള്ള ഒരേ കളര്‍ ഷര്‍ട്ടും പാന്‍റുമാണ് അച്ഛനും മകനും അണിഞ്ഞിരിക്കുന്നത്. അച്ഛന്‍റെ മടിയില്‍ കയറി ഇരുന്ന് കവിളില്‍ ഉമ്മ നല്‍കുന്ന കുഞ്ഞ് ബോബി ഡിയോളിനെയാണ് ഫോട്ടോയില്‍ കാണാന്‍ സാധിക്കുക. 'ലവ് യു പപ്പാ... ഹാപ്പി ബെര്‍ത്ത് ഡേ' എന്നാണ് ഫോട്ടോയ്‌ക്കൊപ്പം ബോബി ഡിയോള്‍ കുറിച്ചത്. മകന്‍റെ പിറന്നാള്‍ ആശംസ ധര്‍മേന്ദ്ര ഫാന്‍സും ബോബി ഡിയോള്‍ ഫാന്‍സും ഏറ്റെടുത്ത് കഴിഞ്ഞു. ബോബി ഡിയോളിന്‍റെ പോസ്റ്റ് വഴി അഭിഷേക് ബച്ചന്‍ അടക്കമുള്ള നടന്മാരും ധര്‍മ്മേന്ദ്രയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പാണ് 2007ല്‍ പുറത്തിറങ്ങി വന്‍ വിജയമായ ബോളിവുഡ് സിനിമ അപ്നേക്ക് രണ്ടാം ഭാഗവുമായി ഡിയോള്‍ കുടുംബം മടങ്ങി വരുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. ധര്‍മേന്ദ്ര, സണ്ണി ഡിയോള്‍, ബോബി ഡിയോള്‍ എന്നിവര്‍ തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് രണ്ടാം ഭാഗം വരുന്ന സന്തോഷം പങ്കുവെച്ചത്. ഇവര്‍ക്കൊപ്പം ധര്‍മേന്ദ്രയുടെ കൊച്ചുമകന്‍ കരണ്‍ ഡിയോളും രണ്ടാംഭാഗത്തില്‍ അഭിനയിക്കും. വാര്‍ത്ത പുറത്തുവന്നതോടെ ഡിയോള്‍ കുടുംബത്തിലെ മൂന്ന് തലമുറയെ ഒരുമിച്ച് സ്ക്രീനില്‍ കാണാന്‍ സാധിക്കുമെന്ന സന്തോഷമാണ് ആരാധകര്‍ക്ക്.
- " class="align-text-top noRightClick twitterSection" data="
">
രണ്ടാം ഭാഗം അനില്‍ ശര്‍മയാണ് സംവിധാനം ചെയ്യുക. അടുത്തവര്‍ഷം മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങി ദീപാവലിക്ക് റിലീസിനെത്തിക്കാനാണ് തീരുമാനം. 'മൂന്ന് തലമുറയെ ഒന്നിച്ച് നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ സാധിക്കുമെന്ന സന്തോഷത്തിലാണ് ഞാന്‍. ഷൂട്ടിങ് തുടങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുന്നു....' ധര്‍മേന്ദ്ര സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ധര്‍മേന്ദ്രയും മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളുമായിരുന്നു ആദ്യഭാഗത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കിറോണ്‍ ഖേര്‍, ശില്‍പ ഷെട്ടി, കത്രീന കൈഫ് എന്നിവര്‍ ചിത്രത്തില്‍ നായികമാരായി.