സമാന്തര സിനിമകളിലും വാണിജ്യ ചലച്ചിത്രങ്ങളിലും പ്രമുഖ സാന്നിധ്യമായ നസീറുദ്ദീന്‍ ഷായുടെ എഴുപതാം ജന്മദിനമാണിന്ന്. ഹിന്ദിക്ക് പുറമെ ഉര്‍ദു ഭാഷാ ചിത്രങ്ങളിലും സജീവതാരമായ ഷാ പൊന്തന്‍മാടയിലെ ശീമ തമ്പുരാനിലൂടെ മലയാളത്തിനും സുപരിചിതനാണ്.
ഉത്തര്‍ പ്രദേശിലെ ബാരബാങ്കി ജില്ലയില്‍ 1950, ജൂലൈ 20നാണ് നസീറുദ്ദീന്‍ ഷാ ജനിച്ചത്. 1975ൽ പുറത്തിറങ്ങിയ ശ്യാം ബെനഗലിന്‍റെ നിഷാന്തിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ സിനിമയിലേക്കുള്ള രംഗപ്രവേശം. 1980ലെ ഹം പാഞ്ച് ചിത്രത്തിലൂടെ ബോളിവുഡിന്‍റെ മുഖ്യധാര ചലച്ചിത്രങ്ങളിൽ സജീവമായി.
ഗൗതം ഗോസ് സംവിധാനം ചെയ്‌ത പാർ ചിത്രത്തിലെ പ്രകടനത്തിന് വോൾപി കപ്പും മസൂം, ബസാർ, ആക്രോഷ്, ചക്ര, സ്പാർഷ്, എ വെനസ്‌ഡേ എന്നിവയിലൂടെ ഫിലിം ഫെയറും സ്വന്തമാക്കി. സ്‌പാർഷിലെ അന്ധൻ കഥാപാത്രത്തിന് 1979ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും നസീറുദ്ദീൻ ഷാക്കായിരുന്നു. പല നായകന്മാര്‍ ഉള്ള സിനിമകളായ ഗുലാമി (1985), ത്രിദേവ് (1989), വിശ്വാത്മ (1992) ചിത്രങ്ങളിൽ അദ്ദേഹം ഭാഗമായി. മൊഹ്‌റ, ചാഹത്, സർഫരോഷ്, ക്രിഷ് സിനിമകളിലെ പ്രതിനായകൻ പ്രേക്ഷകരെ വിസ്‌മയിപ്പിച്ചെന്ന് മാത്രമല്ല, മികച്ച വില്ലനുള്ള ഫിലിം ഫെയറും ഈ ചിത്രങ്ങളിലൂടെ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1993ൽ പ്രദർശനത്തിനെത്തിയ പൊന്തൻമാട എന്ന മലയാള ചലച്ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അദ്ദേഹം അവതരിപ്പിച്ച കേന്ദ്രകഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊന്തൻമാട എന്ന അടിമയായി മമ്മൂട്ടിയെത്തിയപ്പോൾ, ഐറിഷ് റിപബ്ലിക് ആര്‍മിയെ പിന്തുണച്ചതിന് ഇംഗ്ലണ്ടിൽ നിന്നും ബ്രിട്ടീഷ് ഇന്ത്യയിലേക്ക് പുറംതള്ളപ്പെട്ട ശീമ തമ്പുരാനായി ഷാ തകർത്തുവെന്ന് തന്നെ പറയാം. മലയാളത്തിലെ സൂപ്പർ ബ്ലോക്ബസ്റ്റർ ലൂസിഫറിന്‍റെ രണ്ടാം ഭാഗത്തിൽ നസീറുദ്ദീൻ ഷാ വരുന്നതിനെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കുന്നത്.
പ്രശസ്‌ത കവി ഗുൽസാർ നിർമിച്ച ടെലിവിഷൻ ഡ്രാമാ സീരീസുകളിലെ പ്രകടനം അഭിനയലോകത്ത് ഷായുടെ യശസ്സ് വർധിപ്പിച്ചു. ദി മറാത്ത കിംഗ് ശിവാജി പോലുള്ള സീരീസുകളും അദ്ദേഹത്തിന്‍റെ കലാപ്രതിഭ തെളിയിക്കുന്നതായിരുന്നു. നായകനായും സ്വഭാവനടനായും പ്രതിനായകനായും സിനിമാരംഗത്ത് അരങ്ങ് വാഴുമ്പോൾ തന്നെ താരം സംവിധായകന്‍റെ കുപ്പായവുമണിഞ്ഞു. 2006ല്‍ പ്രദർശനത്തിനെത്തിയ യൂ ഹോതാ തൊ ക്യാ ഹോത സിനിമയുടെ പിന്നിലെ ശിൽപി നസീറുദ്ദീന്‍ ഷായാണ്. ആദ്യ സംവിധാന സംരംഭത്തിൽ പരേശ് റാവല്‍, ഇര്‍ഫാന്‍ ഖാന്‍, അയിഷ ടാക്കിയ തുടങ്ങിയവരും ഷായുടെ മകൻ ഇമാദ് ഷായും വേഷമിട്ടിട്ടുണ്ട്.
ക്യാമറക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച ഷാ, നാടക കലാകാരനാണെന്നതും പ്രശസ്‌തമാണ്. നാടകരംഗത്തെ അഭിനയത്തിൽ പേരെടുത്ത താരം മോട്‌ലി പ്രൊഡക്ഷൻസ് എന്ന പേരിൽ തിയേറ്റര്‍ ഗ്രൂപ്പ് ആരംഭിച്ചു. ടോം ആൾട്ടർ, ബെഞ്ചമിൻ ഗിലാനി എന്നിവർക്കൊപ്പം ചേർന്ന് രൂപീകരിച്ച ഗ്രൂപ്പിലൂടെ ഡൽഹി, മുംബൈ, ബാംഗ്ലൂര്‍, ലാഹോര്‍ പോലുള്ള പ്രമുഖ ഇന്ത്യൻ നഗരങ്ങളിൽ നാടകം അവതരിപ്പിച്ചു. സാമുവൽ ബെക്കറ്റിന്‍റെ വെയിറ്റിങ് ഫോർ ഗോദോ, മഹാത്മ വേഴ്‌സസ് ഗാന്ധി, എ വാൾക്ക് ഇൻ ദി വൂഡ്‌സ് എല്ലാം ഷാ അവതരിപ്പിച്ച പ്രധാന നാടകങ്ങളാണ്.
ഇന്ത്യൻ സിനിമയ്‌ക്ക് അഭിമാനമായി പല അന്തർദേശീയ സിനിമകളിലും അഭിനയസമ്പന്നനായ നടൻ പ്രത്യക്ഷപ്പെട്ടു. 2001ല്‍ പുറത്തിറങ്ങിയ മണ്‍സൂണ്‍ വെഡ്ഡിങ്ങ്, 2003ലെ ദി ലീഗ് ഓഫ് എക്‌സ്‌ട്രാഓര്‍ഡിനറി ജെന്‍റില്‍മെന്‍, 2009ൽ റിലീസിനെത്തിയ ടുഡേയ്‌സ് സ്‌പെഷ്യൽ തുടങ്ങിയ വിദേശ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഇന്ത്യൻ സിനിമക്ക് നസീറുദ്ദീൻ ഷാ സമ്മാനിച്ച സമഗ്രസംഭാവനക്ക് രാജ്യം പത്മശ്രീയും പത്മഭൂഷണും നൽകിയാണ് താരത്തെ ആദരിച്ചിട്ടുള്ളത്.