മുംബൈ : ഷാറൂഖിന്‍റെ മകന്‍ ആര്യൻ ഖാനെ തള്ളുകയല്ല, ചേർത്തുപിടിക്കുകയാണ് വേണ്ടതെന്ന് ബോളിവുഡ്. ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ എൻസിബി കസ്റ്റഡിയിലായ ആര്യൻ ഖാന് ഐക്യദാർഢ്യവുമായി ബോളിവുഡ് സിനിമാലോകമെത്തി.
സംവിധായകൻ ഹൻസൽ മേത്ത, നടി പൂജ ഭട്ട്, സുചിത്ര കൃഷ്‌ണമൂർത്തി, സുനിൽ ഷെട്ടി ഉൾപ്പെടെയുള്ളവർ ഷാരൂഖ് ഖാന് പിന്തുണയുമായി എത്തി.
ആര്യൻ ഖാന്‍റെ അറസ്റ്റിൽ ഷാരൂഖ് ഖാനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സിനിമാപ്രമുഖരുടെ ഇടപെടൽ.
ആര്യൻ അറസ്റ്റിലായി മണിക്കൂറുകൾക്കുള്ളിൽ തന്നെ അടുത്ത സുഹൃത്തും ബോളിവുഡ് താരവുമായ സൽമാൻ ഖാൻ ഷാറൂഖിനെ അദ്ദേഹത്തിന്‍റെ വസതിയായ മന്നത്തില്‍ സന്ദര്‍ശിച്ചിരുന്നു. മറ്റ് സഹപ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ ഷാറൂഖ് ഖാന് പിന്തുണയുമായി എത്തി.
Also Read: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി ; ഒന്നുമറിയില്ലെന്ന് കോർഡെലിയ ക്രൂയിസ് ഉടമ
ഷാറൂഖിനെ പിന്തുണച്ച ഹൻസൽ മേത്ത കുട്ടി പ്രശ്നങ്ങളിൽ ചെന്ന് ചാടുമ്പോൾ അതിനെ രക്ഷിതാവിന് കൈകാര്യം ചെയ്യേണ്ടി വരുന്നത് വേദനാജനകമാണെന്നും നിയമം വിധി പ്രഖ്യാപിക്കുന്നതിന് മുൻപ് ആളുകൾ മുൻവിധിയോടെ പെരുമാറുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നും ട്വിറ്ററിൽ കുറിച്ചു.
1996ൽ പുറത്തിറങ്ങിയ ചാഹത്ത് എന്ന ചിത്രത്തിൽ ഷാറൂഖ് ഖാനൊപ്പം അഭിനയിച്ച നടി പൂജ ഭട്ട് താൻ ഷാറൂഖ് ഖാനൊപ്പം നിൽക്കുന്നുവെന്നും ഇതും കടന്നുപോകുമെന്നും ട്വിറ്ററിലൂടെ അറിയിച്ചു.
ഒരു രക്ഷിതാവിന് കുട്ടി അപകടത്തിലാകുന്നത് കാണുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ളതായി മറ്റൊന്നുമില്ലെന്നും ഷാറൂഖിന്‍റെ കുടുംബത്തിനായി പ്രാർഥിക്കുന്നുവെന്നും 'കഭി ഹാൻ കഭി നാ' ചിത്രത്തിൽ അദ്ദേഹത്തിന്‍റെ നായികയായി അഭിനയിച്ച സുചിത്ര കൃഷ്‌ണമൂർത്തി ആര്യന്‍റെ അറസ്റ്റിന് മണിക്കൂറുകൾക്ക് മുൻപ് പറഞ്ഞു.