ബോളിവുഡിലെ പ്രശസ്തനായ സംവിധായകനും, നടനും, ഒപ്പം 10 മണിക്കൂർ കാമറയും സഞ്ചരിക്കുന്നു. അനുരാഗ് കശ്യപാണ് സംവിധായകൻ, നടനാവട്ടെ ബോളിവുഡിന്‍റെ സ്വന്തം അനിൽ കപൂർ. അനിൽ കപൂറായും അനുരാഗ് കശ്യപായും തന്നെ ഇരുവരും എത്തുമ്പോൾ യഥാർഥ അനുഭവത്തിലേക്കാണോ ഫാന്‍റസിയിലേക്കാണോ കാമറ ചലിക്കുന്നതെന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്.
അനിൽ കപൂറും അനുരാഗും മോശം പദപ്രയോഗത്തിലൂടെയും പരിഹസിച്ചും പരസ്‌പരം പോർ വിളിക്കുന്ന ദൃശ്യം കുറച്ച് നാളുകൾക്ക് മുമ്പ് വലിയ ചർച്ചയായിരുന്നു. എന്നാൽ, അത് പുതിയൊരു ചിത്രത്തിന്‍റെ രംഗത്തിൽ നിന്നുള്ളതാണെന്നത് പ്രേക്ഷകരെ കൂടുതൽ ആകാംക്ഷയിലുമാക്കുന്നു. നടന്‍റെ വേഷത്തിൽ അനിൽ കപൂറും സംവിധായകന്‍റെ വേഷത്തിൽ അനുരാഗ് കശ്യപും അഭിനയിക്കുന്ന, നെറ്റ്ഫ്ലിക്‌സിൽ റിലീസിനൊരുങ്ങുന്ന 'എകെ വേഴ്‌സസ് എകെ'യുടെ ട്രെയിലർ എത്തി.
- " class="align-text-top noRightClick twitterSection" data="">
വിക്രമാദിത്യ മോട്ട്‌വാനേയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിൽ കപൂറും അനുരാഗ് കശ്യപും തമ്മിൽ ഒരു ചാനൽ പരിപാടിക്കിടെ വാക്ക് തർക്കത്തിലാകുന്നതും തുടർന്ന് സംവിധായകൻ സോനം കപൂറിനെ തട്ടിക്കൊണ്ടു പോകുന്നതുമാണ് ട്രെയിലറിൽ അവതരിപ്പിച്ചിരിക്കുന്നത്. ശേഷം, അനിൽ കപൂർ മകളെ അന്വേഷിച്ചിറങ്ങുന്നതും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എകെ വേഴ്‌സസ് എകെ ഈ മാസം 24ന് നെറ്റ്ഫ്ലിക്‌സിൽ പ്രദർശനത്തിന് എത്തും.