മുംബൈ: ആമസോൺ പ്രൈം വീഡിയോ സിനിമാ നിർമാണ രംഗത്തേക്ക്. ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന്‍റെ 'രാം സേതു' എന്ന ചിത്രത്തിന്‍റെ നിർമാണത്തിൽ ആമസോൺ പ്രൈം വീഡിയോയും സഹനിർമാതാവാകും. അഭിഷേക് ശർമ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിർമാണപ്രവർത്തനങ്ങൾക്കായി അക്ഷയ്‌യും അണിയറപ്രവർത്തകരും അയോധ്യയിലേക്ക് തിരിക്കുമെന്നും നാളെ രാം സേതുവിന്‍റെ മുഹൂർത്ത ഷോട്ടുകൾ അയോധ്യയിൽ തുടങ്ങുമെന്നും നേരത്തെ നിർമാതാക്കൾ അറിയിച്ചിരുന്നു.
ആക്ഷനും സാഹസികതയും കോർത്തിണക്കി ഒരുക്കുന്ന ഹിന്ദി ചിത്രം ഇന്ത്യയിലെ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയും അബുണ്ടാന്‍റിയ എന്‍റെർടെയ്‌ൻമെന്‍റ്, ലൈക പ്രൊഡക്ഷൻസ്, കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവരും ചേർന്നാണ് നിർമിക്കുന്നത്. ജാക്വലിൻ ഫെർണാണ്ടസ് നായികയാകുന്ന ബോളിവുഡ് ചിത്രത്തിൽ അക്ഷയ് കുമാറിന്‍റെ വേഷം ഒരു ഗവേഷകന്‍റേതാണ്.
"നമ്മുടെ മഹത്തായ രാജ്യത്തിന്‍റെ ധാർമികതയും സാമൂഹിക രൂപവൽക്കരണവും പ്രതിനിധീകരിക്കുന്ന രാം സേതു ശക്തി, ധൈര്യം, സ്നേഹം പോലുള്ള ഇന്ത്യൻ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന ചിത്രമാണെന്നാണ് അക്ഷയ് കുമാർ പറയുന്നത്. ഇന്ത്യൻ സംസ്കാരത്തെ അടയാളപ്പെടുത്തുന്ന ചിത്രത്തിനായി ഒന്നിച്ചുപ്രവർത്തിക്കുന്നതിലെ സന്തോഷം ആമസോൺ പ്രൈം വീഡിയോയുടെ ഡയറക്‌ടർ വിജയ് സുബ്രഹ്മണ്യവും മാധ്യമങ്ങളോട് പങ്കുവെച്ചു.