വേറിട്ട കഥാപാത്രങ്ങൾക്കുള്ള ആലിയയുടെ പരീക്ഷണങ്ങൾ അവസാനിക്കുന്നില്ല. സഞ്ജയ് ലീലാ ഭന്‍സാലിക്കൊപ്പം ആദ്യമായി ഒരു ചിത്രത്തിന് കൈകോർക്കുമ്പോഴും ആലിയ ഭട്ടിന്‍റെ വ്യത്യസ്‌തതയാർന്ന കഥാപാത്രത്തിന്‍റെ സൂചനയാണ് നൽകുന്നത്. 'ഗംഗുഭായി കത്തിയാവാഡി' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ആലിയയുടെ രണ്ടു വ്യത്യസ്‌ത ഗെറ്റപ്പിലുള്ള ചിത്രങ്ങളാണ് പുതിയ പോസ്റ്ററുകളിൽ ഉള്ളത്. മുടികള്‍ പിന്നി റിബ്ബൺ കൊണ്ട് കെട്ടിയ പെൺകുട്ടിയായും വലിയ സിന്ദൂരപ്പൊട്ട് തൊട്ട പക്വതയുള്ള സ്‌ത്രീയായും ആലിയയെ ചിത്രീകരിച്ചിരിക്കുന്നു. ആദ്യത്തേതിൽ മേശക്കരികിൽ ഒരു തോക്കും രണ്ടാമത്തെ ബ്ലാക്ക് ആന്‍റ് വൈറ്റ് പോസ്റ്ററിൽ പൂർണമായും ഒരു കത്തിയാവാഡി പെൺകുട്ടിയുമായാണ് താരം പ്രത്യക്ഷപ്പെടുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സെപ്‌തംബര്‍ പതിനൊന്നിന് പ്രദർശനത്തിനെത്തും.