ചരിത്രവും പ്രണയവും ഒരു മനോഹരകാവ്യമായി പകർത്തിവക്കുകയായിരുന്നു ജോധയുടെയും അക്‌ബറിന്‍റെയും പ്രണയത്തിലൂടെ അശുതോഷ് ഗൗരിക്കർ. ബോളിവുഡിലെ നിത്യഹരിത പ്രണയചിത്രത്തിന്‍റെ 13-ാം വയസിൽ തന്‍റെ അനുഭവം പങ്കുവെക്കുകയാണ് അക്‌ബർ ചക്രവർത്തിയെ തിരശ്ശീലയിൽ അനശ്വരനാക്കിയ നടൻ ഹൃത്വിക് റോഷൻ.
- " class="align-text-top noRightClick twitterSection" data="
">
തന്‍റെ കരിയറിന്‍റെ തുടക്കത്തിൽ ലഭിച്ച ഇത്രയും വലിയൊരു ചിത്രം, ഒരു നടനെന്ന നിലയിൽ മാറ്റത്തിനുള്ള അവസരമായിരുന്നുവെന്ന് ഹൃത്വിക് റോഷൻ പറയുന്നു. ജോധാ അക്ബർ വളരെ പ്രയാസമുള്ളൊരു സിനിമയായിരുന്നെന്നും എന്നാൽ സംവിധായകന് തന്നിലുള്ള വിശ്വാസവും അദ്ദേഹത്തിന്‍റെ പ്രേരണയുമാണ് അക്‌ബറിനായി തന്നെ പ്രാപ്‌തനാക്കിയതെന്നും താരം ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.
"ഈ സിനിമ ശരിക്കും പ്രയാസമുള്ളതായിരുന്നു. അശുതോഷ് ഗൗരിക്കർ ഈ ചിത്രം എനിക്ക് വാഗ്ദാനം ചെയ്തപ്പോൾ ആദ്യം ഭയമായിരുന്നു. എന്നെപ്പോലെയുള്ള ഒരാൾ പതിനായിരം സൈനികരോട് കൽപിക്കുന്നത് എങ്ങനെ അദ്ദേഹം കാണുമെന്ന് അറിയില്ലായിരുന്നു. എന്നാൽ ഒരു സംവിധായകൻ ചെയ്യുന്നത് അതാണ്. നിങ്ങൾക്ക് കഴിയാത്തതിന് അയാൾ പ്രാപ്തമാക്കുന്നു. അതാണ് ഞാൻ ആ സിനിമ ചെയ്യാൻ കാരണമായത്. തിരക്കഥയേക്കാളും പ്രമേയത്തേക്കാളുമുപരിയായി ഈ അസാധ്യത എന്നെ എങ്ങനെ മാറ്റുമെന്നും ശക്തനാക്കുമെന്നും ഞാൻ ചിന്തിച്ചു. ശക്തമായ കാര്യങ്ങൾ ചെയ്യുന്നതിന് തുടക്കത്തിൽ ശക്തരാകേണ്ടതില്ല എന്ന് മനസിലാക്കി. തെരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ കഴിവിനപ്പുറമുള്ളത് തെരഞ്ഞെടുക്കുക. അതിൽ നിന്നുള്ള അനുഭവം ബാക്കിയുള്ളത് ചെയ്യുമെന്ന് വിശ്വസിക്കുക. വെല്ലുവിളി അങ്ങനെ നിങ്ങളെ ശക്തനാക്കുന്നു. അതൊരു അത്ഭുതമാണ്," ഹൃത്വിക് റോഷൻ കുറിച്ചു.
2008ൽ പുറത്തിറങ്ങിയ ജോധാ അക്‌ബർ എന്ന ഇതിഹാസ ചിത്രത്തിൽ ഹൃത്വിക് റോഷനൊപ്പം ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് ഐശ്വര്യ റായ് ആണ്. രാജ്യതാൽപര്യങ്ങൾ അനുസരിച്ച് ജോധാ എന്ന രാജകുമാരി മുഗൾ ചക്രവർത്തി അക്‌ബറിനെ വിവാഹം ചെയ്യുന്നതും ഇരുവരും തമ്മിലുള്ള പ്രണയവുമാണ് ചിത്രം വിവരിച്ചത്. രണ്ട് ദേശീയ അവാർഡ് ഉൾപ്പെടെ ഒട്ടനവധി അംഗീകാരങ്ങൾ നേടിയ ഹിന്ദി ചിത്രത്തിലെ റഹ്‌മാൻ സംഗീതവും അതിമനോഹരമായ ഫ്രെയിമുകളുമെല്ലാം വലിയ പ്രശംസ പിടിച്ചുപറ്റി.