സമാനമായ താല്‍പ്പര്യങ്ങളുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളെ ഒരുമിപ്പിക്കാന്‍ സാധിക്കുന്ന 'കമ്മ്യൂണിറ്റി' എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. ആദ്യഘട്ടത്തില്‍ ഈ സൗകര്യം ലഭ്യമാക്കുക തെരഞ്ഞെടുക്കപ്പെട്ട ഏതാനും ചെറിയ ഗ്രൂപ്പുകള്‍ക്കായിരിക്കും. സമാന സ്വഭാവമുള്ള സ്ഥാപനങ്ങള്‍ക്ക് അവരുമായി ബന്ധപ്പെട്ട പൊതു പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനാണ് കമ്മ്യൂണിറ്റീസ് എന്ന ഫീച്ചര്‍ അവതരിപ്പിക്കുന്നത്.
സമാനമായ സ്വഭാവമുള്ള ഗ്രൂപ്പുകളെ ചേര്‍ത്തുകൊണ്ട് വാട്‌സ്ആപ്പ് ഉപയോക്‌താക്കള്‍ക്ക് ഒരു 'കമ്മ്യൂണിറ്റി' ഉണ്ടാക്കാം. അങ്ങനെ കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെട്ട ഗ്രൂപ്പുകളുടെ അഡ്‌മിന്‍മാര്‍ക്ക് ആ കമ്മ്യൂണിറ്റിയില്‍പ്പെട്ട എല്ലാ ഗ്രൂപ്പുകളിലേക്കും ഒരേ സമയം സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കും. അങ്ങനെ ഒരോ ഗ്രൂപ്പിന്‍റേയും ഉള്ളില്‍ നടക്കുന്ന സംവാദങ്ങള്‍ തുടരുന്നതോടൊപ്പം ഗ്രൂപ്പുകള്‍ക്ക് മൊത്തമായി താത്പര്യമുള്ള വിഷയങ്ങള്‍ അറിയാനും സാധിക്കുന്നു. കമ്മ്യൂണിറ്റീസിലെ സന്ദേശങ്ങളും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ചെയ്‌തതാണ് (മൂന്നാമതൊരാള്‍ക്ക് സ്വീകരിക്കാന്‍ പറ്റാത്ത സന്ദേശമയക്കല്‍ സംവിധാനം).
എന്നാല്‍ സമാനമായ മറ്റ് ആപ്പുകളില്‍ ഉള്ളതുപോലെ പുതിയ കമ്മ്യൂണിറ്റികളെ സെര്‍ച്ച് ചെയ്യാനുള്ള ഓപ്‌ഷന്‍ അവതരിപ്പിക്കില്ലെന്ന് വാട്‌സ്‌ആപ്പ് അറിയിച്ചു. അനധികൃതമായതും, വിദ്വേഷം നിറഞ്ഞതും, ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നതുമായ പ്രവര്‍ത്തനങ്ങള്‍ കമ്മ്യൂണിറ്റിക്കുള്ളില്‍ നടക്കുന്നുണ്ടെങ്കില്‍ ആ കമ്മ്യൂണിറ്റിയെ നീക്കം ചെയ്യുമെന്നും വാട്‌സ്ആപ്പ് അറിയിച്ചു.
മെസേജുകള്‍ ഒരേസമയം ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുന്ന ഗ്രൂപ്പുകളുടെ എണ്ണം ഒന്നാക്കി കുറയ്‌ക്കുമെന്നും വാട്‌സ്ആപ്പ് അറിയിച്ചു. നിലവില്‍ മെസേജ് അഞ്ച് ഗ്രൂപ്പുകളില്‍ ഒരേസമയം ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കും. ലൈംഗിക അതിപ്രസരമുള്ള സന്ദേശങ്ങള്‍ സ്‌പാം എന്നിവ വേഗത്തില്‍ പടരാതിരിക്കാനാണ് ഈ നിയന്ത്രണമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.
ALSO READ: വാട്‌സ്ആപ്പ് പേമെന്‍റ് കൂടുതല്‍ പേരിലേക്ക്; 10 കോടി ഉപഭോക്താക്കള്‍ക്ക് കൂടി അനുമതി