കോട്ടയം: വൈക്കത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവര്‍ത്തനസജ്ജമായി. കേരള സര്‍ക്കാരിന്‍റെ നൂറ് ദിന കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തി വൈക്കം ഗവൺമെന്‍റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് കാലാവസ്ഥ നിരീക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് പദ്ധതി പ്രാവര്‍ത്തികമായ 258 സ്‌കൂളുകളില്‍ 12 എണ്ണം കോട്ടയം ജില്ലയിലാണുള്ളത്.
വെതര്‍ സ്റ്റേഷനിലെ വിവിധ ഇലക്‌ട്രോണിക് മാപിനികളുടെ സഹായത്തോടെ കാറ്റിന്‍റെ ശക്തി, അന്തരീക്ഷ ഊഷ്‌മാവ്, ആര്‍ദ്രത എന്നിവ നിര്‍ണയിച്ച് കാലാവസ്ഥ മാറ്റങ്ങള്‍ അറിയിക്കും. പരിശീലനം ലഭിച്ച അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കുക. പ്രദേശിക ചാനലുകള്‍, സമൂഹമാധ്യമങ്ങള്‍ എന്നിവയിലൂടെയാകും വിവരം കൈമാറുക.
വൈക്കം ഗവൺമെന്‍റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സജ്ജമാക്കിയ വെതര്‍ സ്റ്റേഷന്‍റെ ഉദ്‌ഘാടനം സികെ ആശ എംഎല്‍എയാണ് നിര്‍വഹിച്ചത്. വൈക്കം നഗരസഭ ചെയർപേഴ്‌സൺ രാധിക ശ്യാം, സ്‌കൂൾ പ്രിൻസിപ്പൽ കെ.ശശികല, സ്‌കൂള്‍ വിദ്യാർഥിനികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.