ന്യൂഡല്‍ഹി : ട്വിറ്ററിന്‍റെ ചുവടുപിടിച്ച് തങ്ങള്‍ അക്കൗണ്ടുകളുടെ വെരിഫിക്കേഷനായി ചാര്‍ജ് ഈടാക്കില്ലെന്ന് അതിന്‍റെ ഇന്ത്യന്‍ പതിപ്പായ കൂവിന്‍റെ സിഇഒ അപ്രമേയ രാധാകൃഷ്‌ണ. ട്വിറ്ററിനെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്. ആദ്യം ബോട്ടുകളെ(bots) പ്രോത്സാഹിപ്പിക്കുകയും പിന്നീട് അക്കൗണ്ട് വെരിഫിക്കേഷനായി പണം ഈടാക്കുകയുമാണ് ട്വിറ്റര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ച് കോടി കടന്നിരിക്കുകയാണ് കൂവിന്‍റെ ഡൗണ്‍ലോഡ്. ഇന്ത്യന്‍ ഭാഷകളില്‍ ഉപയോക്താക്കള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ കൂ അനുവദിക്കുന്നുണ്ട്. വെരിഫൈഡ് അക്കൗണ്ടുകള്‍ ഉള്ളവരോട് തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് വരൂ എന്നും യാതൊരു ചാര്‍ജും ഈടാക്കുന്നില്ലെന്നുമാണ് കൂ പറയുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ വലിയ മാറ്റങ്ങളാണ് അതില്‍ നടക്കുന്നത്. പകുതിയോളം ജീവനക്കാരെ പിരിച്ചുവിടാനും വെരിഫൈഡ് അക്കൗണ്ടാണെന്ന് കാണിക്കാനായുള്ള ബ്ലൂ ടിക്കിന് മാസം എട്ട് അമേരിക്കന്‍ ഡോളര്‍ ഈടാക്കാനും തീരുമാനിച്ചിരിക്കുകയാണ്.
അതേസമയം ആധാര്‍ അടിസ്ഥാനപ്പെടുത്തിയുള്ള സ്വയം സാക്ഷ്യപ്പെടുത്തലാണ് കൂവില്‍ നടക്കുന്നത്. കൂടാതെ പ്രശസ്‌തരായ വ്യക്തികള്‍ക്ക് പണം ഈടാക്കാതെ മഞ്ഞ വെരിഫിക്കേഷന്‍ ടാഗും കൂ നല്‍കുന്നു. ബോട്ട് അക്കൗണ്ടുകള്‍ വ്യാജ വാര്‍ത്തകള്‍ ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്ന് അപ്രമേയ രാധാകൃഷ്‌ണ ആരോപിച്ചു.
ആദ്യം ഒരു നവീന ആശയം എന്ന നിലയില്‍ ബോട്ടുകളെ ട്വിറ്റര്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവയെ നിയന്ത്രിക്കാന്‍ ട്വിറ്റര്‍ പാടുപെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ബോട്ടുകളെ പൂര്‍ണമായി തുടച്ചുനീക്കുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടു. ഒരാളുടെ ഐഡന്‍റിറ്റി ആ വ്യക്തിയുടെ മനുഷ്യാവകാശമാണ്. അതുകൊണ്ടുതന്നെ വെരിഫിക്കേഷനായി പണം ഈടാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കൂ സിഇഒ ആരോപിച്ചു.