വാഷിങ്‌ടണ്‍: സൗദി അറേബ്യയ്‌ക്ക് വേണ്ടി ചാരവൃത്തി നടത്തിയ മുന്‍ ട്വിറ്റര്‍ ജീവനക്കാരന്‍ പിടിയില്‍. യുഎസ് സര്‍ക്കാരിന്‍റെ സ്വകാര്യ വിവരങ്ങളടങ്ങിയ ഫോണ്‍ നമ്പരും ഇമെയില്‍ ഐഡിയും ചോര്‍ത്തി നല്‍കിയ കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. അഹമ്മദ് അബൂഅമ്മോ എന്ന നാല്‍പത്തിനാലുകാരനാണ് പിടിയിലായത്.
വിവരങ്ങള്‍ കൈമാറിയാല്‍ ആഡംബര വാച്ചും, ആയിരക്കണക്കിന് ഡോളറുമായിരുന്നു ഇയാള്‍ക്ക് സൗദി വാഗ്‌ദാനം ചെയ്‌ത പ്രതിഫലമെന്ന് വാള്‍ സ്‌ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്‌തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍, കൃത്രിമ രേഖ തയ്യാറാക്കല്‍ തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ഉണ്ടെന്ന് കോടതി കണ്ടെത്തി.
2013 മുതല്‍ 2015 കാലയളവില്‍ ട്വിറ്റര്‍ ജീവനക്കാരനായിരുന്നു പ്രതി. ഈ കാലയളവില്‍ മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും പല ഉന്നതരുടെയും പ്രൊഫൈല്‍ ഇയാള്‍ കൈകാര്യം ചെയ്‌തിരുന്നു. സൗദി അറേബ്യയെ വിമര്‍ശിച്ചവരുടെ അക്കൗണ്ടുകളും 'മുജ്‌താഹിദ്' എന്ന അജ്ഞാത അക്കൗണ്ടും ഇയാള്‍ കൈകാര്യം ചെയ്‌തിരുന്നുവെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.
സൗദി സര്‍ക്കാരിനായി വിവരം ചോര്‍ത്തി നല്‍കാന്‍ അബൂഅമ്മോയെ റിക്രൂട്ട് ചെയ്‌തത് യുഎസിലും ലെബനീസിലും ഇരട്ട പൗരത്വമുള്ള ബാദർ ബിനാസാക്കർ എന്ന വ്യക്തിയാണെന്ന് യുഎസ് സര്‍ക്കാര്‍ പറഞ്ഞു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ സഹായിരുന്നു ഇയാള്‍. അബൂഅമ്മോ 2014ല്‍ ബാദർ ബിനാസാക്കറെ കണ്ടുമുട്ടിയ ശേഷമാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ തുടങ്ങിയത്.
ട്വിറ്ററില്‍ എത്തുന്നതിന് മുമ്പ് ആമസോണ്‍ കമ്പനിയില്‍ മൂന്ന് വര്‍ഷം അബൂഅമ്മോ ജോലി ചെയ്‌തിരുന്നു. അബൂഅമ്മോ തന്‍റെ സഹപ്രവർത്തകരിൽ ഒരാളായ അലി അൽസബാറയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ ഉള്‍പ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. രഹസ്യം ചോര്‍ത്തി നല്‍കിയവര്‍ക്കെതിരെ ശക്തമായി നിയമനടപടി സ്വീകരിക്കുമെന്നും യുഎസ് സര്‍ക്കാര്‍ അറിയിച്ചു.