ദുബായ്: ഈ വർഷം അവസാനത്തോടെ ട്വിറ്ററിന് സി.ഇ.ഒയെ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇലോൺ മസ്‌കിന്‍റെ വെളിപ്പെടുത്തൽ. ട്വിറ്റർ കൃത്യമായി പ്രവർത്തിക്കണം എന്നതാണ് അടിസ്ഥാനപരമായി പ്രധാനപ്പെട്ട കാര്യമെന്നും മസ്‌ക് പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ദുബായിൽ നടന്ന ലോക ഗവൺമെന്‍റ് ഉച്ചകോടിയിൽ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മസ്‌ക്.
'ട്വിറ്റർ ഇപ്പോഴും ശ്രദ്ധ ആവശ്യമായ ഒരു സ്റ്റാർട്ടപ്പാണ്. എനിക്ക് സ്ഥാപനത്തിന്‍റെ ഗ്രാഫ് സ്ഥിരപ്പെടുത്തണം. സാമ്പത്തികമായി പ്രതിസന്ധികളില്ലാത്ത, സുരക്ഷിതമായ അവസ്ഥ ഉറപ്പാക്കണമെന്നും ഒപ്പം സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിന്‍റെ എഞ്ചിൻ നിർമിക്കേണ്ടതുണ്ട്. ഈ വർഷാവസാനം കമ്പനി നടത്തിപ്പിനായി മറ്റൊരാളെ കണ്ടെത്താനുള്ള നല്ല സമയമായിരിക്കും', ഇലോൺ മസ്‌ക് പറഞ്ഞു.
ടെസ്‌ലയിലും സ്‌പേസ് എക്‌സിലും തന്‍റെ കടമകൾ നിറവേറ്റുന്നതിനിടയിൽ ട്വിറ്ററിനെ പാപ്പരത്തത്തിൽ നിന്ന് രക്ഷിക്കേണ്ടിവന്നതിനാൽ കഴിഞ്ഞ മൂന്ന് മാസങ്ങൾ അങ്ങേയറ്റം കഠിനമായിരുന്നു എന്നും മൈക്രോബ്ലോഗിംഗ് സൈറ്റിന് വെല്ലുവിളികൾ തുടരുകയാണെന്നും മസ്‌ക് തന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പറഞ്ഞിരുന്നു.
ട്വിറ്ററിന്‍റെ പകുതിയോളം ജീവനക്കാരെ കുറച്ചതും, നവീകരിച്ച മൈക്രോബ്ലോഗിംഗ് സൈറ്റ് ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സേവനം അവതരിപ്പിച്ചതും, കമ്പനിയുടെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനത്ത് നിന്ന് ഓഫിസ് ഇനങ്ങൾ ലേലത്തിനായി വച്ചതും ഇതിനോടകം വാർത്തയായിരുന്നു. നവംബറിലെ ട്വിറ്റർ പിരിച്ചുവിടലുകളെ അദ്ദേഹം ന്യായീകരിച്ചതായും, കമ്പനിക്ക് പ്രതിദിനം നാല് മില്യൺ യു.എസ് ഡോളർ നഷ്‌ടപ്പെടുന്നത് ഇതിനാൽ ഒഴിവായെന്നും ഇലോൺ മസ്‌ക് പറഞ്ഞതായി ഫോക്‌സ് ബിസിനസ് റിപ്പോർട്ട് ചെയ്‌തിരുന്നു. അടുത്തിടെ, ട്വിറ്റർ അതിന്‍റെ എ.പി.ഐ ആക്‌സസ് ചെയ്യുന്നതിന് ഫീസ് ഈടാക്കാൻ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു.