വാഷിങ്‌ടണ്‍: പ്‌ളാസ്‌റ്റിക്കുകളെ തരംതിരിക്കാന്‍ ക്യാമറ ടെക്‌നോളജിയോ? സംഗതി അതിശയോക്‌തിയല്ല, സത്യമാണ്. ഡെന്മാര്‍ക്ക് ആസ്ഥാനമായുള്ള ആർഹസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ ഒരു സംഘമാണ് ഇതിനുപിന്നില്‍.
12 വ്യത്യസ്‌ത തരം പ്ലാസ്റ്റിക്കുകൾ തമ്മിലുള്ള വ്യത്യാസം കാണാൻ കഴിയുന്ന ക്യാമറ സാങ്കേതികവിദ്യയാണ് ബയോളജിക്കൽ ആൻഡ് കെമിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. വൈബ്രേഷനൽ സ്പെക്ട്രോസ്കോപ്പി ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ന് സാധ്യമായതിനേക്കാൾ ശുദ്ധമായ രാസഘടനയെ അടിസ്ഥാനമാക്കി പ്ലാസ്റ്റിക്കുകളെ വേർതിരിക്കാന്‍ സാങ്കേതികവിദ്യ വഴിതുറക്കും.
ഇത് പ്ലാസ്റ്റിക്കുകൾ പുനഃരുപയോഗിക്കുന്നതിനുള്ള പുതിയ അവസരങ്ങളാണ് തുറക്കുന്നത്. 2022 വസന്തകാലത്ത് പ്‌ളാസ്റ്റിക്‌സ്, ഡാന്‍സ്‌ക് അഫാല്‍ഡ്‌സ്‌മിനിമെറിങ് ആപ്‌സ് എന്നീ കമ്പനികള്‍ ഇത് നടപ്പിലാക്കാന്‍ പദ്ധതിയിടുന്നുവെന്ന് ജേര്‍ണലിലെ ലേഖനം പറയുന്നു. ഹൈപ്പർ - സ്പെക്ട്രൽ ക്യാമറ സാങ്കേതികവിദ്യ ഉപയോഗിച്ച്, എല്ലാത്തരം പ്ലാസ്റ്റിക്കുകളും തമ്മിലുള്ള വ്യത്യാസം കാണാൻ കഴിയുമെന്നാണ് ഗവേശകരുടെ അവകാശവാദം.
ALSO READ: നക്ഷത്രങ്ങൾക്കിടയിൽ ചിറകുവിടർത്തി ആകാശദർശിനി ; നിര്‍ണായക നാഴികക്കല്ല് പിന്നിട്ട് വെബ്ബ് ടെലിസ്കോപ്
ഒരേ കെമിക്കൽ ബിൽഡിങ് ബ്ലോക്കുകൾ ഉൾക്കൊള്ളുന്ന പ്ലാസ്റ്റിക്കുകൾ തമ്മിലുള്ള വ്യത്യാസം പോലും കാണാം. ഇൻഫ്രാറെഡ് ഹൈപ്പർസ്പെക്ട്രൽ ക്യാമറ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. കൺവെയർ ബെൽറ്റിൽവച്ച് തന്നെ പ്ലാസ്റ്റിക്കുകള്‍ തരംതിരിക്കാന്‍ കഴിയും.
എല്ലാ പ്ലാസ്റ്റിക്കുകളും വേർതിരിക്കാന്‍ കഴിയുന്നത് വലിയ സ്വാധീനം ചെലുത്തുന്നതിനും മുന്നേറ്റം സൃഷ്‌ടിക്കുന്നതിനും ഇടയാക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ അസോസിയേറ്റ് പ്രൊഫസർ മോഗൻസ് ഹിംഗെ പറഞ്ഞു. ബയോളജിക്കൽ ആൻഡ് കെമിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിലെ ഗവേഷകരോടൊപ്പം ബി.എസ്.സി, എം.എസ്.സി എഞ്ചിനീയറിങ് വിദ്യാർഥികളും ഗവേഷണത്തില്‍ ഭാഗമായിട്ടുണ്ട്.