ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവരുടെ എണ്ണം രാജ്യത്ത് കൂടിവരികയാണ്. ക്രെഡിറ്റ് കാർഡുകൾ ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും നൽകി ഉപഭോക്താക്കളെ ആകർഷിക്കാറും ഉണ്ട്. ക്രെഡിറ്റ് കാർഡുകൾക്ക് 5 മുതൽ 10% വരെ അധിക കിഴിവ് ലഭിക്കുമെന്നതിലും സംശയമില്ല. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ പരമാവധി ആനുകൂല്യങ്ങൾ നേടാനായി നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
അതിന് ആദ്യം കാർഡ് എന്താണെന്ന് അറിയണം: നിങ്ങളുടെ കാർഡിലെ ക്രെഡിറ്റ് പരിധി എന്താണ്? നിങ്ങൾ അതിൽ നിന്ന് എത്രമാത്രം ഉപയോഗിച്ചു? ബില്ല് കുടിശ്ശിക എത്രയാണ്? ഇത്തരം കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കുക. പുതിയതായി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എന്തെങ്കിലും വാങ്ങുന്നതിന് മുൻപ് റിവാർഡ് പോയിന്‍റുകളും ബില്ലിങ് അവസാന തീയതിയും പരിശോധിക്കുക. അപ്പോൾ മാത്രമേ ഏത് കാർഡാണ് ഉപയോഗിക്കേണ്ടതെന്നും തുക എങ്ങനെ ചെലവഴിക്കണമെന്നും കൃത്യമായി അറിയാൻ കഴിയൂ.
ആദ്യമേ വാങ്ങിയാൽ സമയം കിട്ടും: ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പർച്ചേസുകൾ ക്രെഡിറ്റ് സൈക്കിൾ ആരംഭിക്കുമ്പോൾ തന്നെ നടത്താൻ ശ്രമിക്കുക. ഇതുവഴി ഔട്ട്സ്റ്റാൻഡിങ് ബാലൻസ് 30 മുതൽ 40 ദിവസം വരെ നിങ്ങൾക്ക് ലഭിക്കും.
ഉത്സവ സീസൺ കിഴിവ് സീസൺ: ചില ബ്രാൻഡുകൾ ക്രെഡിറ്റ് കാർഡ് കമ്പനികളുമായി ബന്ധം സ്ഥാപിക്കുകയും സാധാരണ കിഴിവുകൾക്കപ്പുറം പ്രത്യേക കിഴിവുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇത് കൂടുതലും ഉത്സവകാലത്താണ് ലഭിക്കുക. രണ്ടോ മൂന്നോ കാർഡുകൾ ഉള്ളവർക്ക് ഏത് കാർഡാണ് കൂടുതൽ കിഴിവ് നൽകുന്നതെന്ന് അറിഞ്ഞിരിക്കണം, അതിലൂടെ കുറച്ച് പണം ലാഭിക്കാം.
അറിയില്ലെങ്കിൽ വിളിച്ച് അന്വേഷിക്കണം: റിവാർഡ് പോയിന്‍റുകൾ: ക്രെഡിറ്റ് കാർഡുകൾ നൽകുന്ന റിവാർഡ് പോയിന്‍റുകൾ ട്രാക്ക് ചെയ്യുക. പർച്ചേസുകൾ നടത്തുമ്പോൾ അവ ഉപയോഗിക്കാനുള്ള അവസരം ഒഴിവാക്കരുത്. ക്യാഷ് ബാക്ക് ലഭിക്കുമോ എന്ന് പരിശോധിക്കുക. നിങ്ങൾക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിയില്ലെങ്കിൽ, കാർഡ് ഉപഭോക്തൃ സേവന കേന്ദ്രത്തിൽ വിളിച്ച് എല്ലാ വിശദാംശങ്ങളും നേടുക. കൂടുതൽ റിവാർഡ് പോയിന്‍റുകൾ ലഭിക്കുന്ന ഒരു കാർഡ് ഉപയോഗിക്കുന്നതാണ് നല്ലത്.
നോ കോസ്റ്റ് ഇഎംഐകൾ: പല ക്രെഡിറ്റ് കാർഡുകളും നോ കോസ്റ്റ് ഇഎംഐകൾ വാഗദാനം ചെയ്യുന്നു. പലിശരഹിത ഇൻസ്റ്റാൾമെന്‍റുകളിലൂടെ പർച്ചേസ് നടത്താൻ ഇവ സഹായിക്കുന്നു. അത്തരം പലിശ രഹിത മെറിറ്റുകൾക്ക്, ചിലപ്പോൾ നിങ്ങൾ ചില കിഴിവുകൾ ഉപേക്ഷിക്കേണ്ടിവരും. അതേസമയം, ചില കാർഡുകൾ കിഴിവുകളും സൗജന്യ ഇഎംഐകളും ഒരുപോലെ വാഗ്‌ദാനം ചെയ്യുന്നു.
കൂടുതൽ ചെലവഴിക്കുന്നതും കുടിശ്ശിക സൂക്ഷിക്കുന്നതും ഹാനികരം: ഒരു സാഹചര്യത്തിലും നിങ്ങളുടെ കാർഡ് പരിധിയുടെ 30-40 ശതമാനത്തിൽ കൂടുതൽ ചെലവഴിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും കൃത്യസമയത്ത് ബില്ലുകൾ അടയ്ക്കുകയും ചെയ്യുക. കുടിശ്ശിക സൂക്ഷിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ തകർക്കും. ഉത്സവ സീസണിൽ ക്രെഡിറ്റ് കാർഡുകൾ വിവേകത്തോടെ ഉപയോഗിക്കാൻ കഴിഞ്ഞാൽ നിങ്ങൾക്ക് പ്രയോജനം ലഭിക്കും
Also read: ഓണ്‍ലൈന്‍ പര്‍ച്ചേസിങ് നടത്തൂ, ടോക്കണൈസേഷന്‍ ഇനി നിങ്ങളുടെ കാര്‍ഡുകള്‍ സംരക്ഷിക്കും