സിയോൾ (ദക്ഷിണ കൊറിയ): ഫോൾഡബിൾ ഫോണുകൾ വിപണിയിലെത്തിയിട്ട് നാളുകളായെങ്കിലും വേണ്ടത്ര ജനശ്രദ്ധ നേടിയിരുന്നില്ല. എന്നാൽ ഫോൾഡബിൾ ഫോണുകളുടെ കാലമാണ് ഇനി വരാൻ പോകുന്നത്. വരും വർഷങ്ങളിൽ മടക്കാവുന്ന ഫോണുകൾ വിപണിയിലെത്തിക്കുന്ന കാര്യത്തിലാണ് കൂടുതൽ പ്രാധാന്യം കൊടുക്കുക എന്ന് സാംസങ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഫോൾഡബിൾ ഫോണുകളുടെ കാര്യത്തിൽ മുന്നിലാണ് സാംസങ്. സാംസങിനോട് മത്സരിക്കാൻ ഗൂഗിൾ, മോട്ടോ, ഷവോമി, ഒപ്പോ തുടങ്ങി നിരവധി ബ്രാൻഡുകളും ഫോൾഡബിൾ ഫോണുകളുമായി പിന്നാലെയുണ്ട്. എന്നാൽ സാംസങ് മടക്കാൻ മാത്രം കഴിയുന്ന ഫോണുകളല്ല ഇനി പുറത്തിറക്കാൻ പോകുന്നത്. 360 ഡിഗ്രിയിൽ തിരിക്കാൻ കഴിയുന്ന ഫോണുകളായിരിക്കും വിപണിയിലെത്തിക്കുക.
ഇതുമായി ബന്ധപ്പെട്ട് 360 ഡിഗ്രിയിൽ തിരിക്കാൻ കഴിയുന്ന സ്ക്രീനും ഹിഞ്ചും കമ്പനി അവതരിപ്പിച്ചു. അമേരിക്കൻ ടെക്‌നോളജി ന്യൂസ് വെബ്‌സൈറ്റായ ദി വെർജിന്‍റെ റിപ്പോർട്ട് അനുസരിച്ച് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ സാംസങ് ഡിസ്പ്ലേയാണ് 360 ഡിഗ്രീ സ്ക്രീനിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
ഫ്ലെക്‌സ് ഇൻ & ഔട്ട്' ഡിസ്‌പ്ലേയ്ക്ക് 360 ഡിഗ്രി കറങ്ങാൻ കഴിയും, അതായത് ഇത് അകത്തേക്കും പുറത്തേക്കും മടക്കാൻ കഴിയുമെന്ന് കമ്പനി വക്താവ് ജോൺ ലൂക്കാസ് പറഞ്ഞു. കൂടാതെ സ്ക്രീൻ അകത്തേക്കും പുറത്തേക്കും മടക്കുമ്പോൾ ദൃശ്യമാകാത്ത തരത്തിലുള്ള വ്യത്യസ്‌തമായ ഹിഞ്ചാണ് രൂപകൽപന ചെയ്‌തിരിക്കുക. ഇതിനായി വാട്ടർ-ഡ്രോപ്പ് ഹിഞ്ചാണ് ഉപയോഗിച്ചിരിക്കുന്നത്.
ഡിസ്പ്ലേ അകത്തേക്കും പുറത്തേക്കും മടക്കുമ്പോൾ വെള്ളത്തുള്ളി പോലെ ഒരു അയഞ്ഞ ആകൃതി ഉണ്ടാകും. എന്നാൽ ആദ്യമായല്ല ഫോൾഡ് ഇൻ ഓൾ ഡയറക്ഷൻ ഡിസൈനിലുള്ള മാതൃക കമ്പനി അവതരിപ്പിക്കുന്നത്.