ലണ്ടൻ : വർഷം മുഴുവൻ മഞ്ഞുമൂടിക്കിടക്കുന്ന അന്‍റാർട്ടിക്കയുടെ തീരപ്രദേശത്തുള്ള ഹിമാനികൾ വേനലിൽ വേഗത്തിൽ ചലിക്കുന്നതിന്‍റെ കാരണം കണ്ടെത്തി ഗവേഷകർ. അന്തരീക്ഷ താപനില ഉയരുന്നതിനാൽ മഞ്ഞ് ഉരുകുന്നതും സമുദ്ര ജലത്തിന്‍റെ താപനില വർധിക്കുന്നതുമാണ് ഹിമാനികളുടെ വേഗതയേറിയ ചലനത്തിന്‍റെ കാരണം. പ്രതിവർഷം ഹിമാനികൾ ശരാശരി ഒരു കിലോ മീറ്റർ സഞ്ചരിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ പഠനത്തിൽ ഐസ് പ്രവാഹത്തിന്‍റെ വേഗതയിൽ കാലാനുസൃതമായ വ്യതിയാനം കണ്ടെത്തി. വേനലിലെ കൂടിയ അന്തരീക്ഷ താപനില ഇതിന്‍റെ വേഗത 22 ശതമാനംവരെ വേഗത്തിലാക്കുന്നു. കാലാവസ്ഥ വ്യതിയാനം, ഭീമൻ മഞ്ഞുകട്ടകളുടെ സ്വഭാവത്തെയും സമുദ്രനിരപ്പ് ഉയർത്തുന്നതിൽ അവ വഹിക്കുന്ന പങ്കിനെയും എങ്ങനെയെല്ലാം ബാധിക്കുമെന്നതിനെക്കുറിച്ചുള്ള വ്യക്‌തമായ ഉൾക്കാഴ്‌ചയാണ് പുതിയ പഠനം നൽകുന്നത്.
ലീഡ്‌സ് സർവകലാശാലയിലെ ശാസ്‌ത്രജ്ഞരുടെ ഒരു സംഘമാണ് അന്‍റാർട്ടിക്കിന് ചുറ്റുമുള്ള ഹിമാനികളുടെ പ്രവാഹം തണുത്തതും ചൂടുള്ളതുമായ കാലഘട്ടങ്ങളിൽ എങ്ങനെ വ്യത്യാസപ്പെടുന്നുവെന്ന് മനസിലാക്കുന്നതിനായി പഠനം നടത്തിയത്. ഇതിനായി 2014-നും 2021-നും ഇടയിൽ അന്‍റാർട്ടിക് ഉപദ്വീപിന് മുകളിൽ എടുത്ത 10,000-ത്തിലധികം ഉപഗ്രഹ ചിത്രങ്ങളാണ് സംഘം ഉപയോഗിച്ചത്.
അന്‍റാർട്ടിക്കും ആഗോള സമുദ്രനിരപ്പും :ഭൂമിയിലെ ശീതീകരിച്ച ജലത്തിന്‍റെ ഏറ്റവും വലിയ സംഭരണിയാണ് അന്‍റാർട്ടിക് ഉപദ്വീപ്. 1992 നും 2017 നും ഇടയിൽ മഞ്ഞുകട്ടകൾ ക്രമാതീതമായി ഉരുകിയതിനാൽ ആഗോള സമുദ്രനിരപ്പ് 7.6 മില്ലിമീറ്റർ വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സമീപകാലത്തെ കാലാവസ്ഥ വ്യതിയാനത്തിന്‍റെ തോത് വർധിച്ചതിനാൽ ഭാവിയിൽ ഏത് രീതിയിൽ മാറിയേക്കാമെന്നത് ഏറ്റവും വലിയ അനിശ്ചിതത്വങ്ങളിലൊന്നാണ്.
'അന്‍റാർട്ടിക്കയിലെ ഹിമാനികൾ എത്രമാത്രം പ്രകൃതി ലോലമാണ് എന്നതാണ് ഈ പഠനത്തിന്‍റെ പ്രധാന കണ്ടെത്തലുകളിൽ ഒന്ന്. ഗ്രീൻലാൻഡിലെ ഹിമാനികൾക്ക് കാലാവസ്ഥയ്‌ക്കനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടെന്ന് വളരെ മുൻപ് തന്നെ തെളിയിക്കപ്പെട്ടതാണ്. എന്നാൽ അന്‍റാർട്ടിക്കയിലും സമാനമായ സ്വഭാവം വ്യക്തമാകുന്നത് ആദ്യമാണ്' - ഗവേഷകനും പഠനത്തിന്‍റെ ആദ്യ രചയിതാവുമായ ബെൻ വാലിസ് പറഞ്ഞു.
അന്‍റാർട്ടിക് ഉപദ്വീപ് : അന്‍റാർട്ടിക് ഭൂഖണ്ഡത്തിന്‍റെ വടക്കുഭാഗത്തുള്ളതും കൂടുതൽ ചൂടുള്ള പ്രദേശവുമാണ് അന്‍റാർട്ടിക് ഉപദ്വീപ്. ഗ്രേറ്റ് ബ്രിട്ടന്‍റെ കിഴക്കൻ തീരത്തിന് സമാനമായി 1,000 കിലോമീറ്റർ നീളമുള്ള പർവതമാണ് ഇവിടെയുള്ളത്. കൂടാതെ സീലുകൾ, പെൻഗ്വിനുകൾ, തിമിംഗലങ്ങൾ എന്നിവയുടെ സമ്പന്നമായ സമുദ്ര ആവാസവ്യവസ്ഥയുമടങ്ങിയതാണ് ഈ ഉപഭൂഖണ്ഡം.
ഉപദ്വീപിന്‍റെ പടിഞ്ഞാറൻ തീരത്തുള്ള ഹിമപാളികളിൽ നിന്നും വേർപെടുന്ന ഹിമാനികൾ തെക്കൻ സമുദ്രത്തിലേക്ക് ഒഴുകുന്നു. വേനൽക്കാലത്ത് മഞ്ഞ് ഉരുകുകയും ദക്ഷിണ സമുദ്രത്തിലെ ജലത്തിന്‍റെ താപനില ഉയരുകയും ചെയ്യുന്നതിനാൽ ഹിമാനികൾ ചലിക്കുന്നതിന്‍റെ വേഗത വർധിക്കുന്നു എന്നാണ് ഉപഗ്രഹ ഡാറ്റയുടെ വിശകലനം സൂചിപ്പിക്കുന്നത്.
മഞ്ഞ് ഉരുകിയൊലിക്കുന്ന ജലം മഞ്ഞുപാളികൾക്കും അടിയിലുള്ള പാറകൾക്കും ഇടയിലൊരു ലൂബ്രിക്കന്‍റായി പ്രവർത്തിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. തൽഫലമായി ഘർഷണം കുറയുകയും ഹിമാനികൾ തെന്നിമാറുന്നതിന്‍റെ വേഗത വർധിക്കുകയും ചെയ്യുന്നു. കൂടാതെ തെക്കൻ മഹാസമുദ്രത്തിലെ ചൂടുള്ള ജലം ചലിക്കുന്ന ഹിമാനികളുടെ മുൻഭാഗത്തെ നശിപ്പിക്കുകയും ഹിമപ്രവാഹത്തെ ചെറുക്കുന്നതിനായി സഹായിക്കുന്ന ഘടകങ്ങളെ ദുർബലമാക്കുകയും ചെയ്യുന്നു.
'ഭൂമിയിലെ ഏതൊരു പ്രദേശത്തേക്കാളും കൂടിയ താപനില അന്‍റാർട്ടിക് ഉപഭൂഖണ്ഡത്തിൽ കണ്ടിട്ടുണ്ട്. ഇതുപോലെയുള്ള പഠനങ്ങൾ തുടരുന്നത് എത്ര വേഗത്തിലാണ് മാറ്റം സംഭവിക്കുന്നതെന്ന് ഹിമശാസ്‌ത്രജ്ഞരെ നിരീക്ഷിക്കാൻ സഹായിക്കും. കാലാവസ്ഥ വ്യതിയാനത്തോട് ഹിമപാളികൾ എങ്ങനെ പ്രതികരിക്കും എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിലയിരുത്തലുകളും സാധ്യമാക്കുന്നു' - അസോസിയേറ്റ് പ്രൊഫസറും പ്രബന്ധത്തിന്‍റെ രചയിതാവുമായ ഡോ. അന്ന ഹോഗ് പറഞ്ഞു.
ബഹിരാകാശത്ത് നിന്നുള്ള ഭൂമി നിരീക്ഷണം : യൂറോപ്യൻ ബഹിരാകാശ ഏജൻസിയും യൂറോപ്യൻ കമ്മിഷൻ കോപ്പർനിക്കസ് സെന്‍റിനൽ-1 ഉപഗ്രഹവും പ്രതിവാര നിരീക്ഷണത്തിലൂടെ അന്‍റാർട്ടിക്കയുടെ മുഴുവൻ തീരപ്രദേശത്തെക്കുറിച്ച് നൽകിയ വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്. മേഘങ്ങൾക്കിടയിലൂടെ കാഴ്‌ച സാധ്യമാക്കുന്ന അപ്പാർച്ചർ റഡാർ ഉപഗ്രഹത്തിൽ ഘടിപ്പിച്ചിരിക്കുന്നതിനാൽ പകലും രാത്രിയും ഹിമാനികളുടെ നിരീക്ഷണത്തിന് സഹായിക്കും. വിദൂര പ്രദേശങ്ങളിൽ പരിസ്ഥിതി എങ്ങനെ മാറുന്നുവെന്ന് നിരീക്ഷിക്കാൻ ഉയർന്ന മിഴിവുള്ള ഉപഗ്രഹ ചിത്രങ്ങൾ എങ്ങനെ സഹായിക്കുമെന്ന് ഈ പഠനം എടുത്തുകാണിക്കുന്നു.