മോസ്‌കോ: 2024ന് ശേഷം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പിന്മാറുമെന്ന് റഷ്യ. സ്വന്തം ബഹിരാകാശ നിലയം യാഥാർഥ്യമാക്കുന്നതിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും റഷ്യ അറിയിച്ചു. യുക്രൈൻ യുദ്ധത്തിന് പിന്നാലെ റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നുമുള്ള പിൻവാങ്ങലെന്നാണ് വിലയിരുത്തൽ.
പദ്ധതിയിൽ നിന്ന് പിന്മാറുന്നതിന് മുൻപ് പങ്കാളികളായിട്ടുള്ള രാജ്യങ്ങളോടുള്ള കടമ റഷ്യ നിറവേറ്റുമെന്ന് രാജ്യത്തിന്‍റെ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്‍റെ പുതിയ മേധാവി യൂറി ബോറിസോവ് പറഞ്ഞു.
അഞ്ച് ബഹിരാകാശ ഏജൻസികൾ ചേർന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം പരിപാലിക്കുന്നത്. നാസയ്ക്കും റോസ്കോസ്മോസിനും പുറമേ കാനഡയുടെ സിഎസ്എയും (CSA), യൂറോപ്യൻ രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസിയായ ഈസയും (ESA), ജപ്പാന്‍റെ ജാക്‌സസയും പദ്ധതിയുടെ ഭാഗമാണ്. റഷ്യ നിയന്ത്രിക്കുന്ന റഷ്യൻ ഓർബിറ്റൽ സെഗ്മെന്‍റും അമേരിക്കയും മറ്റ് പങ്കാളി രാഷ്ട്രങ്ങളും ചേർന്ന് നിയന്ത്രിക്കുന്ന യുണൈറ്റ് സ്റ്റേറ്റ്സ് ഓർബിറ്റൽ സെഗ്മന്‍റും ചേർന്നതാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം.
റഷ്യ, യുഎസ്, യൂറോപ്പ്, ജപ്പാൻ, കാനഡ എന്നീ രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസികൾ സംയുക്തമായാണ് ബഹിരാകാശ നിലയം നടത്തുന്നത്. 1998ലാണ് ബഹിരാകാശ നിലയത്തിന്‍റെ ആദ്യഭാഗം ഭ്രമണപഥത്തിലെത്തിച്ചത്. ഏകദേശം 22 വർഷമായി ബഹിരാകാശത്ത് മനുഷ്യസാന്നിധ്യമുള്ള പേടകം ആണിത്. ഭൂമിയിൽ നിന്ന് 250 മൈൽ അകലെയുള്ള ഭ്രമണപഥത്തിലെ സ്റ്റേഷനിൽ ഏഴ് പേരടങ്ങുന്ന സംഘമാണ് സാധാരണ ഉള്ളത്. ഒരു സംഘം മാസങ്ങളോളം ഇവിടെ താമസിക്കും.
സീറോ ഗ്രാവിറ്റിയിൽ ശാസ്ത്രീയ ഗവേഷണങ്ങൾ നടത്താനും ഭാവി ബഹിരാകാശ യാത്രകൾക്കുള്ള ഉപകരണങ്ങൾ പരീക്ഷിക്കാനും ഇത് ഉപയോഗിക്കുന്നു. ഒരു ഫുട്ബോൾ മൈതാനത്തോളം നീളമുള്ള ഈ ബഹിരാകാശ നിലയത്തിൽ യുഎസിന്‍റേതും റഷ്യയുടേതുമായി രണ്ട് പ്രധാന വിഭാഗങ്ങൾ ഉൾപ്പെടുന്നു.
റഷ്യയുടെ പിൻവാങ്ങലിന് ശേഷം സുരക്ഷിതമായി പ്രവർത്തിക്കുന്നത് തുടരാൻ നിലയത്തിന്‍റെ റഷ്യൻ ഭാഗം എന്ത് ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പാശ്ചാത്യ ഉപരോധത്തിൽ നിന്ന് മോചനം നേടാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് റഷ്യയുടെ പ്രഖ്യാപനമെന്നും പറയപ്പെടുന്നു.