ന്യൂഡൽഹി: പ്രമുഖ ചൈനീസ് ബ്രാൻഡായ വൺപ്ലസിന്‍റെ പുത്തൻ സ്‌മാർട്ട്‌ഫോൺ വൺ പ്ലസ് 10ടി ഈ മാസം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ജൂലൈ 25നും ഓഗസ്‌റ്റ് ഒന്നിനും ഇടയിൽ വിപണിയില്‍ എത്തുമെന്നാണ് പുറത്തുവന്ന പുതിയ വിവരം. കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് സ്‌മാർട്ട് ഫോണായ വൺപ്ലസ് 10 പ്രോ വാങ്ങാൻ കഴിയാത്തവരെയും ഫീച്ചറുകളിൽ കാര്യമായ കുറവ് വരാതെ കുറഞ്ഞ വിലയ്‌ക്ക് നിലവാരമുള്ള ഹാൻഡ് സെറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നവരെയും ലക്ഷ്യമിട്ടാണ് വൺപ്ലസ് 10ടി എത്തുന്നത്.
പ്രധാന സവിശേഷതകൾ: 6.7 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ക്വാൽകോം സ്‌നാപ്‌ഡ്രാഗൺ 8 ജെൻ 1 പ്രൊസസറാണ് ഫോണിന്‍റെ പ്രധാന ആകർഷണം. എല്‍ടിപിഒ പാനല്‍ ആയതിനാല്‍ തന്നെ ഫോണിന്‍റെ റിഫ്രഷ് റേറ്റ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ക്കനുസരിച്ച് മാറ്റാന്‍ സാധിക്കും. 12 ജിബി വരെ റാമും, 256 ജിബി വരെ ഇന്‍റേണല്‍ സ്‌റ്റോറേജും ഉണ്ടാവും.
മികച്ച ക്യാമറയാണ് വൺപ്ലസ് 10ടിക്ക് നൽകിയിരിക്കുന്നത്. മുൻവശത്ത് 16 മെഗാപിക്‌സൽ സെൽഫി ക്യാമറയും, പിന്നിൽ ട്രിപ്പിൾ ക്യാമറയും ഫോണിനുണ്ടാകും. 50 മെഗാപിക്‌സലിന്‍റെ പ്രധാന ക്യാമറ, 8 മെഗാപിക്‌സൽ അൾട്രാവൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്‌സൽ മാക്രോ സെൻസർ എന്നിവ ഉൾപ്പെടുന്നതാണ് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം.
150W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,800 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് നൽകിയിയിരിക്കുന്നത്. പച്ച, മെറൂൺ എന്നീ രണ്ട് വ്യത്യസ്‌ത നിറങ്ങളിലായിരിക്കും ഫോൺ എത്തുക. ഏകദേശം 76,300 രൂപ മുതലാണ് വണ്‍ പ്ലസ് 10 ടിയുടെ വില ആരംഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.