സ്റ്റോക്ക്ഹോം : സ്വീഡിഷ് ശാസ്‌ത്രജ്ഞനായ സ്വാന്‍റേ പാബോവിനാണ് ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിരിക്കുന്നത്. മനുഷ്യരും പൂർവികരും ഉൾപ്പെടുന്ന ജന്തുവർഗത്തിന്‍റെയും പരിണാമത്തിന്‍റെയും ജീനോമുകളെ കുറിച്ചുള്ള കണ്ടെത്തലുകളാണ് സ്വാന്‍റെയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ആധുനിക മനുഷ്യരുടേയും വംശനാശം സംഭവിച്ച നിയാൻഡർതാലുകളുടെയും ഡെനിസോവന്മാരുടെയും ജനിതകഘടനയെ താരതമ്യം ചെയ്‌തുകൊണ്ടുള്ള ഗവേഷണവും, ഇത് മനുഷ്യ പരിണാമത്തെ കുറിച്ചുള്ള പുതിയ ഉൾക്കാഴ്‌ചകൾക്ക് കാരണമായെന്നതുമാണ് അദ്ദേഹത്തിന് നൊബേൽ പുരസ്‌കാരം നേടിക്കൊടുത്തത്.
ചരിത്രാതീതവും അതിപുരാതനവുമായ അവശിഷ്‌ടങ്ങളിൽ നിന്ന് ഡിഎൻഎ വീണ്ടെടുക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഗവേഷണ മേഖലയായ 'പുരാതന ഡിഎൻഎ'യ്ക്ക് തുടക്കമിട്ടയാളാണ് പാബോ. 1980കളുടെ തുടക്കത്തിൽ സ്വീഡനിലെ ഉപ്‌സാല സർവകലാശാലയിൽ മെഡിക്കൽ സയൻസില്‍ പിഎച്ച്ഡി ചെയ്‌ത അദ്ദേഹം ഈജിപ്‌തോളജിയും പഠിച്ചു. മോളിക്യുലാർ ബയോളജിയിലും വൈദ്യശാസ്ത്രത്തിലുമുള്ള തന്‍റെ വൈദഗ്‌ധ്യം ഉപയോഗപ്പെടുത്തി പാബോ മനുഷ്യന്‍റെ ചരിത്രാതീതകാലം പഠിച്ചു.
മമ്മികളെ പഠിച്ച് പാബോ : 1980കളിൽ മമ്മികൾ മുതൽ വംശനാശം സംഭവിച്ച സ്ലോത്തുകൾ വരെയുള്ള വസ്‌തുക്കളിലെ പുരാതന ഡിഎൻഎ പാബോ പഠനവിധേയമാക്കി. പുരാതന ഡിഎൻഎ ഗണ്യമായ രീതിയിൽ ഇല്ലാതാവുകയും മറ്റ് ഡിഎൻഎയുമായി കൂടിക്കലരുകയും ചെയ്‌തത് പഠനത്തെ സാങ്കേതികമായി വെല്ലുവിളി നിറഞ്ഞതാക്കി.
തുടർന്നുള്ള ദശകത്തിൽ, യഥാർഥ ഡിഎൻഎ വീണ്ടെടുക്കുന്നതിനും അവയെ വ്യാഖ്യാനിക്കുന്നതിനും സമകാലിക മനുഷ്യർ ഉൾപ്പടെയുള്ള ആധുനിക സ്രോതസ്സുകളിൽ നിന്നുള്ള ഡിഎൻഎയുമായി കൂടിക്കലരുന്നതിനുമുള്ള സാധ്യത കുറയ്ക്കാൻ അദ്ദേഹം വിവിധ രീതികളും മാർഗനിർദേശങ്ങളും വികസിപ്പിച്ചെടുത്തു.
Also Read: വൈദ്യശാസ്ത്ര നൊബേൽ സമ്മാനം സ്വീഡിഷ് ശാസ്‌ത്രജ്‌ഞൻ സ്വാന്‍റേ പാബൂവിന്
1990കളുടെ തുടക്കത്തിൽ ദിനോസറുകളിൽ നിന്ന് ഡിഎൻഎ വീണ്ടെടുക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് വൈദ്യശാസ്ത്ര രംഗത്ത് വലിയ ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ കാലക്രമേണ ഡിഎൻഎ നശിക്കുന്നുവെന്ന തന്‍റെ അറിവിന്‍റെ അടിസ്ഥാനത്തിൽ ഡിനോസറുകളുടെ ഡിഎൻഎ ഇത്രയും കാലം നിലനിൽക്കുമോ എന്ന കാര്യത്തിൽ പാബോ സംശയം പ്രകടിപ്പിച്ചു. പിന്നീട് അദ്ദേഹം പറഞ്ഞതായിരുന്നു ശരിയെന്ന് തെളിയിക്കപ്പെട്ടു.
നിയാൻഡർതാലുകളുടെ ഡിഎൻഎ വീണ്ടെടുക്കുക എന്നതായിരുന്നു പാബോയുടെ ലക്ഷ്യം. ഈ ലക്ഷ്യം പൂർത്തിയാക്കുന്നതിന് പുരാതന ഡിഎൻഎ വീണ്ടെടുക്കുന്നതിനും അവ യഥാർഥമാണെന്ന് തെളിയിക്കുന്നതിനുമുള്ള രീതികൾ അദ്ദേഹം സമയമെടുത്ത് ശ്രദ്ധാപൂർവം വികസിപ്പിച്ചെടുത്തു.
പുരാതന അസ്ഥിയിൽ നിന്നും ആധുനിക മനുഷ്യനിലേക്കുള്ള വഴി : 1997ൽ പാബോയും സഹപ്രവർത്തകരും ആദ്യത്തെ നിയാൻഡർതാൽ ഡിഎൻഎ സീക്വൻസുകളെ സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചു. തുടർന്ന് 2010ൽ മുഴുവൻ നിയാൻഡർതാൽ ജീനോമുകളെയും (നിയാൻഡർതാലിന്‍റെ ഡിഎൻഎയിൽ സൂക്ഷിച്ചിരിക്കുന്ന എല്ലാ ജനിതക വിവരങ്ങളും) സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചു.
ഏതാനും വർഷങ്ങൾക്ക് ശേഷം നിയാൻഡർതാലുകളുമായി വിദൂരബന്ധമുള്ള ഡെനിസോവൻസ് എന്ന മുൻപ് അറിയപ്പെടാത്ത മനുഷ്യരിൽ നിന്നുള്ള ജനിതകഘടന സംഘം പ്രസിദ്ധപ്പെടുത്തി. സൈബീരിയയിലെ ഡെനിസോവ ഗുഹയിൽ നിന്ന് കണ്ടെത്തിയ 40,000 വർഷം പഴക്കമുള്ള അസ്ഥിയുടെ കഷ്‌ണത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ സീക്വൻസിങ്.
ഇവയെ മനുഷ്യ ജീനോമുകളുമായി ബന്ധപ്പെടുത്തിയതിന്‍റെ ഫലമായി പല ആധുനിക മനുഷ്യരും നിയാൻഡർതാലുകളുടെയും ഡെനിസോവനുകളുടെയും ചെറിയൊരു അംശം ഡിഎൻഎ വഹിക്കുന്നുവെന്ന് പാബോ കണ്ടെത്തി. കഴിഞ്ഞ ഹിമയുഗത്തിൽ യൂറേഷ്യയിലുടനീളം ഉണ്ടായ ആധുനിക മനുഷ്യർ പുരാതന മനുഷ്യരുമായി ഇണ ചേരുകയും ഇതുവഴി ആധുനിക മനുഷ്യരിൽ ഇവരുടെ ഡിഎൻഎയുടെ ചെറിയ അംശം ഉണ്ടാവുകയുമായിരുന്നു.
കൊവിഡ് 19 ഉൾപ്പടെയുള്ള അണുബാധകളോട് നമ്മുടെ പ്രതിരോധ സംവിധാനം എങ്ങനെ പ്രതികരിക്കുന്നു എന്നത്, നിയാൻഡർതാൽ ജീനുകൾ സ്വാധീനിക്കുന്നുവെന്നതിന് ഉദാഹരണമാണ്. അതേസമയം, EPAS1 എന്ന് വിളിക്കപ്പെടുന്ന ജീനിന്‍റെ ഡെനിസോവൻ പതിപ്പ് ആളുകളെ ഉയർന്ന പ്രദേശങ്ങളിൽ അതിജീവിക്കാൻ സഹായിക്കുന്നു. ആധുനിക ടിബറ്റൻ ജനതയ്ക്കിടയിൽ ഇത് സാധാരണമാണ്.
Also Read: നിയാൻഡർതാലിന്‍റെ വംശനാശം ഹോമോ സാപിയൻസിനുള്ള ഉഗ്ര പാഠം ; ഭാവിയെന്ത് ?
നിയാൻഡർതാലുകളുടെയും ഡെനിസോവന്മാരുടെയും ജീനോമുകളെ ആധുനിക മനുഷ്യരുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവരുമായി പങ്കുവയ്ക്കപ്പെടാത്ത ജനിതകമാറ്റങ്ങൾ ഉയർത്തിക്കാട്ടാൻ പാബോയ്ക്കും സഹപ്രവർത്തകർക്കും കഴിഞ്ഞു. ഇതിൽ വലിയൊരു ഭാഗം തലച്ചോറിന്‍റെ വികാസവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ആധുനിക മനുഷ്യരെ വംശനാശം സംഭവിച്ച പൂർവികരിൽ നിന്ന് വേർതിരിക്കുന്ന ജനിതക വ്യത്യാസങ്ങളുടെ വെളിപ്പെടുത്തലിലൂടെ, നമ്മെ സമാനതകളില്ലാത്ത മനുഷ്യരാക്കുന്നത് എന്താണെന്ന് മനസിലാക്കാൻ പാബോയുടെ കണ്ടെത്തലുകൾ സഹായിക്കുന്നു.