തിളച്ചുമറിയുന്ന സൂര്യൻ ഭൂമിക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി സൂര്യനിലുണ്ടാകുന്ന പ്രവർത്തനം അതിന്‍റെ ഏറ്റവും തീവ്രമായ സ്ഥിതിയിലാണ്. കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ 35 കൊറോണൽ മാസ് ഇജക്ഷൻ, 14 സൺസ് സ്‌പോട്ടുകൾ, 6 സൗരോർജ കാറ്റുകൾ, എന്നിവ സൂര്യനിൽ സംഭവിച്ചു. ഇത് ഇനിയും വർധിക്കാമെന്നാണ് നാസയുടെ റിപ്പോർട്ടുകൾ.
'സോളാർ സൈക്കിൾ' അതിന്‍റെ പരമാവധിയിലേക്ക് അടുക്കുന്നതാണ് ഇതിന് കാരണമെന്ന് നാസ പറഞ്ഞു. ഇത് ഭൂമിയിലെ ജീവൻ, സാങ്കേതിക വിദ്യ, കൃത്രിമ ഉപഗ്രഹങ്ങൾ, അന്താരാഷ്‌ട്ര ബഹിരാകാശ നിലയം, ബഹിരാകാശ യാത്രികർ എന്നിവയെ ബാധിക്കാനുള്ള സാധ്യതകളുണ്ടെന്നും നാസ പറയുന്നു.
സോളാർ സൈക്കിൾ (solar cycle): 11 വർഷത്തെ ഒരു ഭ്രമണമാണ് സോളാർ സൈക്കിൾ. ഓരോ 11 വർഷത്തിലും സൂര്യന്‍റെ കാന്തികമണ്ഡലം നേരെ തിരിയുന്നു. ഉത്തര, ദക്ഷിണ ധ്രുവങ്ങൾ സ്ഥാനങ്ങൾ മാറുന്നു. സോളാർ സൈക്കിളിന്‍റെ പരമാവധി ഘട്ടത്തിലാണ് ഈ പ്രക്രിയ നടക്കുന്നത്. ആ സമയം സൂര്യന്‍റെ ഉപരിതലം പ്രക്ഷുബ്‌ധമാകും. വൻ സ്‌ഫോടനങ്ങളും സൗരോർജ കാറ്റുകളും ഉണ്ടാകുന്നു. ഇത് സൗരയൂഥത്തെയും കൃത്രിമ ഉപഗ്രഹങ്ങളെയും ആശയവിനിമയ സിഗ്നലുകളെയും ബാധിക്കുന്നു.
കൊറോണൽ മാസ് ഇജക്ഷൻ (coronal mass ejections): സൂര്യന്‍റെ ഉപരിതലത്തിൽ സംഭവിക്കുന്ന വൻ സ്‌ഫോടനങ്ങളെ 'കൊറോണൽ മാസ് ഇജക്ഷൻസ്' എന്ന് വിളിക്കുന്നു. ആ സമയത്ത്, കോടിക്കണക്കിന് ടൺ വസ്‌തുക്കൾ ബഹിരാകാശത്തേക്ക് പുറന്തള്ളുകയും മണിക്കൂറിൽ ലക്ഷക്കണക്കിന് കിലോമീറ്റർ വേഗതയിൽ ഇത് സഞ്ചരിക്കുകയും ചെയ്യുന്നു
സൺസ്‌പോട്ടുകൾ (sunspots): സൂര്യന്‍റെ പ്രതലത്തിൽ ഇരുണ്ട നിറത്തിൽ കാണപ്പെടുന്നവയാണ് സൺസ്‌പോട്ടുകൾ. ഇവ സൂര്യനിലെ ഏറ്റവും തണുത്ത ഭാഗമാണ്.
സൗരോർജ കാറ്റുകൾ (solar flares): സൺസ്‌പോട്ടുകൾക്ക് സമീപമുള്ള കാന്തിക മണ്ഡലത്തിന്‍റെ പുനഃക്രമീകരണം മൂലം പുറത്തേക്ക് വരുന്ന ഊർജമാണ് സൗരോർജ കാറ്റുകൾ എന്നറിയപ്പെടുന്നത്.