ഒരു വര്‍ഷം ലോകത്താകെ എത്ര കമ്പ്യൂട്ടറുകള്‍ വിറ്റു പോകും? ഡാറ്റാ അനാലിസിസ് സ്ഥാപനമായ ഇന്‍റര്‍ നാഷണല്‍ ഡാറ്റാ അനാലിസിസ് കോര്‍പ്പറേഷന്‍ അഥവാ ഐഡിസിയുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം ലോകത്താകെ വിറ്റഴിഞ്ഞത് 259 കോടി അമ്പത് ലക്ഷം കമ്പ്യൂട്ടറുകള്‍ ആണ്. ഡെസ്‌ക് ടോപ്പുകളും ലാപ്പ്ടോപ്പുകളും അടക്കമാണ് ഈ കണക്ക്. ഇത്രയുമേറെ കമ്പ്യൂട്ടറുകള്‍ വിറ്റു പോയെങ്കിലും ഇത് തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വളരെ കുറവാണെന്നാണ് ഐ ഡി സി ചൂണ്ടിക്കാട്ടുന്നത്.
2023ല്‍ കമ്പ്യൂട്ടറുകളുടെ വില്‍പ്പനയില്‍ ആഗോള തലത്തില്‍ത്തന്നെ വലിയ ഇടിവ് സംഭവിച്ചുവത്രേ. 2022 നെ അപേക്ഷിച്ച് കമ്പ്യൂട്ടര്‍ വില്‍പ്പന 13.2 ശതമാനം കുറഞ്ഞതായി ഡാറ്റാ അനാലിസിസ് സ്ഥാപനമായ ഇന്‍റര്‍ നാഷണല്‍ ഡാറ്റാ അനാലിസിസ് കോര്‍പ്പറേഷന്‍ അഥവാ ഐഡിസിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കമ്പ്യൂട്ടറുകള്‍ ഏറ്റവുമധികം വിറ്റ ലെനോവോ കമ്പനിക്കു പോലും വില്‍പ്പനയില്‍ ഇടിവുണ്ടായി. 2023 ല്‍ അഞ്ചു കോടി തൊണ്ണൂറു ലക്ഷം കമ്പ്യൂട്ടറുകളാണ് ലെനോവോ വിറ്റത്. മൊത്തം മാര്‍ക്കറ്റ് ഷെയറിന്‍റെ 22.7 ശതമാനവും കൈയടക്കാന്‍ ലെനൊവോയ്ക്ക് സാധിച്ചു. അഞ്ചു കോടി 29 ലക്ഷം കമ്പ്യൂട്ടറുകള്‍ വിറ്റ എച്ച് പിയാണ് തൊട്ടടുത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. 20.4 ശതമാനമാണ് എച്ച് പിയുടെ മാര്‍ക്കറ്റ് ഷെയര്‍. ഈ രണ്ടു കമ്പനികള്‍ക്ക് പുറമേ ഡെല്‍ ,ആപ്പിള്‍, അസ്യൂസ് എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ വന്ന കമ്പ്യൂട്ടര്‍ ഉല്‍പ്പാദകര്‍. ഡെല്ലിന്‍റെ വില്‍പ്പനയില്‍ 19.6 ശതമാനത്തിന്‍റെ ഇടിവാണ് ഉണ്ടായത്. 4 കോടി കമ്പ്യൂട്ടറുകള്‍ വിറ്റ കമ്പനി മൊത്തം കമ്പ്യൂട്ടര്‍ വിപണിയുടെ 15.4 ശതമാനം സ്വന്തമാക്കി. പ്രമുഖ കമ്പനികളില്‍ ഏറ്റവും വലിയ ഇടിവുണ്ടായത് ഡെല്ലിനാണെന്നാണ് ഐഡിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2022 ല്‍ 2 കോടി 79 ലക്ഷം കമ്പ്യൂട്ടറുകള്‍ വിറ്റ ആപ്പിളിന് പോയ വര്‍ഷം കൈവരിക്കാനായ വില്‍പ്പന 2 കോടി 17 ലക്ഷം മാത്രമാണ്. അസ്യൂസിന്‍റെ വില്‍പ്പന 2022 ലെ 2 കോടി അഞ്ചു ലക്ഷത്തില്‍ നിന്ന് ഒരു കോടി 68 ലക്ഷത്തിലേക്ക് താഴ്ന്നു. സാമ്പത്തിക അസ്ഥിരതയും മാറുന്ന ഉപഭോക്തൃ താല്‍പ്പര്യങ്ങളും കാരണം ഈ ബ്രാന്‍ഡുകള്‍ കുത്തകയാക്കി വെച്ചിരുന്ന പ്രീമിയം സെഗ്‌മെന്‍റില്‍ വലിയ തിരിച്ചടി നേരിട്ടു. മറ്റു നിര്‍മ്മാതാക്കളുടെ ഇടയിലും വില്‍പ്പന 13.6 ശതമാനം കണ്ട് കുറഞ്ഞു. വില്‍പ്പനയിലെ ഇടിവ് കമ്പ്യൂട്ടര്‍ വിപണിയെ ആകെ ബാധിച്ചു എന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതായി ഇന്‍റര്‍ നാഷണല്‍ ഡാറ്റാ അനാലിസിസ് കോര്‍പ്പറേഷന്‍ വിശദീകരിക്കുന്നു. എന്നിരുന്നാലും 2024 വര്‍ഷത്തില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ വില്‍പ്പന പഴയ പ്രതാപത്തിലേക്കെത്തും എന്നാണ് ഇന്‍റര്‍ നാഷണല്‍ ഡാറ്റാ അനാലിസിസ് കോര്‍പ്പറേഷന്‍ പ്രവചിക്കുന്നത്.
Also Read: അധിക്ഷേപ പരാമർശം നിയന്ത്രിക്കുന്നവരെ പിരിച്ചുവിടുന്നു; എക്‌സിൽ സുരക്ഷയില്ലെന്ന് ഇ സേഫ്റ്റി കമ്മിഷന്‍