ശ്രീഹരിക്കോട്ട : പുതുവര്‍ഷത്തില്‍ ചരിത്രനേട്ടവുമായി ഐഎസ്ആര്‍ഒ (ISRO). ഇന്ത്യയുടെ ആദ്യ എക്‌സ്–റേ പോളാരിമീറ്റർ ഉപഗ്രഹമായ എക്സ്‍പോസാറ്റുമായി (XPoSat) സതീഷ് ധവാൻ സ്പേസ് സെന്‍ററില്‍ നിന്നും ഇന്ന് (ജനുവരി 1) രാവിലെ 9:10ന് പിഎസ്എൽവി സി-58 (PSLV -58) പറന്നുയര്‍ന്നു. പിഎസ്‌എല്‍വിയുടെ അറുപതാമത്തെ വിക്ഷേപണമാണിത്.
തമോഗര്‍ത്തങ്ങളെയും (Black Holes) ന്യൂട്രോണ്‍ നക്ഷത്രങ്ങളെയും (Neutron Star) കുറിച്ചുള്ള പഠനമാണ് എക്സ്‍പോസാറ്റിലൂടെ ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ഭൂമിയില്‍ നിന്നും 650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് പിഎസ്എൽവി സി-58 എക്‌സ്‌പോസാറ്റിനെ സുരക്ഷിതമായി എത്തിച്ചിരിക്കുന്നത്. ഐഎസ്‌ആര്‍ഒയും ബെംഗളൂരുവിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും (Raman Research Institute -RRI Bengaluru) സംയുക്തമായിട്ടാണ് എക്‌സ്‌പോസാറ്റ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്.
ലോകത്തിലെ തന്നെ രണ്ടാമത്തെ എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റാണ് ഇന്ത്യയുടെ എക്‌സ്‌പോസാറ്റ്. നാസയാണ് ലോകത്ത് ആദ്യമായി എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണം നടത്തിയത്. 2021ല്‍ ആയിരുന്നു നാസയുടെ വിക്ഷേപണം.
പോളിക്‌സ്, എക്‌സ്‌പെക്‌ട് എന്നിങ്ങനെ രണ്ട് പെലോഡുകളാണ് പ്രധാനമായും ഇന്ത്യയുടെ എക്‌സ്‌പോസാറ്റ് ഉപഗ്രഹത്തില്‍ ഉള്ളത്. ഇതില്‍ ആദ്യത്തെ പെലോഡായ പോളിക്‌സ് (POLIX (Polarimeter Instrument in X-rays) എന്ന ഉപകരണം 8 മുതല്‍ 40 കിലോ ഇലക്‌ട്രോണ്‍ വോള്‍ട്ട് വരെയുള്ള എക്‌സ് റേ വികിരണത്തെ കുറിച്ചാണ് പഠിക്കുന്നത്. 0.8 മുതല്‍ 15 കിലോ ഇലക്‌ട്രോണ്‍ വോള്‍ട്ട് വരെയുള്ള എക്‌സ് റേ വികിരണത്തെ കുറിച്ചാണ് ഉപഗ്രഹത്തിലെ എക്‌സ്‌പെക്‌ട് (XSPECT (X-ray Spectroscopy and Timing) എന്ന ഭാഗം വിശദമായി പഠിക്കുന്നത്.
ഐഎസ്‌ആര്‍ഒയുടെ വിശ്വസ്ത വാഹനമായ പിഎസ്എല്‍വിയുടെ അറുപതാമത്തെ വിക്ഷേപണമാണ് ഇന്ന് നടന്നത്. 1993 സെപ്‌റ്റംബര്‍ 20നായിരുന്നു ആദ്യമായി ഐഎസ്ആര്‍ഒ പിഎസ്‌എല്‍വിയിലൂടെ വിക്ഷേപണം നടത്തിയത് (India's First PSLV Launch). അതേസമയം എക്‌സ്‌പോസാറ്റിനൊപ്പം പത്ത് ചെറു ഉപഗ്രഹങ്ങളും പിഎസ്എല്‍വി വഹിക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ തയ്യാറാക്കിയ വിസാറ്റും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
Also Read : രാജ്യസുരക്ഷയ്ക്കും നിരീക്ഷണങ്ങള്‍ക്കുമായി 50 ഉപഗ്രങ്ങള്‍; ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്
ചന്ദ്രയാന്‍-3 (Chandrayaan 3), സൗരദൗത്യം ആദിത്യ എല്‍-1 (Aditya L1) എന്നിവയിലൂടെ ലോകത്തിന്‍റെ ശ്രദ്ധയാകര്‍ഷിച്ചതിന് പിന്നാലെയാണ് ഇന്ത്യ തമോഗര്‍ത്തങ്ങളെ കുറിച്ചും പഠിക്കാന്‍ തയ്യാറായിരിക്കുന്നത്. ബഹിരാകാശത്തേക്ക് മനുഷ്യരെ എത്തിക്കുന്ന ഗഗന്‍യാന്‍ (Gaganyaan Mission) ദൗത്യത്തിന്‍റെ തയ്യാറെടുപ്പുകളും ഐഎസ്ആര്‍ഒയില്‍ പുരോഗമിക്കുകയാണ്.