ഹൈദരാബാദ് : വളര്‍ത്തുമൃഗങ്ങളെ ദത്തെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് മുന്നില്‍ 'റോബോട്ടിക് വളര്‍ത്തുനായ' എന്ന ബദല്‍ മാര്‍ഗം അവതരിപ്പിച്ച് നേത്ര സിങ് എന്ന ആറാം ക്ലാസുകാരി (Robotic Dog Created By 6th Class Student Netra Singh). ഹൈദരാബാദ് ബൊയിനാപ്പള്ളിയിലെ സെന്‍റ് പീറ്റേഴ്‌സ് ഹൈസ്‌കൂളിലെ (St. Peter's High School, Boinapally) വിദ്യാര്‍ഥിനിയാണ് നേത്ര. കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ വളര്‍ത്തുനായയെ ഭയന്ന് മൂന്നാം നില കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഡെലിവറി ബോയ് മരിച്ചിരുന്നു.
ഈ സംഭവമാണ് 'റോബോട്ടിക് പെറ്റ് ഡോഗ്' എന്ന ആശയത്തിലേക്ക് തന്നെ എത്തിച്ചതെന്ന് നേത്ര വ്യക്തമാക്കി. ഇന്നലെ, സ്കൂളില്‍ നടന്ന പരിപാടിയില്‍ താന്‍ രൂപകല്‍പ്പന ചെയ്‌ത റോബോട്ടിക് വളര്‍ത്തുനായയെ പ്രദര്‍ശിപ്പിക്കുമ്പോഴാണ് ആറാം ക്ലാസുകാരി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് കൂടാതെ, വളര്‍ത്തുമൃഗങ്ങള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളും ഈ ആശയത്തിലേക്ക് എത്താന്‍ തന്നെ പ്രചോദിപ്പിച്ചിരുന്നെന്നും നേത്ര സിങ് പറഞ്ഞു.
വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുക എന്നത് ചെലവേറിയ കാര്യമാണ്. എന്നാല്‍ റോബോട്ടിക് വളര്‍ത്തുമൃഗങ്ങളെ കുറഞ്ഞ ചെലവില്‍ തന്നെ പരിപാലിക്കാന്‍ സാധിക്കും. അവയുടെ പരിപാലനം അപകടരഹിതവുമാണ്. ഇവ വാണിജ്യ ഉത്പന്നം ആക്കി മാറ്റുന്നതിനായി പരിചയസമ്പന്നരായ വ്യക്തികളുടെ ഉപദേശം തങ്ങള്‍ തേടുകയാണെന്ന് സ്കൂള്‍ പ്രധാനാധ്യാപിക ഡോ.കെ.സുവർണ പറഞ്ഞു.
പഞ്ചായത്തില്‍ എത്തുന്നവര്‍ക്ക് ഇനി റോബോട്ടിന്‍റെ സഹായം : കോട്ടയം ജില്ലയിലെ എലിക്കുളം ഗ്രാമപഞ്ചായത്തില്‍ എത്തുന്നവരെ സഹായിക്കുന്നതിന് വേണ്ടിയാണ് 'എലീന' എന്ന റോബോട്ടുള്ളത്. പാത്താമുട്ടം സെന്‍റ് ഗിറ്റ്സ് എൻജിനീയറിങ് കോളജിലെ ഇലക്‌ട്രോണിക്‌സ് വകുപ്പാണ് ഇന്നൊവേഷൻ ആൻഡ് ഡെവലപ്മെന്‍റ് സെന്‍ററിന്‍റെ മേൽനോട്ടത്തിൽ പഞ്ചായത്തിലേക്ക് റോബോട്ടിനെ നിര്‍മിച്ച് നല്‍കിയത്. കഴിഞ്ഞ ദിവസമായിരുന്നു റോബോട്ടിന്‍റെ ഉദ്ഘാടനം.
റോബോട്ട് നിർമാണത്തിന് പനമറ്റം സർക്കാർ ഹൈസ്‌കൂളിലെ ടിങ്കറിങ് ലാബ് വിദ്യാർഥികളുടെ സഹകരണവും ഉണ്ടായിരുന്നു. മൂന്നരലക്ഷം രൂപ ചെലവിട്ടാണ് റോബോട്ടിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. എലിക്കുളം ഇന്നവേഷൻ ഫോർ പ്യൂപ്പിൾ അസിസ്റ്റൻസ് എന്നാണ് 'എലീന'യുടെ പേരിന്‍റെ പൂര്‍ണരൂപം. റോബോട്ടിന് പേര് നിര്‍ദേശിക്കാന്‍ നിര്‍മാതാക്കള്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ അനിത മരിയ അനിലാണ് റോബോട്ടിന് 'എലീന' എന്ന പേര് നിര്‍ദേശിച്ചത്. ഇലഞ്ഞി സെന്‍റ് ഫിലോമിനാസ് പബ്ലിക് സ്‌കൂളിലെ വിദ്യാർഥിയാണ് അനിത മരിയ.