ന്യൂഡല്‍ഹി: ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി ഇന്ത്യ: ദി മോദി ക്വസ്‌റ്റ്യന്‍റെ ആദ്യ എപ്പിസോഡ് ഉള്‍പ്പെടുന്ന യൂട്യൂബ് വീഡിയോകള്‍ ബ്ലോക്ക് ചെയ്യാന്‍ വീണ്ടും കേന്ദ്രത്തിന്‍റെ ഉത്തരവ്. ബന്ധപ്പെട്ട യൂട്യൂബ് വീഡിയോകളിലേക്ക് പ്രവേശിക്കാനുള്ള ലിങ്കുകള്‍ അടങ്ങിയ 50 ട്വീറ്റുകള്‍ തടയാന്‍ ട്വിറ്ററിനും കേന്ദ്രം നിര്‍ദേശം നല്‍കി. 2021ലെ ഐടി നിയമ പ്രകാരമുള്ള അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ച് വെള്ളിയാഴ്‌ച ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്‌കാസ്റ്റിങ് സെക്രട്ടറി നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് പ്രസ്‌തുത വീഡിയോകളും ലിങ്കുകളും വീണ്ടും പ്രത്യക്ഷപ്പെട്ടാല്‍ ബ്ലോക്ക് ചെയ്യുന്നതിനായി കേന്ദ്രം ഇന്ന് ഉത്തരവിട്ടത്. ഉത്തരവ് യൂട്യൂബും ട്വിറ്ററും പാലിച്ചതായാണ് റിപ്പോര്‍ട്ട്.
ഡോക്യുമെന്‍ററി ഇന്ത്യയില്‍ റിലീസ് ചെയ്‌തിട്ടില്ലെങ്കിലും ചില യൂട്യൂബ് ചാനലുകള്‍ ബിബിസി പുറത്തുവിട്ട ഡോക്യുമെന്‍ററിയുടെ ഭാഗങ്ങള്‍ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. വീഡിയോ വീണ്ടും അപ്‌ലോഡ് ചെയ്‌താല്‍ അവ ബ്ലോക്ക് ചെയ്യാനാണ് യൂട്യൂബിന് നിര്‍ദേശം. മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോയുടെ ലിങ്ക് അടങ്ങിയ ട്വീറ്റുകള്‍ കണ്ടെത്തി ബ്ലോക്ക് ചെയ്യാനാണ് ട്വിറ്ററിന് നിര്‍ദേശം നല്‍കിയത്.
അതേ സമയം ഡോക്യുമെന്‍ററി വിഷയത്തില്‍ ബിബിസിയെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യത്തിനകത്തും പുറത്തും നിരവധിപേര്‍ രംഗത്തുവന്നിട്ടുണ്ട്. ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുമെന്ന് ആഹ്വാനം ചെയ്‌തുകൊണ്ട് വിവിധ യുവജന വിദ്യാര്‍ഥി സംഘടനകളും രംഗത്തു വന്നു. 2002ലെ ഗുജറാത്ത് വംശഹത്യയോട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദി സ്വീകരിച്ച നിലപാടാണ് ബിബിസിയുടെ ഇന്ത്യ: ദി മോദി ക്വസ്‌റ്റ്യന്‍ എന്ന ഡോക്യുമെന്‍ററിയുടെ ഉള്ളടക്കം.
Also Read:ഡോക്യുമെന്‍ററി പ്രദര്‍ശനം: തിരുവനന്തപുരത്തും സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
എന്നാല്‍ ബിബിസി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശക്കാരനാക്കാന്‍ മനപ്പൂര്‍വം ഉണ്ടാക്കിയ കഥകളാണ് ഇതെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോഴും ഡോക്യുമെന്‍ററിയുടെ രണ്ടാംഭാഗം ഇന്ന് പുറത്തിറക്കി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടരയോടെയാണ് രണ്ടാം ഭാഗം പുറത്തുവന്നത്. കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് അടക്കമുള്ള കാര്യങ്ങളാണ് രണ്ടാം ഭാഗത്തുള്ളത്.