ന്യൂഡല്‍ഹി: ഗൂഗിള്‍ ക്ലൗഡ് അതിന്‍റെ കോര്‍ ഇന്‍റര്‍നെറ്റ് ഓഫ് തിങ്‌സ് (IoT) സേവനങ്ങള്‍ അവസാനിപ്പിക്കുന്നു. അടുത്തവര്‍ഷം ഓഗസ്റ്റ് വരെ ഉപഭോക്‌താക്കള്‍ക്ക് മറ്റ് സമാന സേവനങ്ങളിലേക്ക് മാറാന്‍ സമയം നല്‍കിയിട്ടുണ്ട്. IoT ബിസിനസില്‍ ആമസോണ്‍ വെബ് സര്‍വീസാണ് ഗൂഗിളിന്‍റെ പ്രധാന എതിരാളി. മൈക്രോസോഫ്‌റ്റും സമാനമായ IoT സേവനങ്ങള്‍ നല്‍കുന്നുണ്ട്.
'IoT Core' ആണ് ആമസോണ്‍ വെബ്‌സര്‍വീസിനുള്ളത്. അതേസമയം മൈക്രോസോഫ്‌റ്റ് അതിന്‍റെ Azure ക്ലൗഡ് പ്ലാറ്റ്‌ഫോമിന്‍റെ ഭാഗമായി 'IoT Hub' ആണ് നല്‍കുന്നത്. "ഗൂഗിള്‍ ക്ലൗഡിന്‍റെ IoT Core സേവനം ഓഗസ്റ്റ് 16 2023 മുതല്‍ അവസാനിക്കും. ഈസമയം മുതല്‍ നിങ്ങളുടെ IoT Core Device Manager APIs ലേക്കുള്ള ആക്‌സസ് ലഭ്യമാകില്ല" ഗൂഗിള്‍ ക്ലൗഡ്‌സ് IoT Core പ്രൊഡക്റ്റ് ടീമിന്‍റെ അറിയിപ്പില്‍ വ്യക്തമാക്കി.
IoT Coreല്‍ നിന്ന് സമാനമായ മറ്റ് സര്‍വീസിലേക്ക് മാറുന്നതിനുള്ള നടപടികള്‍ ഉപഭോക്‌താക്കള്‍ ഇപ്പോള്‍ തന്നെ എടുക്കണമെന്ന ഉപദേശവും ഗൂഗിള്‍ നല്‍കി. മറ്റ് സര്‍വീസുകളിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഗൂഗിള്‍ ക്ലൗഡ് അക്കൗണ്ട് മാനേജറുമായി ബന്ധപ്പെടാനും കമ്പനി നിര്‍ദേശിക്കുന്നു. ഗൂഗിള്‍ ക്ലൗഡ് IoT Core സേവനങ്ങള്‍ തുടങ്ങുന്നത് 2017ലാണ്.
കണക്‌റ്റ് ചെയ്യപ്പെട്ട ഡിവൈസുകളില്‍ നിന്ന് കമ്പനിയുടെ ക്ലൗഡിലേക്ക് ഡാറ്റ അയക്കുന്നത് എളുപ്പമാക്കാനാണ് ഈ സര്‍വീസ് തുടങ്ങിയത്. ലോകത്തിന്‍റെ പല ഭാഗങ്ങളിലുള്ള ദശലക്ഷ കണക്കിന് ഡിവൈസുകളെ പരസ്‌പരം ബന്ധിപ്പിക്കാനും , അതിലുള്ള ഡാറ്റ ഇന്‍ജെസ്‌റ്റ് ചെയ്യാനും മേനേജ് ചെയ്യാനും IoT Coreലൂടെ കഴിയും.
IoT Core ഉം ഗൂഗിള്‍ ക്ലൗഡിലെ മറ്റ് സേവനങ്ങളും ഉപയോഗിച്ച് റിയല്‍ ടൈമില്‍ IoT ഡാറ്റ ശേഖരിക്കാനും വിഷ്വലൈസ് ചെയ്യാനും, അനലൈസ് ചെയ്യാനും, പ്രൊസസ് ചെയ്യാനും സാധിക്കും. ഇതിലൂടെ കമ്പനികള്‍ക്ക് പ്രവര്‍ത്തന ക്ഷമത മെച്ചപ്പെടുത്താന്‍ സാധിക്കും.