ന്യൂഡല്‍ഹി: ഫേസ്ബുക്ക് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണത്തില്‍ 71 ശതമാനം ഇടിവ് വന്നതായി കണക്കുകള്‍. അമേരിക്കയിലെ കൗമാരക്കാരില്‍ നടത്തിയ സര്‍വേയില്‍ 2014-15 കാലയളവില്‍ മാർക്ക് സുക്കർബർഗിന്‍റെ നേതൃത്വത്തിലുള്ള ഫേസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ 71 ശതമാനം ഇടിവുണ്ടായതാണ് പ്യൂ റിസര്‍ച്ച് സെന്‍റര്‍ പുറത്തുവിട്ട കണക്കുകളിലുള്ളത്. 13 മുതല്‍ 17 വയസ് വരെയുള്ള കൗമാരക്കാരിലാണ് സര്‍വേ നടത്തിയത്.
ചൈനീസ് വീഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക്കാണ് ജനപ്രീതിയില്‍ ഏറ്റവും മുന്നിലുള്ള സമൂഹ മാധ്യമം. കൗമാരക്കാര്‍ ഇഷ്‌ടപ്പെടുന്ന സമൂഹ മാധ്യമങ്ങളില്‍ ഇന്‍സ്‌റ്റഗ്രാം, ഫേസ്‌ബുക്ക്, സ്‌നാപ്‌ചാറ്റ് എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനത്തുള്ളത്. സുരക്ഷ പ്രശ്‌നങ്ങള്‍ ഉന്നയിച്ചും മാനസിക പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയപ്പോഴും ഏതാണ്ട് 67 ശതമാനം കൗമാരക്കാരും ഇപ്പോഴും ടിക് ടോക് ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല, കൗമാരക്കാരില്‍ 16 ശതമാനം പേരും ടിക് ടോക് നിരന്തരമായി ഉപയോഗിക്കുന്നുവെന്നും പഠനത്തിലുണ്ട്.
അതേസമയം, 95 ശതമാനം കൗമാരക്കാരും ഉപയോഗിക്കുന്നതിനാല്‍ 2022 ലെ ടീന്‍ ഓൺലൈൻ ലാൻഡ്‌സ്‌കേപ്പിൽ ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് തന്നെയാണ് ഒന്നാമന്‍. ഈ പട്ടികയില്‍ 67 ശതമാനം ഉപയോക്താക്കളുമായി ടിക് ടോക്കാണ് പിറകെയുള്ളത്. ഇതിനു പിന്നില്‍ ഇന്‍സ്‌റ്റഗ്രാം, സ്‌നാപ്‌ചാറ്റ് എന്നീ ആപ്ലിക്കേഷനുകളാണ് വരുന്നത്. കൗമാരക്കാരില്‍ 10 ല്‍ 6 പേര്‍ ഇവ രണ്ടും ഉപയോഗിക്കുന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 32 ശതമാനം കൗമാര ഉപയോക്താക്കളുമായി ഇവക്കും പുറകിലാണ് ഫേസ്‌ബുക്കിന്‍റെ സ്ഥാനം. ട്വിറ്റർ, ട്വിച്ച്, വാട്ട്‌സ്‌ആപ്പ്, റെഡ്ഡിറ്റ്, ടംബ്ലർ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളതെന്നും പ്യൂ റിസർച്ച് സെന്‍റർ സർവേയില്‍ കണ്ടെത്തി.
Also Read: സമൂഹമാധ്യമത്തിലെ കൗമാരക്കാരുടെ ശ്രദ്ധയ്ക്ക്, രക്ഷിതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണാധികാരം വരുന്നു
മെറ്റാ സ്ഥാപകനും സിഇഒയുമായ മാർക്ക് സുക്കർബർഗ് തനിക്ക് കീഴിലുള്ള പ്ലാറ്റ്‌ഫോമുകളെ ടിക്‌ടോക്കിന് സമാനമാക്കുന്നതിന് പ്രയത്‌നിക്കുന്നതിന്‍റെ പ്രധാന കാരണം തന്നെ ടിക് ടോക്കിനുള്ള സ്വീകാര്യതയാണ്. മാത്രമല്ല, നിലവില്‍ ഫേസ്‌ബുക്ക്, ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറികളേക്കാൾ പരസ്യങ്ങളുടെ വാർഷിക വരുമാന റൺറേറ്റ് കൂടുതലുള്ളത് ഇൻസ്‌റ്റഗ്രാം റീലുകൾക്കാണ്. ഇത് ഉദ്ദേശം ഒരു ബില്യണ്‍ ഡോളര്‍ വരും.
"2014-15 മുതലുള്ള സോഷ്യൽ മീഡിയ ലാൻഡ്‌സ്‌കേപ്പിലെ മാറ്റങ്ങൾ സൂചിപ്പിക്കുന്നത് ടിക് ടോക്കിന്‍റെ ഉയർച്ചയും, ഫേസ്‌ബുക്കിന്‍റെ തകർച്ചയുമാണ്. അതിനുശേഷം അവർ ഇന്‍സ്‌റ്റഗ്രാം, സ്‌നാപ്‌ചാറ്റ് എന്നിവ ഉപയോഗിക്കുന്നുവെന്നാണ് കൗമാരക്കാരുടെ വർധിച്ചുവരുന്ന ഷെയറുകൾ പറയുന്നത്. നേരെമറിച്ച്, ട്വിറ്റര്‍, ടംബ്ലര്‍ എന്നീ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്ന കൗമാരക്കാരുടെ ഷെയറുകൾ കുറയുന്നതായാണ് റിപ്പോര്‍ട്ട്" എന്ന് സര്‍വേയിലുണ്ട്. എന്നാല്‍ മുന്‍ സര്‍വേകളില്‍ ഉള്‍പ്പെടുത്തിയ വൈന്‍, ഗൂഗിള്‍ പ്ലസ് എന്നിവ ഇപ്പോള്‍ നിലവിലില്ലെന്നും സര്‍വേയില്‍ പറയുന്നു.
സോഷ്യൽ മീഡിയ തെരഞ്ഞെടുക്കുമ്പോള്‍ കൗമാരക്കാരില്‍ ശ്രദ്ധേയമായ ചില വ്യത്യാസങ്ങളുണ്ടെന്നും സര്‍വേ പറയുന്നു. കൗമാരക്കാരായ പെണ്‍കുട്ടികളെക്കാള്‍ യൂട്യൂബ്, ട്വിച്ച്, റെഡ്ഡിറ്റ് എന്നിവ ഉപയോഗിക്കുന്നത് ആൺകുട്ടികളാണെന്ന് പറയുമ്പോള്‍, ആൺകുട്ടികളെക്കാള്‍ ടിക് ടോക്ക്, ഇന്‍സ്‌റ്റഗ്രാം, സ്‌നാപ്‌ചാറ്റ് എന്നിവ പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലും സര്‍വേ ഉദാഹരണമായി കാണിക്കുന്നു. മാത്രമല്ല, വെളുത്തവരായ കൗമാരക്കാരെക്കാള്‍ ടിക് ടോക്, ഇന്‍സ്‌റ്റഗ്രാം, ട്വിറ്റര്‍, വാട്‌സ്‌ആപ്പ് എന്നിവ ഉപയോഗിക്കുന്നത് കറുത്തവരായ സ്‌പെയിന്‍ ഭാഷ സംസാരിക്കുന്ന കൗമാരക്കാരാണെന്നും സര്‍വേയുടെ കണ്ടെത്തലിലുണ്ട്.