വാഷിങ്‌ടണ്‍: പ്രമുഖ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ വാങ്ങുന്നതിൽ നിന്ന് പിന്മാറിയ ഇലോൺ മസ്‌കിന് എതിരെ ട്വിറ്റർ അഭിഭാഷകർ. മസ്‌കിന്‍റെ തീരുമാനം അസാധുവാണെന്നും കരാറിൽ നിന്നുള്ള പിന്മാറ്റം അന്യായമാണെന്നും അഭിഭാഷകര്‍ പറഞ്ഞു. ഇത് ഉടമ്പടിക്ക് മേലുള്ള ലംഘനമാണെന്നും ഇവര്‍ ആരോപിച്ചു.
44 ബില്ല്യൺ യുഎസ് ഡോളറിന്‍റെ കരാറിൽ നിന്നാണ് ഇലോണ്‍ മസ്‌ക് പിന്മാറിയത്. ലോകം ഉറ്റു നോക്കിയിരുന്ന കരാറുകളില്‍ ഒന്നായിരുന്നു മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നു എന്നത്. കരാര്‍ വ്യവസ്‌ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള തീരുമാനം മസ്‌ക് വേണ്ടന്ന് വച്ചത്.
ഈ വര്‍ഷം ഏപ്രിലിലാണ് ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളില്‍ ഒന്ന് ആയിട്ടാണ് ഇത് കണക്കാക്കിയിരുന്നത്. എന്നാൽ വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടതിനാല്‍ കരാറില്‍ നിന്നും പിന്മാറുകയാണെന്ന് മസ്‌ക് അടുത്തിടെ അറിയിക്കുകയായിരുന്നു.