ന്യൂയോര്‍ക്ക് : മനുഷ്യ ശരീരത്തിലെ മുഴുവന്‍ ജനിതക ശ്രേണീകരണവും പൂര്‍ത്തിയാക്കി ഗവേഷകര്‍. യുഎസിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഗവേഷണ സംഘമാണ് ഈ നേട്ടം കൈവരിച്ചത്. മനുഷ്യ ജിനോമിന്‍റെ(ഒരു ജീവിയുടെ മുഴുവന്‍ ജനിതക വിവരങ്ങള്‍) ശ്രേണീകരണം നടത്താനായിട്ടുള്ള അന്താരാഷ്ട്ര ഗവേഷണ പ്രൊജക്റ്റായ ഹ്യൂമണ്‍ ജിനോം പ്രൊജക്റ്റിന് 92 ശതമാനം ശ്രേണീകരണം മാത്രമേ നടത്താന്‍ സാധിച്ചിരുന്നുള്ളൂ. ബാക്കിയുള്ള എട്ട് ശതമാനത്തിന്‍റെ ശ്രേണീകരണമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.
ALSO READ: രാജ്യത്ത് വാട്‌സ്ആപ്പില്‍ ഒരുദിവസം ശരാശരി അയക്കപ്പെടുന്നത് 700 കോടി ശബ്‌ദ സന്ദേശങ്ങള്‍
പ്രമുഖ ശാസ്ത്ര ജേണലായ സയന്‍സിലാണ് ഈ ശ്രേണീകരണത്തിന്‍റെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ജിനോമിന്‍റെ ഈ എട്ട് ശതമാനം ശരീരത്തില്‍ യാതൊരു വിധ ധര്‍മ്മവും നിര്‍വഹിക്കാത്ത, പ്രോട്ടീന്‍ ഉത്പാദിപ്പിക്കാത്ത ഡിഎന്‍എകള്‍ ആയിരുന്നു എന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. എന്നാല്‍ ഇവയ്ക്ക് കോശവുമായി ബന്ധപ്പെട്ട പല നിര്‍ണായക പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്നുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ആഡം ഫിലിപ്പി പറഞ്ഞു.
അര്‍ബുദം പോലുള്ള രോഗങ്ങള്‍ക്ക് ഇവയുടെ പ്രവര്‍ത്തനത്തിലെ താളം തെറ്റലുകള്‍ വഴിവയ്ക്കുന്നുണ്ട്. പല ജനിതക രോഗങ്ങളുടെയും ചികിത്സയില്‍ വലിയ പുരോഗതി കൈവരിക്കാന്‍ ഇവയുടെ ശ്രേണീകരണം സഹായിക്കും.