ഹൈദരാബാദ് : ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ 1 ഉപഗ്രഹം വിജയകരമായി മുന്നോട്ടു കുതിക്കുകയാണെന്ന് ഐഎസ്‌ആർഒ. 'ബെംഗളൂരുവിലെ ISTO ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ (ISTRAC) നിന്ന് ആദ്യത്തെ എർത്ത് ബൗണ്ട് മാൻനിവർ വിജയകരമായി നടത്തി.
245 കി.മീ x 22459 കി.മീ ആണ് പുതിയ ഭ്രമണപഥം കൈവരിച്ചിരിക്കുന്നത്', ഐഎസ്‌ആർഒ എക്‌സിൽ (ട്വിറ്റർ) പങ്കുവച്ചു. ഉപഗ്രഹത്തിന്‍റെ അടുത്ത നീക്കം 2023 സെപ്റ്റംബർ അഞ്ചിന് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഏകദേശം 03:00 മണിക്ക് ഷെഡ്യൂൾ ചെയ്‌തിട്ടുണ്ടെന്നും ഐഎസ്‌ആർഒ അറിയിച്ചു. പിഎസ്എൽവി റോക്കറ്റിൽ നിന്ന് വിജയകരമായി ആദിത്യ എൽ 1 വേർപെട്ടു സ്വാതന്ത്രമായി സഞ്ചരിക്കാൻ തുടങ്ങിയതായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ശനിയാഴ്‌ച (02.09.2023) അറിയിച്ചിരുന്നു.
ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യം വിജയകരമാക്കുന്നതിന് എല്ലാ വിധ സംഭാവനകളും നൽകിയ ശാസ്‌ത്രജ്ഞരെയും ഐഎസ്ആർഒ ചെയർമാൻ അഭിനന്ദിച്ചു. ഇന്ത്യയുടെ മൂന്നാം ചാന്ദ്ര പര്യവേഷണമായ ചന്ദ്രയാൻ 3ന്‍റെ വിജയത്തിലും ആദിത്യ എൽ 1 ദൗത്യത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎസ്‌ആർഒയെ അഭിനന്ദിച്ചിരുന്നു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ശനിയാഴ്‌ച രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ആദിത്യ എൽ 1 വഹിച്ചു കൊണ്ടുള്ള പിഎസ്‌എൽവി വിക്ഷേപണത്തിനു സാക്ഷിയായി.
ആദിത്യയിലെ ഏഴ് പേ ലോഡുകൾ സൂര്യന്‍റെ അന്തരീഷം, സൂര്യന്‍റെ കാന്തികക്ഷേത്രം, സൂര്യന്‍റെ പുറം പാളി ചൂടിന്‍റെ പുറംന്തള്ളൽ, സൂര്യനിൽ നടക്കുന്ന സ്‌ഫോടനങ്ങൾ, അതുവഴി പുറത്തേയ്‌ക്കു വിടുന്ന ഊർജത്തെപ്പറ്റിയുമാണ് പ്രധാനമായും ആദിത്യ എൽ 1 പഠിക്കുക.
ഓഗസ്റ്റ് 23നായിരുന്നു രാജ്യത്തിന്‍റെ സ്വപ്‌ന പദ്ധതിയായ ചന്ദ്രയാന്‍ 3 ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ തൊട്ടത്. ഇതോടെ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവം തൊടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ചന്ദ്രയാന്‍ 2 പരാജയപ്പെട്ടതിന് പിന്നാലെയാണ് ചന്ദ്രയാന്‍ 3 ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ചത്. തുടര്‍ന്ന് ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സോഫ്‌റ്റ് ലാന്‍ഡിങ് നടത്തുന്ന ദിവസത്തിനായി രാജ്യമെമ്പാടും വലിയ ആകാംക്ഷയോടെയും പ്രാര്‍ഥനകളോടെയുമാണ് കാത്തിരുന്നത്. ഒടുവില്‍ ഓഗസ്‌റ്റ് 23 വൈകിട്ട് 6.04ന് ചന്ദ്രയാന്‍ 3 ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ വിജയകരമായി സോഫ്‌റ്റ് ലാന്‍ഡിങ് നടത്തി. ലോകമെമ്പാടുമുളള ഇന്ത്യക്കാര്‍ക്കെല്ലാം അഭിമാനമായി മാറിയ ഈ നിമിഷത്തിന് പിന്നാലെ ഐഎസ്‌ആര്‍ഒയ്‌ക്ക് അഭിനന്ദനപ്രവാഹമായിരുന്നു ലഭിച്ചത്.