ശ്രീനഗർ: നീണ്ട മുപ്പത്തിനാലു വർഷത്തെ ഇടവേളയ്ക്കു ശേഷം ശ്രീനഗറിലെ ഷിയ വിശ്വാസികൾ പരമ്പരാഗത പാതയിൽ മുഹറം ഘോഷ യാത്ര നടത്തി. ജമ്മു കശ്‌മീർ ഭരണാധികാരികളുടെ അനുമതിയോടെയായിരുന്നു ഇത്തവണത്തെ ഘോഷയാത്ര നടത്തിയത്. ശ്രീനഗർ ജില്ല മജിസ്ട്രേറ്റ് അജാസ് അസാദാണ് മുഹറം ഘോഷയാത്രയ്ക്ക് അനുമതി നൽകാനുള്ള ചരിത്ര പരമായ തീരുമാനമെടുത്തത്. കർശന ഉപാധികളോടെയാണെങ്കിലും രണ്ട് മണിക്കൂർ സമയമായിരുന്നു ഘോഷയാത്രയ്ക്ക് അനുവദിച്ചത്.
സമാധാനപരമായി ഘോഷയാത്രയിൽ പങ്കെടുക്കണമെന്നും ഒരു തരത്തിലുമുള്ള പ്രകോപനങ്ങൾ പാടില്ലെന്നും ഉത്തരവിൽ ജില്ല മജിസ്ട്രേറ്റ് വ്യക്തമാക്കിയിരുന്നു. ആയിരക്കണക്കിന് ഷിയ വിശ്വാസികളാണ് ഘോഷയാത്രയിൽ പങ്കു കൊണ്ടത്. രാവിലെ ആറു മുതൽ എട്ടു വരെയായിരുന്നു ഘോഷയാത്രയ്ക്ക് അനുമതി നൽകിയത്. ശ്രീനഗറിലെ ഗുരുബസാറിൽ നിന്ന് ദാൽ ഗേറ്റിലേക്കായിരുന്നു മുഹറം ഘോഷയാത്ര. ഭീകരവാദ പ്രവർത്തനം മൂർച്ഛിച്ചതോടെ 1989 മുതൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായേക്കുമെന്ന കാരണത്താൽ ജമ്മു കശ്മീർ ഭരണകൂടം മുഹറം എട്ടിനും പത്തിനും നടത്താറുള്ള ഘോഷയാത്രകൾ നിരോധിച്ചിരിക്കുകയായിരുന്നു.
ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിനു ശേഷം കശ്മീർ താഴ്വരയിൽ സമാധാനം പുന:സ്ഥാപിക്കപ്പെട്ടതിന്‍റെ ഭാഗമായാണ് ജമ്മു കശ്മീർ ഭരണാധികാരികൾ ഇത്തവണ ഘോഷയാത്രയ്ക്ക് അനുമതി നൽകിയതെന്നാണ് സൂചന. സർക്കാർ നീക്കത്തെ സ്വാഗതം ചെയ്ത വിശ്വാസികൾ മുഹറം 10 ലെ അവസാന ഘോഷയാത്രയ്ക്കും അനുമതി ലഭിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. സർക്കാർ ഉത്തരവ് പാലിച്ചു കൊണ്ട് മുഴുവൻ വിശ്വാസികളും സമാധാനപരമായി ജുലൂസിൽ പങ്കു ചേരണമെന്ന് ജമ്മു കശ്മീർ ഷിയ അസോസിയേഷൻ പ്രസിഡന്‍റ് മൌലവി ഇമ്രാൻ റിസ അൻസാരി ആഹ്വാനം ചെയ്തു.