എന്നും കാറിൽ യാത്ര ചെയ്യുന്നവരാണോ നിങ്ങൾ? എന്നാൽ ഇന്ന് ആ പതിവ് ഒന്ന് മാറ്റാം. ചെറിയ യാത്രകൾക്കായി നടക്കുകയോ സൈക്കിൾ സവാരിയോ ചെയ്‌തൂകൂടെ. അത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതോടൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്‌ക്കുന്നതിനും വളരെയധികം സഹായകമാകും. ഇന്ന് സെപ്റ്റംബർ 22ന് ലോക കാർ രഹിത ദിനം ആചരിക്കുകയാണ്.
കാർബണിന്‍റെ പുറന്തള്ളൽ കുറച്ച് പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ടാണ് ലോകമെമ്പാടും ഈ ദിനം ആചരിക്കുകയാണ്. അന്തരീക്ഷ മലിനീകരണം കുറയ്‌ക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. നഗരങ്ങളിലെ ചെറിയ യാത്രകൾക്ക് കാർ ഉപയോഗിക്കുന്നതിനേക്കാൾ സൈക്കിൾ ഉപയോഗിച്ച് വേഗത്തിൽ എത്തിച്ചേരാനാകുമെന്ന് ഇതിന് മുൻപ് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഈ ദിനം, വര്‍ഷത്തില്‍ ഒരു ദിവസം കാറുകള്‍ ഉപയോഗിക്കാതെയുള്ള യാത്രയെ പ്രോത്സാഹിപ്പിക്കുന്നു. കാര്‍ ഉപയോഗിക്കാതെ യാത്ര ചെയ്യുന്നതിന്‍റെ പ്രയോജനങ്ങളും ഈ ദിവസം എടുത്തുകാട്ടുന്നു. വായു മലിനീകരണം കുറയ്ക്കാനും സുരക്ഷിതമായ അന്തരീക്ഷത്തിലൂടെയുള്ള നടത്തം, സൈക്ലിങ് എന്നിവയും ഓരോരുത്തരും കാര്‍ യാത്ര ഒഴിവാക്കേണ്ടതിന്‍റെ ആവശ്യകതയും ഈ ദിവസം പ്രോത്സാഹിപ്പിക്കുന്നു.
ചരിത്രം- 1973ൽ ഉണ്ടായ പെട്രോളിയം പ്രതിസന്ധിക്ക് ശേഷമാണ് പരിസ്ഥിതിയുടെയും വ്യക്തികളുടെയും പുരോഗതിക്കായി കാറുകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താനുള്ള പ്രാരംഭ ആശയം ഉടലെടുത്തത്. കാറുകളുടെ എണ്ണത്തിലുണ്ടായ അമിതമായ വർധനവിന് മറുപടിയായി, തൊണ്ണൂറുകളിൽ ലോകമെമ്പാടും കാർ രഹിത ദിനം ആരംഭിക്കുകയായിരുന്നു.
1997-ൽ എൻവയോൺമെന്‍റൽ ട്രാൻസ്‌പോർട്ട് അസോസിയേഷൻ ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടനിൽ ആദ്യത്തെ ദേശീയ കാമ്പയിന്‍ ഉദ്ഘാടനം ചെയ്‌തു. 2000-ൽ കാർബസ്റ്റേഴ്‌സ് ആരംഭിച്ച വേൾഡ് കാർ ഫ്രീ ഡേ പ്രോഗ്രാമിലൂടെ കാർ രഹിത ദിനങ്ങൾ ആഗോളതലത്തിൽ ആചരിച്ചു.
കാർ രഹിത ജീവിതത്തിന്‍റെ പ്രയോജനങ്ങൾ: കാർ രഹിത ജീവിതത്തിന്‍റെ ഏറ്റവും വലിയ നേട്ടം വായു മലിനീകരണം കുറയ്ക്കുന്നു എന്നതാണ്. കാറുകൾ വലിയ അളവിൽ ഹരിതഗൃഹ വാതകങ്ങൾ ഉത്പാദിപ്പിക്കുന്നു, ഇത് കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്നു. കാറുകളുടെ ഉപയോഗം കുറച്ചാൽ ഇത് ഒരു പരിധി വരെ നമുക്ക് തടയാൻ സാധിക്കും. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നു. ട്രാഫിക്കിൽ ചെലവഴിക്കുന്ന സമയത്തിന്‍റെ അളവ് കുറയ്ക്കാൻ കഴിയും. അപകടങ്ങൾ കുറയും. ശബ്‌ദ മലിനീകരണം കുറയുന്നു. ഇത് സമാധാനപരമായ ചുറ്റുപാട് നിങ്ങൾക്ക് സമ്മാനിക്കുന്നു. ബദൽ ഗതാഗതത്തിന്‍റെ പ്രോത്സാഹനം. അതായത് നടത്തം, സൈക്ലിങ് അല്ലെങ്കിൽ പൊതുഗതാഗതം പോലുള്ള ബദൽ ഗതാഗത മാർഗങ്ങൾ ഉപയോഗിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു.
ഇന്ത്യയിലെ സ്വകാര്യ കാറുകളുടെ ഉടമസ്ഥാവകാശം ലോകമെമ്പാടുമുള്ള മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. 2020 ഡിസംബറിൽ പുറത്തിറക്കിയ NFHS-5 റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ 8 ശതമാനം കുടുംബങ്ങൾക്കാണ് കാറുകൾ ഉള്ളത്. 55 ശതമാനം കുടുംബങ്ങൾക്ക് സൈക്കിളും 54 ശതമാനം ആളുകൾക്ക് ഇരുചക്രവാഹനവും ഉണ്ട്.
ദിവസേനയുള്ള യാത്രയുടെ കാര്യത്തിൽ, മിക്ക ഇന്ത്യക്കാർക്കും അവരുടെ ജോലിസ്ഥലത്ത് എത്താനുള്ള ശരാശരി യാത്രാ ദൂരം ഏകദേശം 5 കിലോമീറ്ററാണെന്ന് ആഗോള സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. ഇന്‍റർനാഷണൽ എനർജി ഏജൻസിയുടെ കണക്കനുസരിച്ച്, 2040-ഓടെ ഇന്ത്യയിൽ കാർ ഉടമസ്ഥതയിൽ വർധനവുണ്ടായേക്കും.
സ്വകാര്യ വാഹനങ്ങളുടെ അമിത ഉപയോഗം കാരണം പരിസ്ഥിതിയ്ക്ക് സംഭവിക്കുന്നത് എന്താണെന്ന് വ്യക്തമാക്കിക്കൊണ്ട് പുതുതലമുറയെ വാര്‍ത്തെടുക്കാൻ കഴിയണം. ഭാവിയില്‍ അടുത്തുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മറ്റ് ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുക. സ്വന്തം വാഹനം ഉപയോഗിക്കുന്നതിനേക്കാള്‍ പൊതുഗതാഗതം ഉപയോഗിക്കുന്നതാണ് നല്ലതെന്ന് അവരെ പറഞ്ഞ് മനസിലാക്കുക.
Also read: World Alzheimers Day: ഓർക്കാം ഓർമകൾ നഷ്‌ടമായവരെ; ഇന്ന് ലോക അൽഷിമേഴ്‌സ് ദിനം, അവരെ ചേർത്തുനിർത്താം