രാജ്യത്തുടനീളമുള്ള ദശലക്ഷകണക്കിനാളുകള്‍ ആഘോഷമാക്കുന്ന ആചാരമാണ് ദീപാവലി. ഫെസ്റ്റിവല്‍ ഓഫ് ലൈറ്റ്‌സ് എന്നാണ് ദീപാവലി അറിയപ്പെടുന്നത്. അത്തരമൊരു പേര് വരാന്‍ കാരണം ദീപാവലി ദിനത്തില്‍ എങ്ങും തെളിയുന്ന വെളിച്ചവും പടക്കം പൊട്ടിക്കലുമെല്ലാം തന്നെയാണ്.
പടക്കം പൊട്ടിക്കലില്ലാതെ എന്ത് ദീപാവലി ആഘോഷം. വലിയ ശബ്‌ദത്തോടെയും വിവിധ വര്‍ണത്തോടെയും വിവിധയിടങ്ങളില്‍ നിന്നും ഉയരുന്ന പടക്കങ്ങളുടെ വര്‍ണ കാഴ്‌ച ആസ്വദിക്കുമ്പോള്‍ അത് നമ്മുടെ കണ്ണിന്‍റെ ആരോഗ്യങ്ങള്‍ക്ക് ഏറെ പ്രയാസങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
ആഘോഷ വേളകളിലെ ഇത്തരം പടക്കം പൊട്ടിക്കുമ്പോള്‍ കണ്ണുകളുടെ സുരക്ഷയുടെ കാര്യത്തില്‍ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. ആഘോഷങ്ങള്‍ സന്തോഷകരവും അപകട രഹിതവുമാമെന്ന് ഉറപ്പാക്കാന്‍ അത് ഏറെ നിര്‍ണായകമാണ്. ആഘോഷ വേളകളില്‍ പടക്കം പൊട്ടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളെ കുറിച്ച് ഇന്ത്യയിലെ ഓര്‍ബിസിറ്റിന്‍റെ കണ്‍ട്രി ഡയറക്‌ടര്‍ ഡോ ഋഷി രാജ് ബോറ പറയുന്നു.
ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ്: ദീപാവലി പോലുള്ള ആഘോഷ വേളകളില്‍ പടക്കം പൊട്ടിക്കുന്നവര്‍ പരിസ്ഥിതി സൗഹൃദ പടക്കങ്ങള്‍ തെരഞ്ഞെടുക്കണമെന്ന് ഋഷി രാജ് ബോറ പറയുന്നു. കണ്ണിന് കൂടുതല്‍ സുരക്ഷ നല്‍കുന്ന കണ്ണടകള്‍ ധരിക്കുക, പടക്കങ്ങളില്‍ നിന്നും സുരക്ഷിതരാകാന്‍ കൃത്യമായ അകലം പാലിക്കുക, കുട്ടികള്‍ പടക്കം പൊട്ടിക്കുന്നുണ്ടെങ്കില്‍ അവരെ സൂക്ഷ്‌മമായി നിരീക്ഷിക്കുക.
അപകടമുണ്ടായാൽ എന്തുചെയ്യണം? ആഘോഷ വേളകളില്‍ എത്ര സൂക്ഷ്‌മത പാലിച്ചാലും ചിലപ്പോള്‍ അപകടങ്ങള്‍ സംഭവിച്ചേക്കാം. അത്തരത്തില്‍ കണ്ണിന് പരിക്കേറ്റാല്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ഋഷി രാജ് ബോറ വിശദീകരിക്കുന്നുണ്ട്.
ശാന്തത പാലിക്കുക: കണ്ണിന് എന്തെങ്കിലും തരത്തില്‍ അപകടം ഉണ്ടായാല്‍ കഴിയുന്നത്ര ശാന്തത പാലിക്കണം. ഇത് അത്യന്താപേക്ഷിത കാര്യമാണ്. പരിഭ്രാന്തരായാല്‍ സ്ഥിതി ഗതികള്‍ വഷളാകും. അത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ സംയമനം പാലിക്കുന്നതാണ് ഉത്തമം.
കണ്ണ് തടവാതിരിക്കുക: അപകടമേറ്റ കണ്ണില്‍ തടവുകയോ തൊടുകയോ ചെയ്യരുത്. മാനസികമായി അത്തരം പ്രേരണകള്‍ ഉണ്ടായേക്കാം. എന്നാല്‍ അവയെ ചെറുക്കുക.
കണ്ണ് മൃദുവായി കഴുകുക: അപകടം സംഭവിച്ച കണ്ണില്‍ എന്തെങ്കിലും തരത്തിലുള്ള പൊടികളോ മറ്റ് വസ്‌തുക്കളോ കാണുന്നുണ്ടെങ്കില്‍ അത് പതുക്കെ കഴുകി വൃത്തിയാക്കുക. അമിത വേദനയോ രക്തമോ ഉണ്ടെങ്കില്‍ അത്തരത്തില്‍ സ്വയം വൃത്തിയാക്കല്‍ ഒഴിവാക്കാം. വൃത്തിയാക്കുമ്പോള്‍ ടാപ്പ് വെള്ളം പരമാവധി ഒഴിവാക്കുക. കാരണം ടാപ്പ് വെള്ളത്തില്‍ നിന്ന് സൂക്ഷ്‌മമായ അഴുക്കുകള്‍ കണ്ണിലെത്താന്‍ സാധ്യതയുണ്ട്.
പരിക്കേറ്റ കണ്ണ് മറച്ച് വയ്‌ക്കുക: അപകടത്തിന് പിന്നാലെ കണ്ണ് വൃത്തിയുള്ളതോ മൃദുവായതോ ആയ കോട്ടണ്‍ തുണി കൊണ്ടോ പഞ്ഞി കൊണ്ടോ മറച്ച് വയ്‌ക്കാന്‍ ശ്രദ്ധിക്കുക. ഇത് കണ്ണിലേക്ക് പൊടിപടലങ്ങള്‍ കടക്കുന്നത് തടയും മാത്രമല്ല കണ്ണിന്‍റെ ചലനം കുറയ്‌ക്കാനും ഇതിലൂടെ സാധിക്കും.
വൈദ്യ സഹായം തേടുക: കണ്ണില്‍ ചെറുതോ വലുതോ ആയ എന്തെങ്കിലും അപകടം ഉണ്ടായാല്‍ ഉടനടി വൈദ്യ സഹായം തേടുക. ചെറിയ പരിക്കുകളാണെങ്കില്‍ പോലും അത് കണ്ണിന്‍റെ കാഴ്‌ചയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. സമഗ്രമായ പരിശോധനകള്‍ക്കും ടെസ്റ്റുകള്‍ക്കും വിധേയരാകുന്നത് ഏറെ ഉത്തമമാണ്.
ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തെല്ലാം: കണ്ണില്‍ എന്തെങ്കിലും അപകടമുണ്ടായാല്‍ എന്തെല്ലാം ചെയ്യണമെന്ന് മനസിലാക്കുന്നത് പോലെ തന്നെ എന്തെല്ലാം ചെയ്യരുതെന്ന് അറിയേണ്ടതും നിര്‍ബന്ധമാണ്.
പരിക്കിനെ അവഗണിക്കാതിരിക്കുക: കണ്ണിനേറ്റത് ചെറിയ പരിക്കുകളാണെങ്കിലും അവയെ ഒരിക്കലും അവഗണിക്കരുത്. സങ്കീര്‍ണതകള്‍ തടയുന്നതിനും കാഴ്‌ച സംരക്ഷിക്കുന്നതിനും ഉടനടി വൈദ്യ സഹായം തേടേണ്ടത് അത്യാവശ്യമാണ്.
സ്വയം ചികിത്സ അരുത്: കണ്ണിലുണ്ടാകുന്ന അപകടങ്ങളെ തുടര്‍ന്ന് ഡോക്‌ടര്‍മാരുടെ നിര്‍ദേശമില്ലാതെ സ്വയം ചികിത്സ നടത്തുന്നതും മരുന്നുകള്‍ ഉപയോഗിക്കുന്നതും ഏറെ അപകടങ്ങള്‍ വരുത്തിയേക്കും. കാഴ്‌ച കുറവ് അടക്കമുള്ള പ്രശ്‌നങ്ങളിലേക്ക് സ്വയം ചികിത്സ നയിക്കപ്പെട്ടേക്കാം. തൈലങ്ങളോ മരുന്നുകളോ ഒഴിക്കുന്നത് ഒഴിവാക്കുക.
കണ്ണില്‍ പതിഞ്ഞ വസ്‌തുക്കള്‍ സ്വയം നീക്കരുത്: അപകട സമയത്ത് കണ്ണില്‍ വല്ല വസ്‌തുക്കളും പതിഞ്ഞിട്ടുണ്ടെങ്കില്‍ അത് സ്വയം നീക്കം ചെയ്യാന്‍ ശ്രമിക്കരുത്. ഇത്തരം ശ്രമങ്ങള്‍ ഏറെ പ്രയാസങ്ങളിലേക്ക് നയിക്കപ്പെട്ടേക്കാം. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഉടനടി വൈദ്യ സഹായം തേടാന്‍ ശ്രമിക്കുക.
ദീപാവലി അടക്കമുള്ള ആഘോഷ വേളകള്‍ ആസ്വദിക്കുമ്പോള്‍ സുരക്ഷയ്‌ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കേണ്ടത് പ്രധാനമാണ്. മുകളില്‍ നിര്‍ദേശിച്ചിട്ടുള്ള ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ അപകടങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും.