ന്യൂഡല്‍ഹി : ഇന്ത്യയിലെ വടക്ക് പടിഞ്ഞാറന്‍ മേഖല ഉള്‍പ്പടെയുള്ള നിരവധി പ്രദേശങ്ങളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ വരെ സാധാരണയുള്ളതിലും കൂടുതല്‍ താപനില അനുഭവപ്പെടുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് (ഐഎംഡി). മധ്യ, കിഴക്ക്, വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ ഉഷ്‌ണ തരംഗത്തിന് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു. ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാൾ, ഛത്തീസ്‌ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ അതികഠിനമായി താപനില ഉയര്‍ന്നേക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് ഡയറക്‌ടര്‍ ജനറൽ മൃത്യുഞ്ജയ് മഹാപത്ര പറഞ്ഞു.
കടുത്ത ചൂടിന് ആശ്വാസം പകര്‍ന്ന് വേനല്‍ മഴ : ഇന്ത്യയിലെ സമതലങ്ങളില്‍ കുറഞ്ഞത് 40 ഡിഗ്രി സെല്‍ഷ്യസും തീരപ്രദേശങ്ങളില്‍ കുറഞ്ഞത് 37 ഡിഗ്രി സെല്‍ഷ്യസും മലയോര പ്രദേശങ്ങളിൽ കുറഞ്ഞത് 30 ഡിഗ്രി സെൽഷ്യസും താപനില അനുഭവപ്പെടും. സാധാരണ താപനില 4.5 ഡിഗ്രി സെല്‍ഷ്യസ് എത്തിയാല്‍ ഉഷ്‌ണ തരംഗമായി (ഹീറ്റ് വേവ്) പ്രഖ്യാപിക്കും. ഐഎംഡിയുടെ കണക്ക് പ്രകാരം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് ഫെബ്രുവരിയിലായിരുന്നു. എന്നാല്‍ വിവിധയിടങ്ങളില്‍ ലഭിച്ച വേനല്‍ മഴ കനത്ത ചൂടിന് ഏറെ ആശ്വാസകരമായി. അതുകൊണ്ട് മാര്‍ച്ചില്‍ താപനില കുറയാന്‍ കാരണമായി. 121 വര്‍ഷത്തിന് ശേഷം ഏറ്റവും കൂടുതല്‍ താപനില ഉയര്‍ന്ന വര്‍ഷമായിരുന്നു 2022.
ഇന്ത്യയിലെ അമിത താപനില തരണം ചെയ്യാന്‍ സിപിആര്‍ (സെന്‍റര്‍ ഫോര്‍ പോളിസി റിസര്‍ച്ച്) ഹീറ്റ് ആക്ഷൻ പ്ലാനുകള്‍ അവലോകനം ചെയ്‌തു. താപ തരംഗങ്ങളുടെ ആഘാതം കുറയ്‌ക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ സിപിആര്‍ മുന്നോട്ട് വയ്‌ക്കുന്നുണ്ട്. അതേ സമയം ജൂണില്‍ ഇന്ത്യയില്‍ സാധാരണ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.
വടക്ക് പടിഞ്ഞാറന്‍, മധ്യ, ഉപദ്വീപ് മേഖലകളിലെ മിക്ക ഭാഗങ്ങളിലും സാധാരണ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ മണ്‍സൂണിന് അനുകൂലമായി തെക്കേ അമേരിക്കയ്‌ക്ക് സമീപമുള്ള പസഫിക് സമുദ്രത്തിലെ ലാ നിന അവസ്ഥ ദുര്‍ബലമായതായി ഐഎംഡി പറയുന്നു. മേഖലയിലെ കാലാവസ്ഥ ജൂലൈ-സെപ്‌റ്റംബര്‍ മാസങ്ങളില്‍ എല്‍ നിനോയ്‌ക്ക് അനുകൂലമാണെന്നും മഹാപത്ര പറഞ്ഞു.
'എല്‍ നിനോ' 'ലാ നിന' പ്രതിഭാസങ്ങള്‍: എല്‍ നിനോ, ലാ നിന എന്നിവ സ്‌പാനിഷ് ഭാഷയിലെ പേരുകളാണ്. സമുദ്രം ചൂട് പിടിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ. എന്നാല്‍ ഇതിന് നേരെ വിപരീതമായ പ്രതിഭാസമാണ് ലാ നിന.
എല്‍ നിനോ പ്രതിഭാസം സംഭവിച്ചാല്‍ സമുദ്രത്തിന് സമീപമുള്ള രാജ്യങ്ങളുടെ തീരപ്രദേശങ്ങളില്‍ ധാരാളം മഴ ലഭിക്കും. സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന ക്രമാതീതമായ വ്യതിയാനം എല്‍ നിനോ സതേണ്‍ ഓസിലേഷന്‍ (ENSO) എന്നാണ് അറിയപ്പെടുന്നത്. ലാ നിന എന്നത് എന്‍സോയുടെ തണുത്ത ഘട്ടവും എല്‍ നിനോ എന്നത് എന്‍സോയുടെ ചൂടുള്ള ഘട്ടവുമാണ്.
ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ പടിഞ്ഞാറൻ ഭാഗവും ഇന്തോനേഷ്യയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ കിഴക്കൻ ഭാഗവും തമ്മിലുള്ള സമുദ്രോപരിതല താപനിലയില്‍ വ്യത്യാസമുണ്ടെന്ന് ഐഒഡി (ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍) അറിയിച്ചു. ഇത് ഇന്ത്യന്‍ മണ്‍സൂണിന് അനുകൂലമാണ് കൂടാതെ ഇത് ഇന്ത്യയിലെ കാര്‍ഷിക മേഖലയ്‌ക്ക് ഏറെ ഗുണകരവുമാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയോളം പേര്‍ നേരിട്ടോ അല്ലാതെയോ കൃഷിയെ ആശ്രയിക്കുന്നവരാണ്.
നാശം വിതച്ച് വേനല്‍ മഴ : മണ്‍സൂണിന് മുമ്പുള്ള ഇടിയും മിന്നലും ആലിപ്പഴ വര്‍ഷവും ഉത്തര്‍പ്രദേശിന്‍റെ പലഭാഗങ്ങളിലും വിളകള്‍ നശിപ്പിച്ചു. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലുണ്ടായ മഴയെ തുടര്‍ന്ന് 20 ശതമാനം കൃഷിയ്‌ക്ക് നാശമുണ്ടായതായി ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ചിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.