ഹൈദരബാദ് : ക്രിപ്റ്റോ കറന്‍സികളുടെ മൂല്യത്തില്‍ വലിയ ഏറ്റക്കുറച്ചിലുകളാണ് ഈ അടുത്ത കാലത്തുണ്ടായത്. ഇവയിലെ നിക്ഷേപം ചിലര്‍ക്ക് വലിയ സാമ്പത്തിക ലാഭം നേടിക്കൊടുത്തു. എന്നാല്‍ അടുത്ത കാലത്ത് ക്രിപ്റ്റോ കറന്‍സികളുടെ മൂല്യം വലിയ രീതിയില്‍ ഇടിഞ്ഞത് നിക്ഷേപകര്‍ക്ക് വലിയ നഷ്ടമാണ് വരുത്തിവച്ചത്.
ഉദാഹരണത്തിന് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍റെ മൂല്യം കഴിഞ്ഞ വര്‍ഷം മെയില്‍ 51 ലക്ഷം വരെയെത്തി. എന്നാല്‍ അതിന് ശേഷം ബിറ്റ്‌കോയിന്‍റെ മൂല്യത്തില്‍ വലിയ തകര്‍ച്ചയാണ് ഉണ്ടായത്. കഴിഞ്ഞവര്‍ഷം നവംബറില്‍ ബിറ്റ്‌കോയിന്‍റെ മൂല്യം വീണ്ടും വര്‍ധിച്ച് 54 ലക്ഷം രൂപയിലെത്തി.
ഇപ്പോള്‍ ബിറ്റ്‌കോയിന്‍റെ മൂല്യം 35 ലക്ഷം രൂപയോടടുത്താണ്. ഏറ്റവും പ്രധാനപ്പെട്ട ക്രിപ്റ്റോ കറന്‍സി എന്ന നിലയില്‍ ബിറ്റ്‌കോയിന്‍റെ ഏറ്റക്കുറച്ചിലിനനുസരിച്ച് മറ്റ് ക്രിപ്റ്റോകറന്‍സികളുടെ മൂല്യത്തിലും വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു. പല സാമ്പത്തിക വിദഗ്‌ധരും ക്രിപ്റ്റോ കറന്‍സികളുടെ മൂല്യവര്‍ധനവിനെ 'കുമിള'യായിട്ടാണ്(bubble) പരിഗണിക്കുന്നത്. കാരണം ക്രിപ്റ്റോ കറന്‍സികള്‍ക്ക് യാതൊരു ആന്തരിക മൂല്യവും(inherent value )ഇല്ല എന്നതാണ്. എന്നാല്‍ ക്രിപ്റ്റോ കറന്‍സിയുടെ മൂല്യത്തിലുണ്ടായ വലിയ ഉയര്‍ച്ച നിക്ഷേപകരെ ക്രിപ്റ്റോകറന്‍സികളില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നു.
ക്രിപ്റ്റോ ആസ്‌തി എന്ന നിലയില്‍
നിലവില്‍ ക്രിപ്റ്റോകറന്‍സി നിയമപരമായ ആസ്തിയായി പരിഗണിക്കപ്പെട്ടിട്ടില്ല. പല രാജ്യങ്ങളുമെന്ന പോലെ തന്നെ ഇന്ത്യയും ക്രിപ്റ്റോകറന്‍സികളെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയായാണ് കേന്ദ്ര ഗവണ്‍മെന്‍റും കാണുന്നത്. പക്ഷേ ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുന്നത് ഇന്ത്യയില്‍ കുറ്റകരമൊന്നുമല്ല. രാജ്യത്തെ പലരും ക്രിപ്റ്റോകറസികളെ നിക്ഷേപ ഉപാധിയായി കാണുന്നുണ്ട്. അന്താരാഷ്ട്ര തലത്തിലെ ക്രയവിക്രയത്തിനും ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിക്കുന്നുണ്ട്. പല രാജ്യങ്ങളിലേയും വ്യാപാരികള്‍ ക്രിപ്റ്റോകറന്‍സികള്‍ ക്രയവിക്രയത്തിന് സ്വീകരിക്കുന്നുണ്ട്. മൂന്നാമതൊരു ധനകാര്യ സ്ഥാപനത്തിന്‍റെ മധ്യസ്ഥതയില്ലാതെ തന്നെ രണ്ട് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വിശ്വാസ്യതയോടെ ക്രയവിക്രയം നടത്താന്‍ സാധിക്കുന്ന ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇവയുടെ ഇടപാട്.
ക്രിപ്റ്റോ കറസികളില്‍ നിക്ഷേപവും വ്യാപാരവും നടത്താനുള്ള അവസരം പല എക്‌സ്ചേഞ്ചുകളും ഒരുക്കുന്നുണ്ട്. എന്നാല്‍ ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തുമ്പോള്‍ നല്ലവണ്ണം ചിന്തിക്കേണ്ടതുണ്ട്.
ക്രിപ്റ്റോ കറന്‍സികളെ കുറിച്ച് നല്ല ധാരണയുണ്ടാക്കണം
ബിറ്റ്‌കോയിന്‍ ഉള്‍പ്പടെ നിരവധി ക്രിപ്റ്റോ കറന്‍സികള്‍ ഇന്ന് വിപണിയില്‍ നിലവിലുണ്ട്. ഒരോന്നിനും അതിന്‍റേതായ സങ്കീര്‍ണതകള്‍ ഉണ്ട്. ഏത് ക്രിപ്റ്റോ കറന്‍സിയിലാണോ നിങ്ങള്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നത് അതിനെ കുറിച്ച് നല്ലവണ്ണം മനസിലാക്കണം. അല്ലാതെ നിക്ഷേപിക്കുകയാണെങ്കില്‍ വലിയ സാമ്പത്തിക നഷ്ടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ക്രിപ്റ്റോ കറസികളെ വിലയിരുത്തുന്ന വിശ്വാസ്യതയുള്ള പല വെബ്സൈറ്റുകളുമുണ്ട്. ചില ക്രിപ്റ്റോ കറന്‍സികള്‍ വ്യാജമാണെന്നുള്ള സത്യവും തിരിച്ചറിയേണ്ടതുണ്ട്. ഒരു ക്രിപ്റ്റോ കറന്‍സിയെ കുറിച്ചും നൂറ് ശതമാനം വിവരം ലഭ്യമല്ലാത്തത് നിക്ഷേപത്തിന്‍റ റിസ്‌ക് സൃഷ്ടിക്കുന്നുണ്ട്.
മറ്റ് ആസ്‌തികളില്‍ നിക്ഷേപിച്ച് റിസ്‌ക് കുറയ്ക്കണം
നിങ്ങളുടെ നിക്ഷേപം ക്രിപ്റ്റോ കറന്‍സികളില്‍ മാത്രം കേന്ദ്രീകരിക്കുന്നത് ബുദ്ധിപരമല്ല. സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് , മ്യൂച്വല്‍ ഫണ്ട് എന്നിങ്ങനെ നിങ്ങളുടെ നിക്ഷേപങ്ങള്‍ വൈവിധ്യങ്ങളാകേണ്ടത് റിസ്‌ക് കുറയ്ക്കുന്നതിന് ആവശ്യമാണ്. ഉയര്‍ന്ന റിട്ടേണ്‍ പ്രതീക്ഷിച്ച് നിങ്ങളുടെ നിക്ഷേപത്തിന്‍റെ ഭൂരിഭാഗവും ക്രിപ്റ്റോയില്‍ വിന്യസിക്കുകയാണെങ്കില്‍ ചിലപ്പോള്‍ അത് വരുത്തിവയ്ക്കുക വലിയ സാമ്പത്തിക നഷ്ടമായിരിക്കും. കാരണം ക്രിപ്റ്റോ കറന്‍സികളുടെ മൂല്യത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ അത്രമാത്രം വലുതാണ്. നിങ്ങളുടെ നിക്ഷേപത്തിന്‍റെ ഒരു ശതമാനം മാത്രം ക്രിപ്റ്റോയില്‍ നിക്ഷേപിക്കുന്നതാണ് സുരക്ഷിതമായിട്ടുള്ളത്. കാരണം ഈ ഒരു ശതമാനം പൂര്‍ണമായി നഷ്ടപ്പെട്ടാലും മറ്റ് നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന റിട്ടേണ്‍ ഈ നഷ്ടത്തെ നികത്തിയേക്കാം.
വളരെ അസ്ഥിരമാണ്
ക്രിപ്‌റ്റോകറന്‍സി വ്യാപാരം ഇന്ന് രണ്ട് ലക്ഷം കോടി അമേരിക്കന്‍ ഡോളറിന്‍റെ വിപണിയാണ്. ഊഹക്കച്ചവടക്കാര്‍ നിയന്ത്രിക്കുന്ന വിപണിയാണ് ക്രിപ്റ്റോകറന്‍സി എന്നുള്ളത്കൊണ്ടാണ് അതിന്‍റെ മൂല്യം വളരെ അസ്ഥിരമാകുന്നത്. മൂല്യത്തിലെ ഈ വലിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകള്‍ താങ്ങാന്‍ സാധിക്കാത്ത ചെറുകിട നിക്ഷേപകര്‍ ക്രിപ്റ്റോകറന്‍സി വ്യാപാരത്തില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുന്നതാണ് ബുദ്ധിപരം.
അത്യാര്‍ത്തി നല്ലതല്ല
ക്രിപ്റ്റോ വിപണിയില്‍ സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാത്തതാണ് അതിന്‍റെ മൂല്യത്തില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാനുള്ള ഒരു കാരണം. വളരെ റിസ്‌കുള്ള ക്രിപ്റ്റോ പോലുള്ള ആസ്തികളില്‍ നിക്ഷേപിക്കുമ്പോള്‍ ഉണ്ടാവേണ്ട രണ്ട് കാര്യങ്ങളാണ് അത്യാര്‍ത്തി ഒഴിവാക്കുകയും പേടിക്കാതിരിക്കുകയും ചെയ്യുക എന്നുള്ളത്.
നിങ്ങളുടെ നിക്ഷേപത്തിന് മേല്‍ അമ്പത് ശതമാനം ലാഭം കിട്ടുകയാണെങ്കില്‍ ക്രിപ്റ്റോ വിപണിയില്‍ നിന്ന് ഒഴിവാകുകയാണ് വേണ്ടത്. വീണ്ടും ലാഭം പ്രതീക്ഷിച്ച് നിങ്ങളുടെ ക്രിപ്റ്റോ ആസ്തി നിലനിര്‍ത്തുകയാണെങ്കില്‍ ഒരു പക്ഷേ വലിയ നഷ്ടമായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. കാരണം ക്രിപ്റ്റോ മൂല്യത്തിലെ ഏറ്റക്കുറച്ചില്‍ തന്നെ.
ചെറുകിട നിക്ഷേപകര്‍ ക്രിപ്റ്റോയുടെ ചെറുകോയിനുകളില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ക്രിപ്റ്റോ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി രാജ്യത്ത് ചുമത്തും. നികുതിയില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കൂടുതല്‍ പ്രയാസങ്ങളിലേക്ക് നയിക്കുമെന്നുള്ള കാര്യവും നിക്ഷേപകര്‍ ചിന്തിക്കേണ്ടതുണ്ട്.
Also Read:ഇന്ത്യ - യുഎഇ സ്വതന്ത്ര വ്യാപാര കരാര്‍; 10 ലക്ഷത്തോളം തൊഴിലുകള്‍ സൃഷ്ടിക്കുമെന്ന് പിയൂഷ് ഗോയല്‍