സാൻ ഫ്രാൻസിസ്‌കോ : ലോകത്ത് ഏറ്റവും കൂടുതൽ പേരുടെ മരണത്തിനിടയാക്കുന്ന രോഗങ്ങളിലൊന്നാണ് ഹൃദ്രോഗം. പണ്ട് കാലങ്ങളിൽ പ്രായമേറിയവരിലും വ്യായാമമില്ലാത്തവരിലുമായിരുന്നു ഹൃദ്രോഗവും പക്ഷാഘാതവും കണ്ടിരുന്നത്. എന്നാൽ ഇന്ന് യുവാക്കളിലും ഇവ വ്യാപകമായി കണ്ടുവരുന്നുണ്ട്. കൃത്യമായ വ്യായാമം കൊണ്ടും ശരിയായ ആരോഗ്യ പരിപാലനത്തിലൂടെയും ഹൃദ്രോഗത്തെ നമുക്ക് ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും.
വ്യായാമം ചെയ്യുന്നവരുടെ ഹൃദയം ഉന്മേഷഭരിതമായിരിക്കുകയും അതിലൂടെ രോഗസാധ്യത കുറയുകയും ചെയ്യുന്നു. വ്യായാമമില്ലാത്ത ഒരാള്‍ക്ക് ചെറിയ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായാല്‍ പോലും അത് ഗുരുതരമായി മാറും. പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, പൊണ്ണത്തടി ഇവയെല്ലാം വ്യായാമമില്ലാത്തവരില്‍ കാണപ്പെടുന്ന രോഗങ്ങളാണ്. ഇവയും ഹൃദ്രോഗത്തിന് കാരണമായിത്തീരുന്നു.
പ്രഭാതത്തിലെ വ്യായാമം പ്രധാനം : രാവിലെ വ്യായാമങ്ങളിൽ ഏർപ്പെടുന്നവരിൽ ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത വളരെക്കുറവാണെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്‍റീവ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പ്രഭാതത്തിലെ വ്യായാമം ഹൃദ്രോഗം തടയുമെന്ന് വ്യക്‌തമാക്കിയിരിക്കുന്നത്.
വ്യായാമം ഹൃദയ രോഗങ്ങളെ തടയുന്നതിന് പ്രധാനമാണെന്നും ഇതിൽ പ്രഭാതത്തിലെ വ്യായാമ പ്രവർത്തനങ്ങളാണ് ഏറ്റവും പ്രയോജനകരമെന്നും പഠനത്തിന് നേതൃത്വം നൽകിയ നെതർലൻഡ്‌സിലെ ലൈഡൻ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്‍ററിലെ ഗാലി അൽബാലക് പറഞ്ഞു. യുകെ ബയോ ബാങ്കിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് ഇവർ പഠനം നടത്തിയത്.
ഹൃദയ സംബന്ധമായ അസുഖങ്ങൾ ഇല്ലാത്ത 42 നും 78 നും ഇടയിൽ പ്രായമുള്ള 86,657 മുതിർന്നവരെ ഉൾപ്പെടുത്തിയായിരുന്നു ആദ്യ ഘട്ട പഠനം. സംഘത്തിലുണ്ടായിരുന്നവരുടെ ശരാശരി പ്രായം 62 ആയിരുന്നു. ഇതിൽ 58 ശതമാനവും സ്‌ത്രീകളായിരുന്നു. ആറ് മുതൽ എട്ടു വർഷം വരെയായിരുന്നു പഠനത്തിന്‍റെ കാലാവധി.
വ്യായാമം ചെയ്യേണ്ടത് ഈ സമയങ്ങളിൽ : ഈ കാലയളവിൽ പഠനത്തിൽ പങ്കെടുത്ത 2911 പേർക്ക് കൊറോണറി ആർട്ടറി ഡിസീസ് ഉണ്ടാവുകയും 796 പേർക്ക് സ്ട്രോക്ക് ഉണ്ടാവുകയും ചെയ്‌തു. എന്നാൽ പഠനത്തിൽ പങ്കെടുത്തവരുടെ 24 മണിക്കൂറിലെ പ്രവർത്തന സമയം പരിശോധിച്ചപ്പോൾ രാവിലെ 8 മണിക്കും 11 മണിക്കും ഇടയിൽ ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുന്നവരിൽ ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത കുറവാണെന്നും കണ്ടെത്തി.
വ്യായാമങ്ങളിൽ ഏർപ്പെടുന്നവരുടെ പ്രവർത്തന സമയത്തെ അടിസ്ഥാനമാക്കി അതിരാവിലെ (രാവിലെ 8 മണി), രാവിലെ വൈകി (രാവിലെ 10 മണി), മധ്യാഹ്നം, വൈകുന്നേരം (7 മണി) എന്നിങ്ങനെ നാല് ഗ്രൂപ്പുകളായി വിഭജിച്ചായിരുന്നു രണ്ടാം ഘട്ട പഠനം നടത്തിയത്. ഇതിൽ അതിരാവിലെ വ്യായാമത്തിൽ ഏർപ്പെടുന്നവരിൽ 11 ശതമാനവും രാവിലെ വൈകി വ്യായാമത്തിൽ ഏർപ്പെടുന്നവരിൽ 16 ശതമാനവും കൊറോണറി ആർട്ടറി രോഗം വരാനുള്ള സാധ്യത കുറവാണെന്നും കണ്ടെത്തി.
ALSO READ: ലോക പ്രമേഹ ദിനം: തക്കസമയത്തുള്ള രോഗ നിര്‍ണയവും ശരിയായ ചികിത്സയും പ്രധാനം
ശാരീരികമായി സജീവമായിരിക്കുന്നതിന്‍റെ ആരോഗ്യപരമായ നേട്ടങ്ങളെക്കുറിച്ചാണ് തങ്ങളുടെ കണ്ടെത്തലുകൾ വ്യക്‌തമാക്കുന്നതെന്ന് ഗാലി അൽബാലക് പറഞ്ഞു. പ്രഭാതത്തിലെ വ്യായാമങ്ങൾ പ്രത്യേകിച്ച് രാവിലെ പത്ത് മണിക്കും 11നും ഇടയിലുള്ള വ്യായാമ പ്രവർത്തനങ്ങൾ ഹൃദ്രോഗം തടയുന്നതിന് ഏറെ പ്രയോജനമാണെന്നും അൽബാലക് അവകാശപ്പെടുന്നു.