അബുദബി: താലിബാന്‍റെ തീവ്രമത ഇടപെടലുകളുടെ ഭയത്തിലാണ് ഇസ്‌ലാമിക ലോകം. അവരുടേതായ വ്യാഖ്യാനങ്ങള്‍ ചമച്ചാണ് താലിബാൻ ശരിഅത്ത് നിയമങ്ങള്‍ നടപ്പിലാക്കുന്നത്. അതേസമയം തങ്ങളുടെ നയങ്ങൾ ഇസ്‌ലാമിക നിയമശാസ്‌ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് താലിബാൻ അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്നു.
അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍റെ രീതികളിൽ നിന്നും അവർ നടപ്പിലാക്കുന്ന ഇസ്‌ലാമിക നിയമങ്ങളിൽ നിന്നും അകന്നുനില്‍ക്കാന്‍ ശ്രമിക്കുന്ന മുസ്‌ലിം രാജ്യങ്ങളിൽ പാകിസ്താനും ഉൾപ്പെടുന്നതായി ഡോൺ പത്രത്തിനുവേണ്ടി എഴുതുന്ന കോളമിസ്റ്റ് മുഹമ്മദ് അമീർ റാണ പറയുന്നു. താലിബാന്‍റെ പ്രത്യയശാസ്‌ത്രം ഇന്ന് തീവ്രവാദ സംഘടനയായ തെഹ്‌രീകെ താലിബാൻ പാകിസ്താന്‍റേതിന് (ടിടിപി) സമാനമാണ്.
അഫ്‌ഗാനിസ്ഥാനിലെ സ്‌ത്രീകളെ സ്വന്തം നാട്ടിൽ നിന്ന് തന്നെ പുറത്താക്കാനും താലിബാൻ സ്വീകരിച്ച ഓരോ മാർഗവും പാകിസ്താനെ താലിബാനുമായുള്ള ബന്ധത്തിൽ നിന്ന് അകറ്റാൻ കാരണമായി. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ പോലും അഫ്‌ഗാൻ സ്‌ത്രീകൾക്കെതിരായ താലിബാന്‍റെ പ്രവർത്തനങ്ങളെ വിമർശിച്ചിരുന്നു. 2022 ഡിസംബറിൽ ഇസ്‌ലാമിക് ഓർഗനൈസേഷനിലെ രാജ്യങ്ങൾ അഫ്‌ഗാനിസ്താനില്‍ പ്രത്യേക യോഗം നടത്തുകയും ഐക്യരാഷ്‌ട്രസഭയുടെ തത്ത്വങ്ങളും ലക്ഷ്യങ്ങളും പാലിക്കണമെന്ന് താലിബാനോട് നിർദേശിക്കുകയും ചെയ്‌തിരുന്നു.
സ്‌ത്രീകളുടെ വിദ്യാഭ്യാസത്തിനെതിരായ അനിസ്‌ലാമിക നിരോധനം പുനഃപരിശോധിക്കണമെന്നും ഒഐസി താലിബാനോട് ആവശ്യപ്പെട്ടു. അഫ്‌ഗാനിസ്ഥാനിലെ നിലവിലെ അവസ്ഥയെ കുറിച്ച് ചർച്ച ചെയ്യാൻ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒഐസി എക്‌സിക്യുട്ടീവ് കമ്മിറ്റി 2023 ജനുവരിയിൽ വീണ്ടും യോഗം ചേർന്നിരുന്നു. ഇസ്‌ലാമിക ശരിഅത്തിനനുസരിച്ച് എല്ലാ തലങ്ങളിലും വിദ്യാഭ്യാസം നേടുന്നത് സ്‌ത്രീകളുടെയും പെൺകുട്ടികളുടെയും മൗലികാവകാശമാണെന്ന് യോഗത്തിൽ വീണ്ടും ഓർമിപ്പിച്ചിരുന്നു. യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് അഫ്‌ഗാനിസ്താനിലെ താലിബാൻ നേതാക്കളോട് പെൺകുട്ടികളുടെ സെക്കൻഡറി, ഉന്നത വിദ്യാഭ്യാസ പ്രവേശന വിലക്ക് പിൻവലിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.