ഇന്ന് ഫെബ്രുവരി 21, അന്താരാഷ്‌ട്ര മാതൃഭാഷ ദിനം. ലോകമെമ്പാടും വ്യത്യസ്‌തമായ നിരവധി ഭാഷകളാണുള്ളത്. ഇവയ്‌ക്കെല്ലാം തന്നെ പല സവിശേഷതകളുമുണ്ടാകും.
വ്യത്യസ്‌തമായ ഓരോ സവിശേഷതയുമുള്ള ഭാഷകളെ സംരക്ഷിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ 2000 മുതലാണ് യുനസ്‌കോ ലോക മാതൃഭാഷ ദിനം ആചരിച്ച് തുടങ്ങിയത്. പിന്നീടിങ്ങോട്ട് എല്ലാ വര്‍ഷവും ഫെബ്രുവരി 21 ലോകജനത മാതൃഭാഷക്കായി നീക്കിവച്ചു.
ലോക മാതൃഭാഷ ദിനാഘോഷത്തിന്‍റെ 24-ാം പതിപ്പാണിത്. ബഹുഭാഷ വിദ്യാഭ്യാസം- വിദ്യാഭ്യാസത്തെ പരിവർത്തനം ചെയ്യേണ്ടതിന്‍റെ ആവശ്യകത എന്ന വിഷയത്തിലാണ് ഇത്തവണത്തെ ലോക മാതൃഭാഷ ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
'ലോക മാതൃഭാഷ ദിനം' അറിയാം ചരിത്രം: ഇന്ത്യയുടെ അയല്‍ സംസ്ഥാനമായ ബംഗ്ലാദേശില്‍ നിന്നാണ് അന്താരാഷ്‌ട്ര മാതൃഭാഷ ദിനം ആഘോഷിക്കുക എന്ന ആശയം യുനസ്‌കോയുടെ മുന്നിലെത്തിയത്. പാകിസ്ഥാന്‍ ഭരണകൂടം 1948 ല്‍ ഉറുദുവിനെ ദേശീയ ഭാഷയായി പ്രഖ്യാപിച്ചിരുന്നു. അന്ന് അവിഭജിത പാകിസ്ഥാനിലെ ഭൂരിഭാഗം ആളുകളും ബംഗ്ലയയും ബംഗാളിയുമായിരുന്നു സംസാരിച്ചിരുന്നത്.
1952 ഫെബ്രുവരി 21 മുതല്‍ പഴയ കിഴക്കന്‍ പാകിസ്ഥാനായ ബംഗ്ലാദേശിലെ ജനങ്ങള്‍ ബംഗ്ല ഭാഷയുടെ അംഗീകാരം ലഭിക്കുന്നതിനായി പോരാട്ടം ആരംഭിച്ചു. ആ പോരാട്ടത്തില്‍ അഞ്ച് പേര്‍ക്ക് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നു. ഭാഷ പ്രസ്ഥാനത്തിനായി ബംഗ്ലാദേശികള്‍ നടത്തിയ രക്തച്ചൊരിച്ചിലുണ്ടായ പോരാട്ടത്തിന്‍റെ സ്‌മരണാര്‍ഥമാണ് ഫെബ്രുവരി 21 മാതൃഭാഷ ദിനമായി ആചരിക്കാന്‍ യുനസ്‌കോ തെരഞ്ഞെടുത്തത്.
1999 ല്‍ നടന്ന യുനെസ്‌കോയുടെ ജനറല്‍ കോണ്‍ഫറന്‍സിലാണ് അന്താരാഷ്‌ട്ര മാതൃഭാഷാ ദിനം ആചരിക്കാന്‍ തീരുമാനമായത്. തുടര്‍ന്ന് 2000-ത്തിലായിരുന്നു ലോകമെമ്പാടും ആദ്യമായി ഈ ദിനം ആചരിച്ചതെന്നാണ് യുനെസ്‌ക്കോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നത്.
വിദ്യാഭ്യാസത്തെ പിന്തുണയ്‌ക്കാം ബഹുഭാഷയിലൂടെ: ബഹുഭാഷ വിദ്യാഭ്യാസം - വിദ്യാഭ്യാസത്തെ പരിവർത്തനം ചെയ്യേണ്ടതിന്‍റെ ആവശ്യകത എന്നതാണ് ഇത്തവണ ലോക മാതൃഭാഷ ദിനത്തിന്‍റെ പ്രമേയം. അതിവേഗത്തിലാണ് പ്രതിസന്ധി ഘട്ടങ്ങളും ആഗോള സാഹചര്യങ്ങളും ഇന്ന് മാറിക്കൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ബഹുഭാഷ വിദ്യാഭ്യാസം, ബഹുഭാഷ എന്നിവയിലൂടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിലാണ് ലോക മാതൃഭാഷ ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.