രാജ്യം ഇന്ന് ഭരണഘടനാദിനം ആചരിക്കുകയാണ്. കരട് ഭരണഘടനയിന്‍മേല്‍ ഡ്രാഫ്‌റ്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ബി ആര്‍ അംബേദ്‌കര്‍ അവതരിപ്പിച്ച പ്രമേയം 1949 നവംബര്‍ 26നാണ് ഭരണഘടന നിര്‍മാണ സഭ പാസാക്കുന്നത്. ഈ ദിനമാണ് ഭരണഘടന ദിനമായി രാജ്യം ആചരിക്കുന്നത്.
വലിയ തരത്തിലുള്ള അസമത്വവും വൈവിധ്യവും നിലനില്‍ക്കുന്ന നമ്മുടെ രാജ്യം അധികകാലം അഖണ്ഡമായി മുന്നോട്ട് പോവില്ല എന്ന് പലരും വിധിയെഴുതി. എന്നാല്‍ ആ പ്രവചനങ്ങളൊക്കെ തെറ്റിച്ച് രാജ്യം മുന്നോട്ടുപോവുകയാണ്. ഇതില്‍ ഭരണഘടന വഹിക്കുന്ന പങ്ക് വലുതാണ്.
പൂര്‍ണമായി തെരഞ്ഞെടുക്കപ്പെട്ടതല്ല ഭരണഘടന നിര്‍മാണസഭയെങ്കിലും രാജ്യത്തെ നാനാവിധമായ വിഭാഗങ്ങളുടെ പ്രതിനിധികള്‍ അതില്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാജ്യത്തെ രാഷ്‌ട്രീയ സാമ്പത്തിക സാമൂഹിക യാഥാര്‍ഥ്യങ്ങളെ കുറിച്ചുള്ള അറിവ് ഭരണഘടന നിര്‍മാണ സഭയ്‌ക്ക് ലഭ്യമായിരുന്നു. 1935ലെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്‌റ്റില്‍ നിന്നും വിവിധ രാജ്യങ്ങളുടെ ഭരണഘടനയില്‍ നിന്നും നമ്മുടെ ഭരണഘടന കടംകൊണ്ടിട്ടുണ്ടെങ്കിലും അവയൊന്നും യാന്ത്രികമായ കടംകൊള്ളല്‍ ആവാതിരുന്നത് ആ അറിവിന്‍റെ ബലത്തിലാണ്. കടംകൊണ്ടവയെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമാക്കി മാറ്റുകയാണ് ഭരണഘടന നിര്‍മാതാക്കള്‍ ചെയ്‌തത്.
അഖണ്ഡത കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങള്‍: ഭരണഘടനയിലെ മതേതരത്വം, മൗലികാവകാശങ്ങള്‍, ഫെഡറലിസം, നൂറ്റാണ്ടുകളായി വിവേചനം നേരിട്ടവര്‍ക്കുള്ള സംവരണം എന്നിവ ഇന്ത്യയുടെ അഖണ്ഡതയെ കാത്തുസൂക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. രാജ്യത്തെ നിയമങ്ങളുടെ സ്രോതസ്സായ ഭരണഘടന ജാതിയുടെ പേരിലുള്ള വിവേചനങ്ങള്‍ കൊടികുത്തിവാണിരുന്ന സമൂഹത്തിലേക്കാണ് അവതരിപ്പിക്കപ്പെടുന്നത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ഒരു പുതുവെളിച്ചമാണ് അത് പ്രദാനം ചെയ്‌തത്. സാമ്പത്തികവും രാഷ്‌ട്രീയവും സാമൂഹികവുമായ നീതി അത് മുന്നോട്ടുവയ്ക്കുന്നു.
സമൂഹ്യ പരിഷ്‌കരണത്തിന്‍റെ റോളും ഭരണഘടന ഏറ്റെടുക്കുന്നു. നൂറ്റാണ്ടുകളായി നിലനിന്ന അയിത്തം കുറ്റകരമാക്കി. ഇഷ്‌ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആചാരങ്ങള്‍ അനുഷ്‌ഠിക്കാനും ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ടെങ്കിലും ആരോഗ്യത്തിനും ഭരണഘടന സദാചാരത്തിനും എതിരായ ആചാരങ്ങളെ അത് വിലക്കുകയും ചെയ്യുന്നു.
ആര്‍ട്ടിക്കിള്‍ 14,15,16 എന്നിവയിലൂടെ തുല്യതയ്‌ക്കും അവസരസമത്വത്തിനുമുള്ള മൗലികാവകാശങ്ങള്‍ പൗരന്‍മാര്‍ക്ക് ഭരണഘടന നല്‍കുന്നു. എന്നാല്‍ സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ ഭരണകൂടത്തെ അനുവദിക്കുകയും ചെയ്യുന്നു. വൈവിധ്യത്തേയും വ്യക്തിസ്വാതന്ത്ര്യത്തേയും അംഗീകരിക്കുന്നതിലൂടെ ഒരു പുതിയ ജീവിതത്തിലേക്ക് കടന്ന ദേശത്തിന് സാഹോദര്യത്തോടേയും ഒരുമയോടെയും മുന്നോട്ടുപോകാനുള്ള ആത്‌മവിശ്വാസവും പ്രതീക്ഷയുമാണ് ഭരണഘടന നല്‍കിയത്.
അഖണ്ഡതയെ പരിഗണിച്ചുള്ള ഫെഡറലിസം : ഇന്ത്യന്‍ സാഹചര്യങ്ങള്‍ ശരിയായി മനസിലാക്കി കൊണ്ടുള്ള ഫെഡറലിസമാണ് ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവെയ്ക്കുന്നത്. അര്‍ധഫെഡറലിസമെന്നും കേന്ദ്രസര്‍ക്കാറിനോട് പക്ഷപാതിത്വമുള്ള ഫെഡറലിസമെന്നും(federal system with unitary bias) അതിനെ ഭരണഘടന വിദഗ്‌ധര്‍ വിളിക്കുന്നു. ഇത്തരത്തിലുള്ള ഒരു ഫെഡറലിസം മുന്നോട്ടുവച്ചതിലൂടെ ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കുക എന്നതിനാണ് ഭരണഘടന നിര്‍മാതാക്കള്‍ പ്രാധാന്യം നല്‍കിയത്.
സംസ്ഥാനങ്ങള്‍ക്ക് ഇന്ത്യന്‍ യൂണിയനില്‍ നിന്ന് സ്വന്തം ഇഷ്‌ട പ്രകാരം വിട്ടുപോകാന്‍ ഭരണഘടന അനുവാദം കൊടുക്കുന്നില്ല. ഇതിലൂടെ വിഘടനവാദത്തെ ഇന്ത്യന്‍ ഭരണഘടന നിയമവിരുദ്ധമാക്കുന്നു. സോവിയറ്റ് യൂണിയന്‍റെ ശിഥിലീകരണവും മറ്റും കണക്കിലെടുക്കുമ്പോള്‍ ഇത് എത്രമാത്രം ദീര്‍ഘവീക്ഷണത്തോടെയാണെന്ന് നമുക്ക് കാണാന്‍ സാധിക്കും.
1922ല്‍ രൂപീകൃതമായ സോവിയറ്റ് യൂണിയന്‍റെ ഭരണഘടനപ്രകാരം അംഗങ്ങളായ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ക്ക് യൂണിയനില്‍ നിന്ന് വിട്ട് പോകാന്‍ കഴിയുമായിരുന്നു. ഭരണഘടനയിലെ ഈ പ്രൊവിഷന്‍ ഉപയോഗിച്ചാണ് റിപ്പബ്ലിക്കുകളുടെ തലപ്പത്തുള്ളവര്‍ യൂണിയന്‍ വിടാന്‍ തീരുമാനിച്ചതെന്ന് ഓര്‍ക്കണം.
മൃഗീയ ഭൂരിപക്ഷത്തിന്‍റെ തേര്‍വാഴ്‌ച തടയുന്നു: പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം ഉള്ളത് കൊണ്ട് മാത്രം ഒരു സര്‍ക്കാറിന് എന്തും നടപ്പാക്കാം എന്നുള്ളതിനെ തടയുന്നു ഭരണഘടന. മൃഗീയ ഭൂരിപക്ഷം കൊണ്ട് സര്‍ക്കാരുകള്‍ക്ക് ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങള്‍ കവരാന്‍ പറ്റുമെന്ന സാഹചര്യം ഭരണഘടന ഇല്ലാതാക്കുന്നു .
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ചത് 1973ലെ കേശവാനന്ദഭാരതി കേസിലെ വിധിയാണ്. ഭരണഘടന ഭേദഗതിചെയ്യാന്‍ ആര്‍ട്ടിക്കിള്‍ 368 അനുസരിച്ചുള്ള പാര്‍ലമെന്‍റിന്‍റെ അധികാരം ഈ വിധി പരിമിതമാക്കി. ഭരണഘടനയ്‌ക്ക് ഒരു അടിസ്ഥാനഘടനയുണ്ടെന്നും ഇത് മാറുന്ന വിധത്തിലുള്ള ഭേദഗതികള്‍ അനുവദനീയമല്ലെന്നും വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കി.
ഈ അടിസ്ഥാന ഘടന എന്തൊക്കെയാണെന്നതുള്ളത് വിവിധ കോടതി വിധികളാണ് വ്യക്തമാക്കിയത്. ഇതുവരെയുള്ള സുപ്രീംകോടതി വിധികള്‍ അനുസരിച്ച് മതേതരത്വം, ഫെഡറല്‍ സ്വഭാവം, നിയമവാഴ്‌ച, ലെജിസ്ലേറ്റീവ് എക്‌സിക്യുട്ടീവ് ജുഡീഷ്യറി എന്നിവ തമ്മിലുള്ള അധികാര വിഭജനം(separation of power) മുതലായവ ഭരണഘടനയുടെ അടിസ്ഥാനഘടനയാണ്. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടന ആയതുകൊണ്ടുതന്നെ എത്രയധികം ഭൂരിപക്ഷം ഉണ്ടെങ്കിലും ഭരണഘനയുടെ ആ സ്വഭാവം ഇല്ലാതാക്കാന്‍ ഒരു സര്‍ക്കാറിനും കഴിയില്ല.
അങ്ങനെ ഇന്ത്യന്‍ പൊതുജീവിതത്തെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായ സ്ഥാനമാണ് ഭരണഘടനയ്‌ക്കുള്ളത്. പൗരന്‍റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുകയും അവന്‍റെ നാനാവിധമായ വളര്‍ച്ചയ്‌ക്ക് സാഹചര്യം ഒരുക്കുകയും ചെയ്യുന്നുണ്ട് ഭരണഘടന.