അല്പം നിസാരക്കാരനായി തോന്നിക്കുമെങ്കിലും താരന്‍ സൃഷ്‌ടിക്കുന്ന ബുദ്ധിമുട്ടുകള്‍ തെല്ലും ചെറുതല്ല. പൊതുസ്ഥലങ്ങളിലും ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും നില്‍ക്കുമ്പോള്‍ തലയില്‍ നിന്നും താരന്‍ കൊഴിഞ്ഞ് വീഴുന്നത് പലര്‍ക്കും ആത്മവിശ്വാസ കുറവു പോലും ഉണ്ടാക്കാറുണ്ട്. മുടികൊഴിച്ചിലിനൊപ്പം ചൊറിച്ചിലും കഠിനമാകുമ്പോള്‍ ആയിരിക്കും പലരും താരനെ ശ്രദ്ധിക്കുന്നത്.
താരനുണ്ടാകാന്‍ നിരവധി കാരണങ്ങളുണ്ട്. അതുപോലെ തന്നെയാണ് ഇതിന്‍റെ പരിഹാര മാര്‍ഗങ്ങളും. ഷോപ്പുകളില്‍ നിന്നും ലഭിക്കുന്ന ഉത്‌പന്നങ്ങള്‍ ഉപയോഗിച്ചും വീടുകളില്‍ നമുക്ക് തന്നെ നിര്‍മിച്ചെടുക്കാന്‍ സാധിക്കുന്ന ചില സാധനങ്ങള്‍ കൊണ്ടും താരനെന്ന വില്ലനെ നമുക്ക് തലയില്‍ നിന്നും അപ്പാടെ പായിക്കാം. ഇത് കൂടാതെ പ്രകൃതിദത്ത മാര്‍ഗങ്ങളും താരന്‍ മാറ്റാന്‍ ഉപയോഗിക്കാവുന്നതാണ്. അവയില്‍ ചിലതിനെ പരിചയപ്പെടാം...
ടീ ട്രീ ഓയില്‍ (Tea Tree Oil)
ആന്‍റിഫംഗല്‍, ആന്‍റി ബാക്‌ടീരിയല്‍ ഗുണങ്ങളുള്ള ഒന്നാണ് ടീ ട്രീ ഓയില്‍. ഇതിന്‍റെ ഉപയോഗം താരനുമായി ബന്ധപ്പെട്ട ഫംഗസിന്‍റെ വളര്‍ച്ചയെ നിയന്ത്രിക്കാന്‍ സഹായിക്കും. തലയില്‍ പുരട്ടാന്‍ ഉപയോഗിക്കുന്ന ഓയിലിനൊപ്പം ഒരു തുള്ളി ടീ ട്രീ ഓയിലും ചേര്‍ത്ത് താരന്‍ മാറ്റാന്‍ ഇത് ഉപയോഗിക്കാം. മിക്‌സ് ചെയ്‌തെടുക്കുന്ന ഈ ഓയില്‍ തലയോട്ടിയില്‍ നേരിട്ട് വേണം തേച്ചുപിടിപ്പിക്കാന്‍.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ (Apple Cider Vinegar)
തലയിലെ താരന്‍ മാറ്റിയെടുക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച പ്രകൃതിദത്ത ഉത്പന്നം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതും വെള്ളവും തുല്യ അനുപാതത്തില്‍ കലര്‍ത്തി ഹെയര്‍ മിക്‌സ് ഉണ്ടാക്കിയെടുക്കാം. മുടി കഴുകിയ ശേഷം വേണം ഈ മിക്‌സ് തലയില്‍ പുരട്ടേണ്ടത്.
തുടര്‍ന്ന്, 15-20 മിനിറ്റുവരെ നല്ലതുപോലെ മസാജ് ചെയ്‌ത ശേഷം ഉണങ്ങാന്‍ അനുവദിക്കുക. ഇതിന് ശേഷം മാത്രമെ ഇത് കഴുകി കളയാകൂ. തുടര്‍ച്ചായായി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ തലയോട്ടിയില്‍ ഉപയോഗിക്കാന്‍ പാടില്ല.
ബേക്കിങ് സോഡ (Baking Soda)
ആന്‍റഫംഗല്‍ ഗുണങ്ങളുള്ള ബേക്കിങ് സോഡ ഉപയോഗിച്ചും തലയിലെ താരന്‍ മാറ്റിയെടുക്കാം. തലമുടി വൃത്തിയായി കഴുകിയ ശേഷം കൃത്യമായ അളവില്‍ ബേക്കിങ് സോഡ തലയോട്ടിയിലേക്ക് തേച്ചുപിടിപ്പിക്കണം. എന്നിട്ട് വീണ്ടും വൃത്തിയായി കഴുകുകയും കണ്ടീഷണറുകള്‍ ഉപയോഗിക്കുകയും ചെയ്‌താല്‍ തലയിലെ താരന്‍ മാറ്റാന്‍ സാധിക്കും.
കറ്റാര്‍ വാഴ (Aloe Vera)
ചര്‍മ്മത്തിന്‍റെ മാത്രമല്ല തലമുടിയുടെ സംരക്ഷണത്തിനും കണ്ണും പൂട്ടി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. താരന്‍ മൂലമുണ്ടാകുന്ന ചൊറിച്ചിലും തലയിലെ വീക്കവും കുറയ്‌ക്കാന്‍ കറ്റാര്‍ വാഴ ഉപയോഗം സഹായിക്കും. മോയ്‌സ്‌ചറൈസിങ് ഗുണങ്ങളും ഇതിനുണ്ട്. കറ്റാര്‍ വാഴയുടെ ജെല്‍ നേരിട്ട് തന്നെ തലയിലേക്ക് തേച്ചുപിടിപ്പിക്കാവുന്നതാണ്. തുടര്‍ന്ന് 30 മിനിട്ടിന് ശേഷം ഇത് കഴുകി കളയാം.
വെളിച്ചെണ്ണ (Coconut Oil)
ഒരു പ്രകൃതിദത്ത മോയ്‌ചറൈസറാണ് വെളിച്ചെണ്ണ. ഇത് തലയോട്ടിയിലെ വരള്‍ച്ചയും ചൊറിച്ചിലും ശമിപ്പിക്കാന്‍ സഹായിക്കും. താരന്‍ മാറ്റാന്‍ ചെറിയ ചൂടുള്ള വെളിച്ചെണ്ണ തലയില്‍ പുരട്ടണം. തലയില്‍ എണ്ണ പുരട്ടി ഏകദേശം 30 മിനിറ്റെങ്കിലും കഴിഞ്ഞ ശേഷം മാത്രം ഇത് കഴുകി കളയാം. ആഴ്‌ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ഇത് ഉപയോഗിക്കാം.
Also Read : മുഖക്കുരു മാറ്റാന്‍ എട്ട് വഴികള്‍