വൈവിധ്യങ്ങള്‍ നിറഞ്ഞ മണ്ണ് കൊണ്ട് സമ്പന്നമായ നാടാണ് നമ്മുടേത്. അത് കൊണ്ട് തന്നെ വ്യത്യസ്‌തമായ കാര്‍ഷിക വിഭവങ്ങള്‍ ഉത്പാദിപ്പിക്കാനും നമുക്ക് കഴിയുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍, സുഗന്ധവ്യജ്ഞനങ്ങള്‍, കറിക്കൂട്ടുകള്‍ എന്നിവ ഉത്പാദിപ്പിക്കാന്‍ നമുക്ക് കഴിയുന്നു. നമ്മുടെ നാട്ടിലെ സംസ്‌കരിച്ച പൂക്കള്‍ക്ക് രാജ്യത്തിന് അകത്തും പുറത്തും ആവശ്യക്കാരും ഏറെയാണ്. ഇവ കൈകാര്യം ചെയ്യാന്‍ എളുപ്പമാണെന്നതും ദിവസങ്ങളോളം വാടാതെ ഇരിക്കുമെന്നതും വില കുറവാണെന്നതും നമ്മുടെ പൂക്കളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. അമേരിക്ക, ജപ്പാന്‍, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് നമ്മുടെ നാട്ടില്‍ നിന്ന് പൂക്കള്‍ കയറ്റി അയക്കുന്നുണ്ട് (Dry flowers and floral waste – A boon to Floriculture industry).
പുഷ്‌പക്കയറ്റുമതിയില്‍ (flower export) ഒന്നാം സ്ഥാനത്തുള്ള രാജ്യം ഇന്ത്യയാണ്. പ്രതിവര്‍ഷം 100 കോടി രൂപയാണ് ഇതിലൂടെ നമുക്ക് ലഭിക്കുന്നത്. 500ലധികം വ്യത്യസ്‌തയിനം പൂക്കള്‍ 20ലേറെ രാജ്യങ്ങളിലേക്ക് നമ്മള്‍ കയറ്റി അയക്കുന്നു. രാജ്യത്തെ വിവിധ ആരാധനാലയങ്ങളില്‍ നിന്ന് നിത്യവും 20 ടണ്‍ പൂക്കള്‍ ഉപയോഗ ശേഷം പുറന്തള്ളുന്നുണ്ട്. വാടാമല്ലി, ജമന്തി, സീനിയ, കോഴിപ്പൂവ്, റോസാപ്പൂവ് തുടങ്ങിയവ സംസ്‌കരിച്ച് കയറ്റുമതി ചെയ്യുന്നവയില്‍ പ്രധാനമാണ്. ചില പൂക്കള്‍ മൂന്ന് നാല് ദിവസം വരെ വാടാതെ ഇരിക്കും. പൂക്കളിലെ ജലാംശം നീക്കിയാണ് ഇവ സംസ്‌കരിക്കുന്നത്. ഇതിനായി വിവിധ മാര്‍ഗങ്ങള്‍ നിലവിലുണ്ട്. മൈക്രോവേവ് ഓവന്‍ ഡ്രൈയിങ് മുതല്‍ ഗ്ലിസറിന്‍ മെതേഡും ഫ്രീസ് ഡ്രെയിങ് വരെ ഇതിനായി ഉപയോഗിക്കുന്നു.
ഉപയോഗ ശേഷമുള്ള പൂക്കള്‍ (flower waste) നിക്ഷേപിക്കുന്നത് മൂലം നിരവധി പുഴകള്‍ മലിനമാക്കപ്പെടുന്നു. വെള്ളത്തിന്‍റെ ഒഴുക്ക് തടസപ്പെടുന്നതിനൊപ്പം ഇവയില്‍ നിന്നുണ്ടാകുന്ന രാസവസ്‌തുക്കള്‍ ജലത്തില്‍ ജീവിക്കുന്ന സസ്യ-ജീവി സമൂഹങ്ങള്‍ക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ മാലിന്യപ്രശ്‌നമായി മാറിയിരിക്കുകയാണ് പ്രാര്‍ഥനകള്‍ക്ക് ശേഷം ആരാധനാലയങ്ങളില്‍ നിന്ന് പുഴകളിലേക്കും ഭൂമിയിലേക്കും തള്ളപ്പെടുന്ന പുഷ്‌പങ്ങള്‍. പൂജക്കെടുത്ത പൂക്കള്‍ ആയത് കൊണ്ട് തന്നെ ഇത് വളരെ പവിത്രമാണ്. അത് കൊണ്ട് അവ മാലിന്യക്കൂമ്പാരങ്ങളില്‍ നിക്ഷേപിക്കാനും പാടില്ലെന്നാണ് വിശ്വാസം. അത് കൊണ്ട് തന്നെ അവ അടുത്തുള്ള ജലാശയങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നു.
ഗംഗാനദിയില്‍ പ്രതിവര്‍ഷം 80 ലക്ഷം മെട്രിക് ടണ്‍ പുഷ്‌പ മാലിന്യങ്ങളാണ് നിക്ഷേപിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ ക്ലൈമറ്റ് ചെയ്ഞ്ചിന്‍റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഗംഗാനദിക്ക് ചുറ്റുമുള്ള ക്ഷേത്രങ്ങളിലും പള്ളികളിലും നിന്നുള്ളവയാണിത്. ഹൈദരാബാദില്‍ മാത്രം ആരാധനാലയങ്ങളില്‍ നിന്ന് പുറന്തള്ളുന്നത് ആയിരം മെട്രിക് ടണ്‍ പുഷ്‌പ മാലിന്യമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തൊട്ടടുത്ത് പുഴയില്ലെങ്കില്‍ ഈ പുഷ്‌പ മാലിന്യങ്ങള്‍ അടുത്തുള്ള പാതയോരത്തോ കുഴികളിലോ നിക്ഷേപിക്കപ്പെടുന്നു. ഇത് ഉയര്‍ത്തുന്ന മാലിന്യപ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇവ കാര്‍ബണ്‍ അടക്കമുള്ള വാതകങ്ങള്‍ പുറന്തള്ളുന്നുണ്ട്. ഇത് മണ്ണിനെ മലിനമാക്കുന്നു.
ഇതില്‍ നിന്ന് നമ്മുടെ മണ്ണിനെയും വെള്ളത്തെയും രക്ഷിക്കാനായി ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഈ പുഷ്‌പങ്ങളെ ഉപയോഗമുള്ള ചില വസ്‌തുക്കളാക്കി മാറ്റിക്കൊണ്ടാണ് ഈ വലിയ തലവേദനയ്ക്ക് അവര്‍ പരിഹാരം കണ്ടിരിക്കുന്നത്. ജൈവവളങ്ങള്‍, സോപ്പുകള്‍, തിരികള്‍, സുഗന്ധദ്രവ്യങ്ങള്‍, ചിത്രഫ്രെയിമുകള്‍, ജനാല ഫ്രെയിമുകള്‍, ചന്ദനത്തിരികള്‍, ആശംസാകാര്‍ഡുകള്‍, പെര്‍ഫ്യൂമുകള്‍, പനീനീര്, നിറങ്ങള്‍, ജൈവ എണ്ണകള്‍, ജൈവവാതകങ്ങള്‍ തുടങ്ങിയവ നിര്‍മിക്കാനായാണ് ഇവ ഉപയോഗിക്കുക. ചില പൂക്കളില്‍ നിന്ന് ജാമുകളും ജെല്ലികളും ബിസ്ക്കറ്റുകളും മറ്റും ഉണ്ടാക്കുന്നുണ്ട്. റോസ്, മുല്ല തുടങ്ങിയവയുടെ ഇതളുകള്‍ നല്ല ആന്‍റി ഓക്‌സിഡന്‍റുകളാണ്. അത് കൊണ്ട് തന്നെ അവ ജൈവ പാനീയങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്.
പൂക്കളുടെ ഈ പുനരുപയോഗം നമ്മുടെ പുഴകളെ രക്ഷപ്പെടുത്തുക മാത്രമല്ല നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുക കൂടി ചെയ്യുന്നു. ചില പൂക്കള്‍ കേക്ക് നിര്‍മ്മാണത്തിന് പോലും ഉപയോഗിക്കുന്നു. പൂ വ്യവസായത്തില്‍ നിന്ന് വന്‍ ലാഭമുണ്ടാക്കാന്‍ സാധിക്കുന്നുണ്ട്. ഇത്തരത്തില്‍ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ കൂടിയാകുമ്പോള്‍ ഈ രംഗം കൂടുതല്‍ മത്സരാധിഷ്ഠിതമാകും. ഇതിന് പുറമെ പുഴകളിലും കൃഷിയിടങ്ങളിലും എത്തിച്ചേരുന്ന പൂക്കളുടെ അളവും ഗണ്യമായി കുറയും. നാട്ടിന്‍പുറത്തെ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ഇവ നിരവധി തൊഴിലവസരങ്ങളും (job opportunities) തുറന്ന് നല്‍കുന്നു. നാട്ടിന്‍പുറത്തെ സ്ത്രീകള്‍ക്ക് ഇവയുടെ വിപണന സാധ്യതകളെക്കുറിച്ച് നല്ല ബോധവത്ക്കരണം നല്‍കാനായാല്‍ നമ്മുടെ സമ്പദ്ഘടനയ്ക്ക് ഈ പൂക്കള്‍ പരത്തുന്ന സുഗന്ധം വളരെ വലുതായിരിക്കും.