തിരുവനന്തപുരം: കടയ്ക്കാവൂർ കീഴാറ്റിങ്ങൽ റൂറൽ സഹകരണ സംഘത്തിന്‍റെ പ്രധാന ഓഫീസിന്റെ ഷട്ടർ മുറിച്ച് മോഷണ ശ്രമം നടത്തിയ എട്ടുപേർ കടയ്ക്കാവൂർ പൊലീസിന്‍റെ പിടിയിലായി. കീഴാറ്റിങ്ങൽ റൂറൽ സഹകരണ സംഘത്തിന്റെ ഏലാപ്പുറം ഓഫീസിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണ ശ്രമം നടന്നത്. ഓഫീസിന്റെ മുൻവശത്തെ ഷട്ടർ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ച് നീക്കിയാണ് മോഷ്ടാക്കൾ ഓഫീസിനുളളിൽ കടക്കാൻ ശ്രമിച്ചത് എന്നാൽ പരിസരവാസി ശബ്ദം കേട്ടതായി മനസിലാക്കിയതോടെ സംഘം മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നു.
മുൻവശത്ത് സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറ മോഷണ സംഘം ദിശമാറ്റി വച്ചിരുന്നു. നിരീക്ഷണ ക്യാമറയില്‍ ആദ്യം ലഭിച്ച ദൃശ്യം ,സംഭവ സമയത്തെ ഫോൺ ടവർ ലൊക്കേഷന്‍ ,പരിസരങ്ങിലെയും പൊതുനിരത്തുകളിലേയും ക്യാമറകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ എന്നിവയില്‍ നിന്നാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. കൂടുതൽ പേർ മോഷണത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി അന്വേഷണ സംഘം അറിയിച്ചു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.