കാസര്‍കോട്: ഭര്‍ത്താവ് കൊലപ്പെടുത്തി പുഴയില്‍ താഴ്ത്തിയ കൊല്ലം സ്വദേശിനി പ്രമീളയുടെ മൃതദേഹത്തിനായുള്ള തെരച്ചില്‍ വ്യാപിപ്പിക്കുന്നു. സോണാര്‍ സ്‌കാനര്‍ ഉപയോഗിച്ച് തെക്കില്‍ പാലത്തിന് കീഴില്‍ നടത്തിയ തെരച്ചില്‍ വിഫലമായിരുന്നു.കഴിഞ്ഞ ദിവസം മുതലാണ് ചന്ദ്രഗിരി പുഴയില്‍ സോണാര്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന ആരംഭിച്ചത്. മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് കല്ല് കെട്ടി താഴ്ത്തിയെന്ന് പറയുന്ന സ്ഥലത്താണ് ആദ്യം സ്‌കാനര്‍ പരിശോധന നടത്തിയത് എന്നാല്‍ തെരച്ചില്‍ ഫലം കണ്ടില്ല.
സംഭവം നടന്ന് മൂന്നാഴ്ച കഴിഞ്ഞതിനാല്‍ മൃതദേഹമുള്ള ചാക്കുകെട്ട് ഒഴുകിപ്പോയിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതിനാല്‍ ചന്ദ്രഗിരി ഭാഗത്തും പെരുമ്പളക്കടവ് ഭാഗത്തും പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് . പുഴയുടെ അടിത്തട്ടില്‍ മണല്‍ചാക്കുകള്‍ നിറഞ്ഞതും സ്‌കാനര്‍ ഉപയോഗിച്ചുള്ള തെരച്ചിലിനെ ബാധിക്കുന്നുണ്ട്. തെരച്ചിലിനിടെ കഴിഞ്ഞ ദിവസം പുഴയില്‍ നിന്നും ചാക്കില്‍ പൊതിഞ്ഞ നിലയില്‍ ഇരുമ്പ് ദണ്ഡ് കണ്ടെത്തിയിരുന്നു. കണ്ടെടുത്ത വസ്തുക്കള്‍ ഫോറന്‍സിക് പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചു. കൊലപാതകം നടത്തിയ ഭര്‍ത്താവ് സെല്‍ജോ പൊലീസ് കസ്റ്റഡിയിലാണ്.