പാലക്കാട്: എലപ്പുള്ളിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി കവർച്ചയും ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയ്ക്ക് നേരെ ആക്രമണവും. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. എലപ്പുള്ളി മണിയേരി വേങ്ങോടിയില്‍ സുശീലയുടെ (60) വീടിന്‍റെ പിൻവാതില്‍ പൊളിച്ച് കയറിയ നാലംഗ സംഘം തമിഴില്‍ ആഭരണങ്ങൾ ആവശ്യപ്പെട്ടു. ആദ്യം കമ്മല്‍ പിടിച്ചു പറിക്കാൻ ശ്രമിക്കുകയായിരുന്നു. അതിനിടെ, സുശീലയുടെ മുഖത്തിനും ചെവിക്കും പരിക്കേറ്റു. കമ്മലും അലമാരിയിൽ സൂക്ഷിച്ചിരുന്ന ആയിരം രൂപയും നിർമ്മാണത്തിലിരിക്കുന്ന വീടിന്‍റെ വയറിങ് സാമഗ്രികളും സംഘം കവർന്നു.
അതിനു ശേഷം സമീപത്തെ ഫാമിലെത്തിയ സംഘം അവിടെ നിന്ന് കോഴികളെയും മുയലിനെയും മോഷ്ടിച്ചു. മുറിയില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ഫാമിലെ സിസിടിവിയില്‍ നാലുപേരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സംഭവമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ്, ഡിവൈഎസ്‌പി പി ശശികുമാര്‍, കസബ ഇന്‍സ്‌പെക്ടര്‍ രാജീവ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. കസബ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണം കുലത്തൊഴിലായി സ്വീകരിച്ച തമിഴ്‌നാട്ടിലെ കൊറവ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.