തിരുവനന്തപുരം: വാക്കു തർക്കത്തിനിടെ വെട്ടേറ്റ ഒരാൾ മരിച്ചു. പോത്തൻകോട് അയിരുപ്പാറ സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. രാത്രി 12.30നാണ് സംഭവം. കാലിൽ വെട്ടേറ്റ രാധാകൃഷ്ണൻ റോഡരികിൽ രക്തം വാർന്ന് കിടക്കുന്നത് കണ്ട് വഴി യാത്രക്കാരൻ പോത്തൻകോട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു . തുടർന്ന് പൊലീസ് രാധാകൃഷ്ണനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു . സുഹൃത്തായ അനിലാണ് തന്നെ വെട്ടിയത് എന്ന് രാധാകൃഷ്ണൻ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
വാക്കുതർക്കത്തിനിടെ കയ്യിൽ ഉണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് വെട്ടിയത് എന്നാണ് പൊലീസ് നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് അയിരുപ്പാറ സ്വദേശി അനിൽ , കുമാർ എന്നിവരെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.