കോട്ടയം: പറപ്പാടം വേളൂരിൽ വീട്ടമ്മ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മോഷണം പോയ കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കാർ ഇന്നലെ രാവിലെ പത്തോടെ അജ്ഞാതന്‍ വീട്ടിന് പുറത്തേക്ക് കൊണ്ടു പോയത് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. വീടിനെകുറിച്ച് വ്യക്തമായി അറിയാവുന്നവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. സ്വർണ്ണാഭരണങ്ങൾ മോഷണം പോയതായും പൊലീസ് കണ്ടെത്തി. കാർ കൊണ്ടുപോയവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
തെളിവ് നശിപ്പിക്കുന്നതിനായി ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ടിരുന്നു. കൊലപാതകം നടന്നത് രാവിലെയാകാമെന്നാണ് നിഗമനം. വൈകീട്ട് ഫയർഫോഴ്സ് എത്തുന്നതുവരെ ഏകദേശം എട്ട് മണിക്കൂർ ചോരവാർന്ന് ഇരുവരും നിലത്ത് കിടന്നു. ഡോഗ് സ്ക്വാഡും ഫോറൻസിക്ക് വിദഗ്ദരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
അയൽവാസികളോട് കൂടുതല്‍ അടുപ്പം പുലർത്തിയവരായിരുന്നില്ല ഷീബയും ഭർത്താവ് സാലിയും. അപരിചിതർ വീട്ടിലെത്തിയാൽ വാതിൽ പെട്ടന്ന് തുറക്കാറില്ല. ആരുമായും ശത്രുതയില്ലെന്നും കുടുംബ സുഹൃത്തുക്കൾ വ്യക്തമാക്കുന്നു. കൃത്യത്തിന് പിന്നിൽ ഒന്നിൽ കൂടുതൽ ആളുകളുണ്ടെന്നാണ് പൊലിസ് നൽകുന്ന വിവരം. കോട്ടയം എസ്.പി പി ജയദേവിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു. കാർ കുമരകം വഴി എറണാകുളത്തേക്ക് പോയതായാണ് സൂചന. ഷീബയുടെ പോസ്റ്റ്‌മോർട്ടം കോട്ടയം മെഡിക്കൽ കോളജിൽ നടന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സാലിയുടെ നില ഗുരുതരമാണ്.