കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞിന്‍റെ ഭ്രൂണം വിദ്ധഗ്‌ധ പരിശോധനക്ക്. വീട്ടു പറമ്പില്‍ കുഴിച്ചിട്ട സ്ഥലത്ത് നിന്നാണ് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ശാന്ത് എസ്.നായരുടെ നേതൃത്വത്തിൽ അന്വേഷണ സംഘം കുഞ്ഞിന്‍റെ ഭ്രൂണം കുഴിച്ചെടുത്ത് പരിശോധന നടത്തിയത്. കേസില്‍ പ്രധാന പ്രതിയായ പിതാവിനെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിന്‍റെ ഭ്രൂണം കുഴിച്ചിട്ട കാര്യം വെളിപ്പെടുത്തിയത്. പീഡനക്കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പിതാവിനെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയത്.
പണം വാങ്ങിയല്ല, പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയതെന്നായിരുന്നു അന്വേഷണ സംഘം തുടക്കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കേസില്‍ പടന്നക്കാട്ടെ ജിം ഉടമയും കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയുമായ ഷെരീഫ്, പടന്നക്കാട്ടെ ടയര്‍ ഉടമ തൈക്കടപ്പുറത്തെ അഹമ്മദ് എന്നിവര്‍ അറസ്റ്റിലായതോടെയാണ് പണ ഇടപാടുകളെക്കുറിച്ച് സംശയം ഉയർന്നത്. ഇതോടെയാണ് പിതാവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കിയത്. കേസില്‍ ഏഴ് പ്രതികളാണുള്ളത്. പിതാവ് ഉള്‍പ്പെടെ ആറുപേരെ ഇതിനകം അറസ്‌റ്റ് ചെയ്തിട്ടുണ്ട്. പടന്നക്കാട് സ്വദേശിയായ ക്വിന്‍റൽ മുഹമ്മദിനെയാണ് ഇനി പിടികിട്ടാനുള്ളത്. ഇയാള്‍ കര്‍ണാടകത്തില്‍ ഒളിവില്‍ കഴിയുന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.