മുംബൈ: വിവാഹാഭ്യര്‍ഥന നിരസിച്ച ടെലിവിഷൻ താരത്തെ യുവാവ് കുത്തിപരിക്കേല്‍പ്പിച്ചു. ഹിന്ദി ടിവി താരം മാല്‍വി മല്‍ഹോത്രയാണ് അക്രമത്തിനിരയായത്. തിങ്കളാഴ്‌ച രാത്രി ഒമ്പത് മണിയോടെ അന്ധേരിയിലെ വര്‍സോവയിലാണ് സംഭവം. കാറില്‍ വരുകയായിരുന്ന മാല്‍വിയെ പ്രതിയായ യോഗേഷ് മഹിപാല്‍ സിങ് വഴിയില്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. എന്നാല്‍ ഇയാളോട് സംസാരിക്കാൻ മാല്‍വി തയാറായില്ല. തുടര്‍ന്ന് ഇരുവരും വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു.
ഇതിനിടെയാണ് കൈയില്‍ കരുതിയ കത്തിയെടുത്ത് മാല്‍വിയുടെ വയറ്റിലും കൈയിലും പ്രതി കുത്തിയത്. തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ മാല്‍വി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ വിവാഹാഭ്യര്‍ഥനയുമായി തന്‍റെ പിന്നാലെയുണ്ടെന്ന് മാല്‍വി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അഭ്യര്‍ഥന നിരസിച്ചതായിരിക്കാം കൊലപാതക ശ്രമത്തിന് കാരണമായതെന്നാണ് പൊലീസിന്‍റെ നിഗമനം.