ആലപ്പുഴ: തമിഴ്നാട് സ്വദേശിയെ ബസ് കാത്തുനിൽപ്പ് കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് അരിയാളൂർ സ്വദേശി ഗുണ (44)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുണയുടെ മരണം കൊലപാതകമെന്ന് അമ്പലപ്പുഴ പൊലീസ് അറിയിച്ചു. സംഭവത്തിൽ ഗുണയുടെ ഭാര്യാപിതാവ് തിരുച്ചിറപ്പള്ളി സ്വദേശി രാമസ്വാമി (45), രാമസ്വാമിയുടെ ഭാര്യ വളർമതി (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ചൊവ്വാഴ്ച പുലർച്ചെ ആറിനാണ് ഗുണയുടെ മൃതദേഹം ദേശീയ പാതയോരത്തെ കരൂർ ബസ് കാത്തുനിൽപ്പ് കേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയത്. സമീപത്തെ ആക്രി കടയിൽ ജോലിനോക്കിയിരുന്ന ഗുണ മദ്യപാനിയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ച് വഴക്കുണ്ടാക്കിയതിന് രണ്ടാഴ്ച മുമ്പ് ഇയാളെ ആക്രിക്കടയിൽ നിന്ന് പുറത്താക്കിയിരുന്നു.
തിങ്കളാഴ്‌ച രാത്രിയിലും ഇയാൾ മദ്യപിച്ച് ബഹളമുണ്ടാക്കുകയും ഭാര്യയെ മർദിക്കുകയും ചെയ്‌തു. ഇയാളിൽ നിന്ന് മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രാമസ്വാമി ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് ഗുണയുടെ കഴുത്തിൽ വരിഞ്ഞു മുറുക്കി. തുടർന്നുണ്ടായ മൽപ്പിടുത്തത്തിനിടെ രാത്രി ഒന്നോടെ ഗുണ മരിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചതായി അമ്പലപ്പുഴ സി.ഐ ടി. മനോജ് പറഞ്ഞു. കേസിൽ രാമസ്വാമി ഒന്നാം പ്രതിയും ഭാര്യ വളർമതി രണ്ടാം പ്രതിയുമാണ്. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്‌തു. പോസ്റ്റ്‌മോർട്ടം നടത്തിയ ഗുണയുടെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.