ന്യൂഡല്‍ഹി: വിദേശ നാണയ ചട്ടം ലംഘിച്ച കേസില്‍ മലയാളിയായ പ്രവാസി വ്യവസായി സി.സി.തമ്പിയെ എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തു. ആയിരം കോടി രൂപയുടെ ചട്ടലംഘനം നടത്തിയെന്നതാണ് എന്‍ഫോഴ്‌സ്‌മെന്‍റിന്‍റെ കണ്ടെത്തല്‍. ന്യൂഡല്‍ഹിയില്‍ വച്ചാണ് അറസ്‌റ്റുണ്ടായത്. വിദേശ നാണയ ചട്ട ലംഘനം കൂടാതെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസും തമ്പിക്കെതിരെ ചുമത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് കേരളത്തില്‍ നടന്ന ഭൂമിയിടപാടില്‍ വിദേശ നാണയ ചട്ട ലംഘനം നടന്നുവെന്ന് എന്‍ഫോഴ്‌സ്മെന്‍റ് കണ്ടെത്തിയിരുന്നു. ഇതില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് 2017ല്‍ തമ്പിക്ക് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ പ്രതികരണമുണ്ടായിരുന്നില്ല.
ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന തമ്പിക്ക് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര, ഒളിവിലുള്ള ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി എന്നിവരുമായി ബന്ധമുണ്ടെന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു. ഈ വിഷയത്തിലും എന്‍ഫോഴ്‌സ്മെന്‍റ് തമ്പിയെ ചോദ്യം ചെയ്യും. തമ്പിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് അറിയിച്ചു.